ആരോപണം അതീവ ഗൗരവം; പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന് പോക്‌സോ കേസില്‍ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. മോന്‍സണ് എതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണ് എന്നും ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഇതോടെ മോന്‍സണ്‍ മാവുങ്കല്‍ ഹര്‍ജി പിന്‍വലിച്ചു. പോക്‌സോ കേസ് ഉള്‍പ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകള്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ ഉണ്ട്. നേരത്തെ ഹൈക്കോടതിയും മോന്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് മോന്‍സണ്‍ മാവുങ്കല്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ എത്തിയത്.

പീഡനം നടന്നു എന്ന് പരാതിപ്പെടുന്ന കാലത്ത് ഇരക്ക് പ്രായപൂര്‍ത്തിയായിരുന്നു എന്നും കെട്ടിച്ചമച്ച കേസാണ് എന്നുമാണ് മോണ്‍സണ്‍ മാവുങ്കല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണ് എന്നാണ് മോന്‍സണ്‍ പറഞ്ഞത്. കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് ജാമ്യം ഹൈക്കോടതി നിഷേധിച്ചതെന്ന് മോന്‍സണ്‍ മാവുങ്കലിന്റെ അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പതിനെട്ട് സാക്ഷികളുടെ വിചാരണ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ജയിലില്‍ തന്നെ കിടത്താന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട് എന്നും കേരള പൊലീസില്‍ അടക്കം സ്വാധീനമുള്ള ഒരു വനിതയാണ് കേസുകള്‍ക്ക് പിന്നിലെന്നും മോന്‍സണ്‍ ആരോപണം ഉന്നയിച്ചിരുന്നു. പോക്‌സോ കേസിലെ പരാതിക്കാരിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ട് എന്നും മോന്‍സണ്‍ പറഞ്ഞു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും, സഹോദരനും മോന്‍സന്റെ ജീവനക്കാര്‍ ആയിരുന്നുവെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്‍സന് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.

കൊച്ചി നോര്‍ത്ത് പൊലീസാണ് മോന്‍സണെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആയിരുന്നു കേസ്. തുടര്‍ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് മോന്‍സണ്‍ പീഡിപ്പിച്ചു എന്നാണ് പരാതി.












Click it and Unblock the Notifications