സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്തതിന് ഭീഷണി; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
തൃശൂര്‍: സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭീഷണി നേരിട്ട വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ പരേതനായ ബാലന്റെ മകള്‍ അനഘ(18)യെയാണ് കൂട്ടാലയിലെ അമ്മവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് അമ്മയും അനിയത്തിയുമൊത്ത് വിഷു ആഘോഷിക്കാന്‍ വിരുന്നെത്തിയതായിരുന്നു. അനഘയുടെ ആത്മഹത്യാക്കുറിപ്പ് മുക്കാട്ടുകരയിലെ വീട്ടില്‍നിന്നു കണ്ടെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വടൂക്കര ശ്മശാനത്തില്‍ സംസ്‌കരിക്കും.
തൃശൂര്‍ ചെമ്പൂക്കാവിലെ സ്വകാര്യ അക്കൗണ്ടന്‍സി സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് മരിച്ച അനഘ. ഒപ്പം പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അനഘയെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. ഇതില്‍ മനം നൊന്ത് അനഘ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് പീച്ചി പോലീസ് പറഞ്ഞു.

അനഘയോടൊപ്പം പഠിക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നതിനെ അനഘ എതിര്‍ത്തിരുന്നു. ആണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ അനഘ സംസാരിച്ചിരുന്നു. ഇതാണ് അനഘയോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണം. ഇതിന്റെ പേരില്‍ അനഘയെ ഇവര്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുമെന്ന് അനഘ സൂചിപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം. ഇതിനുശേഷമാണ് അനഘയ്ക്ക് ഭീഷണി നേരിടേണ്ടി വന്നത്.
വിഷുദിനത്തിലാണ് അമ്മ ജയയും അനഘയും അനുജത്തി അര്‍ച്ചനയും കൂട്ടാലയിലെ അമ്മവീട്ടിലെത്തിയത്. പിറ്റേന്ന് രാവിലെ അമ്മയും അനുജത്തിയും തിരിച്ചു വീട്ടിലേക്ക് മടങ്ങിയെങ്കിലും അനഘ അവിടെ തങ്ങി. ഉച്ചയ്ക്ക് മുത്തശ്ശിയും മുത്തച്ഛനും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അടുത്ത മുറിയില്‍ അനഘയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മുക്കാട്ടുകരയിലെ വീട്ടില്‍നിന്നു പുറപ്പെടും മുമ്പ് അനഘ എഴുതിവച്ച കത്ത് പോലീസ് കണ്ടെടുത്തു.
മൊബൈല്‍ ഫോണിന്റെ വോയ്‌സ് റെക്കോര്‍ഡറില്‍ തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന വിവരവും രേഖപ്പെടുത്തിയിരുന്നു. കത്തില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇതിനിടെ അനഘയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications