ട്രെയിന്‍ സ്റ്റോപ്പ് കോടതിയാണോ തീരുമാനിക്കേണ്ടത്? വന്ദേഭാരത് തിരൂരില്‍ നിര്‍ത്തില്ല, ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: തിരുവനന്തപുരം - കാസര്‍ഗോട് വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണോ എന്ന ചോദ്യത്തോടെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബെഞ്ച് ഹര്‍ജി തള്ളിയത്.
വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കേണ്ടത് തങ്ങളല്ലെന്നും നയപരമായ കാര്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ട്രെയിന്‍ നിര്‍ത്തേണ്ടത് എവിടെയാണെന്ന് കോടതിയാണോ തീരുമാനിക്കേണ്ടതെന്നും കോടതി ചോദിച്ചു.

നാളെ ഡല്‍ഹി മുംബൈ രാജധാനിയുടെ സ്റ്റോപ്പും ഞങ്ങള്‍ നോക്കണോ എന്നും കോടതി ചോദിച്ചു. നേരത്തെ ഹൈക്കോടതിയും ഇതേ കാര്യം ചൂണ്ടിക്കാണിച്ച് ഹര്‍ജി തള്ളിയിരുന്നു. ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്നും വ്യക്തമാക്കിയിരുന്നു.
സ്റ്റോപ്പുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. വന്ദേ ഭാരത് ട്രയല്‍ റണ്‍ സമയത്ത് സ്റ്റോപ്പുകള്‍ക്കായി തിരൂര്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകള്‍ റെയില്‍വേ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ട്രെയിനിന് തിരൂരില്‍ സ്ഥിരം ഹാള്‍ട്ട് റെയില്‍വേ അനുവദിച്ചിട്ടില്ല. മലപ്പുറം സ്വദേശിയാണ് ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.












Click it and Unblock the Notifications