സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്: കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ കണ്ടെത്താം; കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
ആലപ്പുഴ: സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. വിദേശത്തേക്ക് രക്ഷപ്പെട്ട സുകുമാരക്കുറുപ്പിനെ പിടികൂടാൻ കേന്ദ്ര അന്വേഷണ ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്നും ചാക്കോയുടെ കുടുംബം ആവശ്യപ്പെടുന്നു. കേരള പൊലീസിൻ്റെ കുറ്റാന്വേഷണ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കുന്ന അരുംകൊല നടന്നിട്ട് 37 വർഷം പിന്നിടുമ്പോഴും പിടികിട്ടാപ്പുള്ളി കുറുപ്പ് ഇപ്പോഴും ഒളിവിലാണ്.

സുകുമാരക്കുറുപ്പിൻ്റെ പദ്ധതി അനുസരിച്ച് ചാക്കോ കൊല്ലപ്പെടുമ്പോൾ മകൻ ജിതിൻ ചാക്കോ ജനിക്കാൻ നാലു മാസം കൂടി ഉണ്ടായിരുന്നു. ചെറുപ്പം മുതൽ വാർത്തകളിൽ ഇടംപിടിച്ചിരുന്ന സുകുമാരക്കുറുപ്പിനെയാണ് ജിതിൻ മനസ്സിലാക്കിയിരുന്നത്.വിചാരണയുടെയും അന്വേഷണത്തിൻ്റെയും പേരിൽ ഒരുപാട് കഷ്ടപ്പെടുത്തിയെന്നാണ് ജിതിനും കുടുംബവും ഒരു വാർത്താ ചാനലിനോട് സംസാരിക്കവേ പറഞ്ഞത്. എന്നാൽ, യഥാർത്ഥ പ്രതി ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നതിൻ്റെ നിരാശയും വിഷമവും ഈ കുടുംബം പങ്കുവെക്കുന്നു.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

തൻ്റെ പിതാവിനെ കൊലപ്പെടുത്തിയ ശേഷം പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായിട്ടാണ് ചാക്കോയുടെ കുടുംബം സംശയിക്കുന്നത്. അതിനുള്ള പദ്ധതി നേരത്തെ ആസൂത്രണം ചെയ്തിട്ടുണ്ടാക്കണമെന്നാണ് ഇവർ കരുതുന്നത്. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിച്ചാൽ വിദേശത്ത് നിന്ന് പിടികൂടാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.

ചാക്കോ കൊല്ലപ്പെട്ട അന്ന് രാത്രി സംഭവിച്ചത് ഇതാണ്...
1984 ജനുവരി 21 ന് ശനിയാഴ്ച രാത്രി പത്തരയോടെ ദേശീയപാതയിലെ കരുവാറ്റ ടി.ബി.ജങ്ഷനില്‍ ആലപ്പുഴയ്ക്കു പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്നു പറഞ്ഞ് സുകുമാരക്കുറുപ്പിൻ്റെ കാറിൽക്കയറ്റി. യാത്രാമധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് ഈ മൃതദേഹം സുകുമാരക്കുറുപ്പിൻ്റെ വീട്ടിലെത്തിച്ച് മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തുകയായിരുന്നു. ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം നടക്കുന്നത്. കൊല്ലകടവ് - പൈനുമ്മൂട് റോഡിനരികിലെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിനുള്ളിൽ കത്തിയെരിഞ്ഞ നിലയിൽ ചാക്കോയെ കണ്ടെത്തുന്നത്.

മാവേലിക്കരയ്ക്കു സമീപം തണ്ണിർമുക്കം വയലിനടുത്ത് ഒരു കാർ കത്തുന്നുണ്ടെന്നും അതിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ കാണുന്നുണ്ടെന്നും മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്കു ഫോൺ സന്ദേശമെത്തിയത് 1984 ജനുവരി 22നു പുലർച്ചെയാണ്. വയലിനു സമീപം താമസിക്കുന്ന രാധാകൃഷ്ണൻ ആശാരിയാണ് വിവരമറിയിച്ചത്. സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഉടൻ ചെങ്ങന്നൂർ ഡിവൈഎസ്പി പി.എം.ഹരിദാസിനെ വിവരമറിയിച്ചു. പുലർച്ചെ അഞ്ചരയോടെ ഡിവൈഎസ്പി സ്ഥലത്തെത്തി.

