• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മദനിക്ക് സമ്പൂര്‍ണ്ണ മോചനത്തില്‍ പ്രതീക്ഷയര്‍പ്പിക്കാമോ?

തിരുവനന്തപുരം: ജാമ്യ ഉപാധികളില്‍ സുപ്രീംകോടതി നല്‍കിയ ഇളവിന്റെ അടിസ്ഥാനത്തില്‍ അസുഖബാധിതയായ ഉമ്മയെ കാണാനും ചെറിയ പെരുന്നാള്‍ കൂടാനും മദനി തിങ്കളാഴ്ച അന്‍വാറുശേരിയില്‍ എത്തും. സുപ്രീം കോടതി നല്‍കിയ ഇളവ് സമ്പൂര്‍ണ്ണ മോചനത്തിനുള്ള ചവിട്ടു പടിയാണെന്ന് വിശ്വസിക്കുന്നവരാണ് മദനിയുടെ കൂടെയുള്ളവര്‍.

Read Also:മദനി തിങ്കളാഴ്ച്ച കേരളത്തിലെത്തും; എതിര്‍പ്പുമായി വീണ്ടും കര്‍ണ്ണാടക

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതരവര്‍ഷം ജയിലില്‍ കിടന്ന് പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി വെറുതെ വിട്ട മദനിക്ക് ബെംഗളൂരു സ്‌ഫോടനക്കേസിലും ഇത് ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസമാണുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍ക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിനുള്ളില്‍ മദനിയുടെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അബ്ദുള്‍ നാസര്‍ മദനിയും അടുത്ത വൃത്തങ്ങളും.

2010 ആഗസ്ത് 17നാണ് കര്‍ണ്ണാടക പോലീസ് അബ്ദുള്‍ നാസര്‍ മദനിയെ അന്‍വാറുശ്ശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അതിനു ശേഷം രണ്ട് തവണയാണ് അദ്ദേഹം കേരളത്തിലെത്തിയത്. രണ്ട് പ്രാവശ്യവും ഹ്രസ്വ ദര്‍ശനങ്ങളായിരുന്നെങ്കിലും ഇത്തവണ കൂടുതല്‍ ദിവസങ്ങള്‍ കേരളത്തില്‍ താമസിക്കാന്‍ കഴിയും.

മോശം ആരോഗ്യസ്ഥിതിയുള്ള മദനിക്ക് ഇതുവരെ ജാമ്യം അനുവദിക്കാതിരുന്നത് മനുഷത്വ രഹിതമാണെന്നു തന്നെയാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. വിചാരണ കാലാവധി നീട്ടിയതും ഇത്രയും വര്‍ഷം അസുഖ ബാധിതനായ മദനിയെ ജയിലില്‍ കിടത്തിയതും സുപ്രീംകോടതിയും ചോദ്യം ചെയ്തിരുന്നു.

1990ലാണ് ഇസ്ലാമിക് സേവക് സംഘ് (ഐഎസ്എസ്) രൂപീകരിച്ചത്. 1992 ഓഗസ്ത് ആറിന് ബാബറി മസ്ജിദി തകര്‍ക്കപ്പെട്ടതോടെയാണ് ഐഎസ്എസ് നിരോധിക്കുന്നത്. 1993 ഏപ്രില്‍ 14നാണ് പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എന്ന രാഷ്ട്രീയ കക്ഷിക്ക് രൂപം നല്‍കുകയും 1998 ല്‍ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്യുകയായിരുന്നു. എന്നാല്‍ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ഒമ്പത് വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം വിട്ടയക്കുകയായിരുന്നു.

Read Also: മദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി

പിന്നീട് 2010 ആഗസ്ത് 17ന് ബെംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണ്ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീര്‍ തീവ്രവാദത്തിലെത്തിയത് മദനിയുടെ ഐഎസ്എസ്, പിഡിപി എന്ന സംഘടനയിലൂടെയെന്നാണ് കര്‍ണാടക പോലീസ് പറയുന്നത്. പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് മദനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

മദനിക്ക് നേരിട്ട സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ ഹാജരാക്കാന്‍ കര്‍ണാടക പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടിയെങ്കിലും മദനിക്ക് ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു നിരന്തരം ജാമ്യം നിഷേധിച്ചിരുന്നത്.

പോലീസ് കാവലില്‍ കഴിഞ്ഞ മദനി കുടകിലെ ഇഞ്ചിത്തോട്ടത്തില്‍ എത്തി ഗൂഡാലോചന നടത്തിയെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി മുമ്പ് പറഞ്ഞിരുന്നത്. അതിനുശേഷം 2010 ലെ ഐപിഎല്‍ ക്രിക്കറ്റ് സമത്ത് നടന്ന സ്‌ഫോടനം നടത്തിയത് താനാണെന്ന് തടവിലുള്ള മദനി സമ്മതിച്ചെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

മദനി യഥാര്‍ത്ഥത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം അദ്ദേഹം അവതരിപ്പിച്ച ആശയം തന്നെയാണ്. അതിന് വമ്പിച്ച വിസ്‌ഫോടന ശേഷി ഉണ്ടായിരുന്നു. മദനി മുന്നോട്ട് വച്ച മുസ്ലീം ദളിത് പിന്നോക്ക ഐക്യം എല്ലാ സംഘടനയെയും വിറളി പിടിപ്പിച്ചിരുന്നു. ഇതായിരിക്കാം മദനിക്കെതിരെ എല്ലാ സംഘടനകളും പുറം തിരിഞ്ഞ് നിന്നതും അസുഖ ബാധിതനായിട്ടും മാനുഷിക പരിഗണന ലഭിക്കാതെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നതും.

ആര്‍എസ്എസിനേയോ കോണ്‍ഗ്രസിനേയോ എതിര്‍ക്കുന്നതിനേക്കാള്‍ മദനി എതിര്‍ത്തത് സൗദി രാജാവിനെയും മുസ്ലീം ലീഗിനെയുമാണ് എന്ന് മദനിയുടെ പ്രസംഗങ്ങള്‍ കേട്ടാല്‍ മനസിലാകും. മദനി ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ സ്വതന്ത്രവും നീതിപ്പൂര്‍വ്വവുമായ ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട് . അത്തരമൊരു വിചാരണയില്‍ മദനി കുറ്റക്കാരനാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ അതിലാര്‍ക്കും എതിര്‍പ്പില്ല .

മദനിയുടെ ജാമ്യാപേക്ഷ നിരസിക്കാന്‍ കോടതിക്കു മുമ്പില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു തെളിവ് മദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതി വൈകാരികത നിറഞ്ഞ ആര്‍പ്പു വിളികളുടെയും ആഘോഷങ്ങളുടെയും വീഡിയോ ആയിരുന്നു .ഇത്തരത്തില്‍ ഒരു പ്രത്യേക മത വിഭാഗം ഹിസ്റ്റീരിയാ ബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ മദനിക്കു ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത് . അതു കൊണ്ട് തന്നെ മദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്‌നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. എന്ത് തന്നെയായലും ഇതുവരെ ലഭിക്കാത്ത ജാമ്യം അതും കൂടുതല്‍ ദിവസത്തേക്ക് ലഭിച്ചതും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ വിധിയും അബ്ദുള്‍ നാസര്‍ മദനിക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും നല്ല പ്രതീക്ഷയാണ് നല്‍കുന്നത്.

English summary
Supre Court verdict is became the first step for madani to free from bangalore blast case?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X