'എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതി', ന്യൂസ് ക്ലിക്കിന് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന് എതിരെയുളള പോലീസ് നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി പോലീസിന്റെ നടപടി പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനധികൃത വിദേശ ഫണ്ട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനെതിരെയുളള നീക്കം.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: 'മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ "ന്യൂസ് ക്ലിക്കി"നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.

ന്യൂസ് ക്ലിക്കിനെതിരായ ഡെൽഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
ന്യൂസ് ക്ലിക്കിന് എതിരെയുളള നീക്കത്തെ വിമർശിച്ച് സിപിഎം പിബിയും രംഗത്ത് വന്നിട്ടുണ്ട്. പിബിയുടെ പ്രസ്താവന: യുഎപിഎ കരിനിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ നിരവധി മാധ്യമപ്രവർത്തകർ, ശാസ്ത്രജ്ഞർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ, ആക്ഷേപഹാസ്യ കലാകാരന്മാർ, സ്റ്റാൻഡ്-അപ്പ് കോമഡിയൻമാർ എന്നിവരുടെ അടക്കം വീടുകളിൽ ഇന്ന് രാവിലെ ഡൽഹി പോലീസ് നടത്തിയ റെയ്ഡിനെ ശക്തമായി അപലപിക്കുന്നു.
മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമാണിത്. ബിബിസി, ന്യൂസ്‌ലോൻഡ്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കാശ്മീർ വാല, വയർ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളെ അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചിട്ടുണ്ട്. ഇതേ നടപടിയുടെ തുടർചയാണ് ഇപ്പോൾ ന്യൂസ്ക്ലിക്കുമായി ബന്ധപ്പെട്ടവർക്കെതിരെയും സ്വീകരിച്ചിരിക്കുന്നത്.
അധികാരത്തിനു മുന്നിൽ പതറാതെ സത്യം തുറന്നു പറയുന്ന മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ അരങ്ങേറുന്ന സ്വേച്ഛാധിപത്യ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ആക്രമിക്കാനും അടിച്ചമർത്താനുമുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ രാജ്യസ്നേഹികളും ഒറ്റക്കെട്ടായി അണിചേരണം.












Click it and Unblock the Notifications