കേരളത്തില്‍ മുഴുവന്‍ ജിഹാദികളെന്ന്... പിണറായി വിജയനെ 'തോണ്ടി'യും സ്വാമിയുടെ ഡയലോഗ്
ദില്ലി: കേരളത്തെ കുറിച്ചും മലപ്പുറത്തെ കുറിച്ചും ഏറ്റവും അധികം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് സുബ്രഹ്മണ്യം സ്വാമി. മലപ്പുറം ജില്ലയെ കുറിച്ച് നട്ടാല്‍ മുളക്കാത്ത നുണകള്‍ പറഞ്ഞ സുബ്രഹ്മണ്യം സ്വാമിയെ സോഷ്യല്‍ മീഡിയ പലതവണ പൊളിച്ചടുക്കിയിട്ടുണ്ട്.
ഇപ്പോഴിതാ മറ്റൊരു ആരോപണവുമായിട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വരവ്. കേരളം ജിഹാദികളുടെ നാടാണെന്നാണ് ഇപ്പോഴത്തെ ആക്ഷേപം.
സംഘപരിവാറിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സിപിഎമ്മിനെതിരെ വലിയ രീതിയിലുള്ള കാമ്പയിന്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി പിണറായി വിജയനേയും ഭീഷണിപ്പെടുത്തുന്നുണ്ട് സുബ്രഹ്മണ്യം സ്വാമി.

കേരള ജിഹാദികളുടെ നാടായി മാറിക്കഴിഞ്ഞു എന്നാണ് ബിജെപിയുടെ ദേശീയ നേതാവായ സുബ്രഹ്മണ്യം സ്വാമി ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം. നേരത്തേയും കേരളത്തെ കുറിച്ച് സ്വാമി സമാനമായ ആരോപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

കേരളം മുഴുവന്‍ ജിഹാദികളുണ്ടായിട്ടും അതിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും സ്വാമി ഉന്നയിക്കുന്നുണ്ട്.

കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തെ കുറിച്ചും സ്വാമി പറയുന്നുണ്ട്. ഇത്തരത്തില്‍ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന പിണറായി വിജയന് താക്കീത് നല്‍കണം എന്നും സ്വാമി പറയുന്നുണ്ട്.

ഭരണഘടന അനുസരിത്ത് ഭരിക്കാന്‍ പറ്റില്ലെങ്കില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും സ്വാമി പറയുന്നുണ്ട്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്, അതിന് മുമ്പ് ഭരമഘടനയുടെ 256-ാം അനുച്ഛേദപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് താക്കീത് നല്‍കണമത്രെ.

ദേശീയ ശക്തികളെയെല്ലാം സിപിഎം ആക്രമിക്കുകയാണ് എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആക്ഷേപം. ഇതുവഴി സിപിഎം ലക്ഷ്യമിടുന്നത് കലാപം ഉണ്ടാക്കാനാണെന്നും ആരോപണം ഉണ്ട്.

കേരളത്തില്‍ ഹിന്ദു വോട്ടുകള്‍ വിഭജിച്ചാണ് സിപിഎം അധികാരത്തിലെത്തിയതെന്നും സ്വാമി വാദിക്കുന്നുണ്ട്. ഹിന്ദു ഏകീകരണത്തെ എന്നും കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തിട്ടുണ്ടെന്നും സ്വാമി ആരോപിക്കുന്നുണ്ട്.

ആര്‍എസ്എസ്സിന്റെ വളര്‍ച്ചയെ കുറിച്ച് കമ്യൂണിസ്റ്റുകള്‍ എല്ലാക്കാലത്തും ഭയന്നിട്ടുണ്ട്. ഹിന്ദു ഏകീകരണം സംഭവിച്ചാല്‍ പരാജയപ്പെടും എന്ന ഭയമാണ് കമ്യൂണിസ്റ്റുകള്‍ക്കെന്നും സ്വാമി ആരോപിച്ചു.












Click it and Unblock the Notifications