എസ്ഐയും സംഘവും അവിടെയുണ്ടായിരുന്നു. അപ്പോഴും കാർ കത്തുന്നുണ്ടായിരുന്നു. റോഡിന്റെ വടക്കേവശത്തെ പുല്ലിലും തറയിലും പെട്രോളിന്റെ നനവും മണവുമുണ്ടായിരുന്നു. അവിടെനിന്നു പൊലീസിന് കൊള്ളികൾ നിറച്ച തീപ്പെട്ടിയും റബർ ഗ്ലൗസും ഒരു ജോഡി ചെരിപ്പും ലഭിച്ചു. വയലിൽ ആരോ ഓടിപ്പോയതു പോലെ കാൽപ്പാടുകളുണ്ടായിരുന്നു. ഗ്ലൗസിൽനിന്ന് ഒരു മുടിനാര് ലഭിച്ചു. ഭാഗികമായി കത്തിയ നിലയിൽ മൃതദേഹത്തിന്റെ അടിവസ്ത്രവും പൊലീസ് സാമ്പിളായി ശേഖരിച്ചു.

മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പിന്നീടാണ് പൊലീസ് തിരിച്ചറിഞ്ഞ്. ആ കാർ കത്തിയെരിഞ്ഞ സ്ഥലം ഇപ്പോൾ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. അതിനിടെ, സുകുമാരകുറുപ്പ് താമസിച്ചിരുന്ന വീട് നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി. ചാക്കോയെ കത്തിച്ച സ്ഥലം ചാക്കോപ്പാടമെന്നും അറിയപ്പെടുന്നു. 37 വർഷം മുമ്പ് നടന്ന അരുംകൊലയിൽ ഇനിയും പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ പിടികൂടാൻ കേരള പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രമുഖ സിനിമാവിതരണ കമ്പനിയായ വിനോദ് ആന്‍ഡ് വിജയ മൂവീസിന്റെ പ്രതിനിധിയായിരുന്നു ചാക്കോ.അന്ന് ഹരിപ്പാട് കരുവാറ്റയിലെ ശ്രീഹരി ടാക്കീസിൻ്റെ മാനേജറായിരുന്ന നിലവിൽ അഭിഭാഷകനായ ശ്രീകുമാർ ചാക്കോയെക്കുറിച്ച് ഓർക്കുന്നത് ഇങ്ങനെ...

നാട്ടിലെ പള്ളിപ്പെരുന്നാളായതിനാല്‍ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങി. അടുത്തദിവസം വരാമെന്ന് പറഞ്ഞാണു ചാക്കോ തീയേറ്റര്‍ വിട്ടത്. അടുത്ത രണ്ടുദിവസം ചാക്കോ വന്നില്ല. തുടര്‍ന്ന് ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠിച്ചിരുന്ന താൻ സുഹൃത്തിനൊപ്പം ചാക്കോയുടെ വീട്ടിലെത്തി അന്വേഷിച്ചു. അപ്പോഴാണ് ചാക്കോ തിയേറ്ററിലും ഇല്ലെന്നു വീട്ടുകാര്‍ അറിയുന്നത്. അടുത്തദിവസം താനും അച്ഛന്‍ പുതുശ്ശേരില്‍ കിഴക്കതില്‍ കുട്ടപ്പന്‍നായരും ചേര്‍ന്ന് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയെന്ന് ശ്രീകുമാർ ഓർക്കുന്നു. ജോലിയില്‍ ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന ചാക്കോ മിതഭാഷിയായിരുന്നു. എല്ലാവർക്കും അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളത്.

ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ വീട്ടില്‍ പോയിവരാനുള്ള സൗകര്യത്തിനാണ് തന്റെ കമ്പനിയുടെ സിനിമ കരുവാറ്റയിലെ തിയേറ്ററിലെത്തിക്കുന്നത്.
കരുവാറ്റ ടി.ബി. ജങ്ഷനില്‍ 1982-ലാണ് കുട്ടപ്പന്‍ നായര്‍ ശ്രീഹരീ ടാക്കീസ് തുറക്കുന്നത്. പിന്നീട് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടതോടെ 1993 ൽ പ്രവർത്തനം അവസാനിപ്പിച്ചു. - ഒരു മലയാളം ഓൺലൈന് നൽകിയ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications