അടൂരിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ പിടിയിൽ
പത്തനംതിട്ട: അടൂരിൽ 16കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ പിടിയിൽ. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖിൽ, ഹരിനാരായണൻ എന്നിവരെയാണ് അടൂർ പോലീസ് പിടികൂടിയത്. സ്കൂൾ വിട്ട് മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ നിഖിൽ സ്കൂളിന് സമീപത്തെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
നിഖിലിന് സഹായം ചെയ്ത് നൽകിയതിനാണ് ഹരിനാരായണനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസിലെ ജീവനക്കാരനായ നിഖിൽ പെൺകുട്ടിയുമായി ബസിൽവെച്ചുള്ള പരിചയം മുതലെടുത്ത് അടുപ്പം ഉണ്ടാക്കുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ഹരിനാരായണന്റെ വീട്ടിൽ താമസിപ്പിച്ചു. കുട്ടിയുമായി പ്രണയത്തിലാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

പെൺകുട്ടി വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഹരിനാരായണന്റെ വീട്ടിൽ പെൺകുട്ടിയെ കണ്ട വിവരം നാട്ടുകാർ പോലീസിനെ അറിയിക്കുന്നത്. തുടർന്ന് പോലീസെത്തി ഇരുവരേയും കസ്റ്റഡിയിൽ എടുത്തു.
വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞു. പ്രതികൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. അടൂർ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും, ബസ് ജീവനക്കാരനായ മറ്റൊരാൾക്ക് കൂടി കേസുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications