തെരുവുനായ ആക്രമണം അതിരൂക്ഷം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്
സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വിഷയം പരിഗണിക്കുക. വിഷയത്തിൽ നേരത്തെ കർശന ഇടപെടൽ നടത്തിയ കോടതി തെരുവുനായക്കളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
നായ്ക്കളെ കൊന്ന് നിയമം കൈയ്യിലെടുക്കരുതെന്ന് ജനത്തെ ബോധവൽക്കരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം

അതേസമയം തെരുവുനായ ആക്രമണം സംസ്ഥാനത്ത് വ്യാപകമായി തുടരുകയാണ്. വിവിധ സ്ഥലങ്ങളിൽ നിരവധി പേർക്ക് നേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു.
കിടപ്പുമുറിയില്‍ക്കയറിയാണ് കോളേജ് വിദ്യാര്‍ഥിനിയെ തെരുവ് നായ ആക്രമിച്ചത്. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് കടിയേറ്റത്. മുറിക്കുള്ളിൽ കയറിയ തെരുവുനായ അഭയയുടെ കയ്യിൽ കടിക്കുകയായിരുന്നു.തൃശ്ശൂരിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ യുവാവിനെ തെരുവ് നായ കടിച്ചു. വെങ്ങിണിശ്ശേരി സ്വദേശി ജിനുവിനെയാണ് തെരുവ് നായയുടെ കടിയേറ്റത്. ബോൾ എടുക്കാൻ പോയപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന തെരുവ് നായ ജിനുവിന്‍റെ കാലില്‍ കടിച്ചത്.

ഇടുക്കിയിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പാലുമായി പോയ ആളുടെ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. ചെറുതോണി അട്ടിക്കളം സ്വദേശി കുന്നേൽ റെജിക്കാണ് പരിക്കേറ്റത്. വളർത്തുനായയുടെ കടിയേറ്റ് തോപ്രാംകുടി സ്വദേശിയായ വീട്ടമ്മയും ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
കോഴിക്കോട് രണ്ടിടത്ത് തെരുവ് നായ വാഹനങ്ങള്‍ക്ക് കുറുകെ ചാടി നാല് പേര്‍ക്ക് പരിക്കേറ്റു. ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടിയാണ് തെരുവ് നായ്ക്കള്‍ രണ്ടിടത്തും അപകടമുണ്ടാക്കിയത്.

തെരുവ് നായ ആക്രമണം രൂക്ഷമായതോടെ സംസ്ഥാനത്ത് 170 പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളാണെന്ന് മൃഗസംരക്ഷണ വകുപ്പും അറിയിച്ചിട്ടുണ്ട്. ഒരു മാസം 10 തവണ മൃഗങ്ങള്‍ക്ക് നായ കടിയേറ്റ സ്ഥലങ്ങളെയാണ് ഹോട്ട് സ്‌പോട്ടായി കണക്കാക്കുന്നത്. തിരുവനന്തപുരത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ട് സ്പോട്ടുകളുള്ളത്.ജില്ലയിൽ മാത്രം 28 ഹോട്ട് സ്പോട്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ. ആനാട് ഗ്രാമപഞ്ചായത്തില്‍ മാത്രം ജനുവരി മുതല്‍ ആഗസ്റ്റ് മാസം വരെ 260 തവണയാണ് തെരുവുനായ ആക്രമണമുണ്ടായത്.

അമ്പലത്തറയില്‍ 255, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ 247 എന്നിങ്ങനെയാണ് കണക്കുകൾ.പാലക്കാടാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ട്സ്പോട്ടുകളുള്ള രണ്ടാമത്തെ ജില്ല.പാലക്കാട് ജില്ല വെറ്റിനറി സെന്ററില്‍ 641 തെരുവുനായ ആക്രമണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കൊഴിഞ്ഞമ്പാറയില്‍ 247 തെരുവുനായ ആക്രമണങ്ങളും കാഞ്ഞിരപ്പുഴയില്‍ 245 തെരുവുനായ ആക്രമണങ്ങളും കൊടുവായൂരില്‍ 230 തെരുവുനായ ആക്രമണങ്ങളും ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.

തെരുവ് നായ ആക്രമണ കേസുകളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം ജില്ലയിൽ 19 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പത്തനംതിട്ടയില്‍ 8 ഹോട്ട്‌സ്‌പോട്ടുകളും ആലപ്പുഴയില്‍ 19 ഹോട്ട്‌സ്‌പോട്ടുകളും കോട്ടയത്ത് 5 ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്.എറണാകുളത്ത് 14 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. തൃശൂര്‍ 11, പാലക്കാട് 26, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 7, കണ്ണൂര്‍ 8, കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം. ഇടുക്കിയില്‍ ഒരു ഹോട്ട്‌സ്‌പോട്ട് മാത്രമാണുള്ളത്.












Click it and Unblock the Notifications