വിദ്യാർത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറി: പികെ നവാസിനെതിരെ ഉപാധ്യക്ഷന്റെ പരാതി
കോഴിക്കോട്: എം എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ വീണ്ടും ഗുരുതര ആരോപണം. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമെന്ന പേരില്‍ വിദ്യാർത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയെന്നാണ് പരാതി. ഇത്തവണയും എം എസ് എഫിനകത്ത് നിന്ന് തന്നെയാണ് സംസ്ഥാന അധ്യക്ഷനെതിരെ പരാതി ഉയർന്ന് വന്നിരിക്കുന്നത്. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് വഴിമുക്കാണ് പി കെ നവാസിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്.
എം എസ് എഫ് പ്രഖ്യാപിച്ച സ്കോളർഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു കുട്ടികളുടെ പേര് വിവരങ്ങള്‍ സംഘടന ശേഖരിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസം സംസ്ഥാന വ്യാപകമായി പരിപാടിയുടെ ഭാഗമായി വിവര ശേഖരണം നടന്നു. ഹബീബ് എജ്യുകെയര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്താകെ ആറായിരത്തിലധികം വിദ്യാര്‍ത്ഥികളായിരുന്നു പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പരീക്ഷയുടെ അടിസ്ഥാനത്തല്‍ തിരഞ്ഞെടുക്കപ്പെട്ട ഇരുപതിലേറെ വിദ്യാർത്ഥികള്‍ക്ക് എം എസ് എഫ് സ്കോളർഷിപ്പ് നല്‍കി വരികയും ചെയ്യുന്നു. രണ്ട് കോടിയോളം രൂപയാണ് എം എസ് എഫ് പ്രഖ്യാപിച്ച സ്കോളർഷിപ്പ്.

ആറായിരത്തോളം വിദ്യാർത്ഥികള്‍ രജിസ്റ്റർ ചെയ്തതില്‍ നിന്നും മൂവായിരത്തോളം പേരായിരുന്നു എം എസ് എഫ് സംഘടിപ്പിച്ച പരിശീലനത്തില്‍ പങ്കെടുത്തത്. ഇവര്‍ക്കായി സിഎ, സിഎംഎ ഉള്‍പ്പെടെ നടത്തിയ പരീക്ഷയ്‌ക്കെതിരെ ആദ്യഘട്ടത്തില്‍ തന്നെ പരാതി ഉയരുകയും ചെയ്തിരുന്നു. പരീക്ഷാ പേപ്പറില്‍ ചോദ്യങ്ങള്‍ക്ക് പുറമെ രണ്ട് വലിയ സ്വകാര്യ വിദ്യാഭ്യാസ കമ്പനികളുടെ പരസ്യവും ഉണ്ടായിരുന്നതായിരുന്നു ആദ്യ പരാതിക്ക് കാരണം. പരീക്ഷക്ക് പിന്നാലെയുള്ള ദിവസം മുതല്‍ വിദ്യാര്‍ത്ഥികളുടെ ഫോണിലേക്ക് കമ്പനികളുടെ ഫോണ്‍ കോള്‍ ഓഫറുകളടക്കം നിരന്തരമെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്ത് പോയതായി മനസ്സിലാക്കിയത്.
തുടർന്ന് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ പികെ നവാസിനെതിരെ വൈസ് പ്രസിഡന്റ് പാർട്ടി നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചെങ്കിലും വിഷയത്തില്‍ ഇതുവരെ ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. എം എസ് എഫിന്റെ സംസ്ഥാന ട്രഷററും പി കെ നവാസും വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറിയെന്നും. ഇത് ഗുരുതര കുറ്റകൃത്യമാണെന്നും സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications