'സുരേഷ് ഗോപി 2 വോട്ട് ചെയ്യാത്തത് മാന്യത, ഒരാളിന്റെ പേരിൽ രണ്ടിടത്ത് വോട്ട് കുറ്റമാണോ?'; എസ് സുരേഷ്
തൃശൂർ: വോട്ട് ക്രമക്കേട് ആരോപണത്തിൽ സുരേഷ് ഗോപിയെ ന്യായീകരിച്ചും കോൺഗ്രസിനെയും സിപിഎമ്മിനേയും വിമർശിച്ചും ബിജെപി നേതാവ് എസ് സുരേഷ്. തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് വോട്ട് ഉണ്ടാവുന്നത് കുറ്റമാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സുരേഷ് ഗോപിയുടെ മാന്യത കൊണ്ടാണ് അദ്ദേഹം രണ്ടിടത്തും വോട്ട് ചെയ്യാത്തതെന്നും ഇറ്റലിക്കാരുടെയോ ബംഗ്ലാദേശുകാരുടെയോ പേരല്ല ചേർത്തതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ ജനതയെ ഇളിഭ്യരാക്കുന്ന നയമാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയും കമ്മ്യൂണിസ്‌റ്റ് പാർട്ടിയും സ്വീകരിക്കുന്നത്. കൊറേ കാലമായി ജയിച്ച നാൾ മുതൽ സുരേഷ് ഗോപിയെ വേട്ടയാടുക എന്ന് പറയുന്നത് ഇവിടുത്തെ ഇടതിന്റേയും വലതിന്റെയും ചില മാധ്യമങ്ങളുടെയും ഒരു സ്ഥിരം പണിയായി വന്നിരിക്കുകയാണ്. സുരേഷ് ഗോപിയെ വേട്ടയാടി വേട്ടയാടി നിങ്ങൾ അദ്ദേഹത്തെ എംപിയും കേന്ദ്രമന്ത്രിയുമാക്കി.

ഇപ്പൊ അദ്ദേഹത്തിന്റെ ഓഫീസിന് നേരെ ആക്രമണം നടത്തുന്നു. അതിൽ പ്രതിഷേധിക്കുന്ന പാർട്ടിയുടെ ജില്ലാ, സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസിനെ കൊണ്ട് തലയടിച്ചു പൊട്ടിക്കുന്നു. ഇതൊക്കെ ചെയ്‌തിട്ട് നിങ്ങൾ എന്ത് നേടാനാണ് എന്ന് എനിക്ക് മനസിലാവുന്നില്ല. അതാണ് ഇവിടുത്തെ ഇടത് പക്ഷത്തോടും കോൺഗ്രസിനോടും ഒരുവിഭാഗം മധ്യാമങ്ങളോടും എനിക്ക് ചോദിക്കാനുള്ളത്.
വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നവർ ഇറ്റലിക്കാരോ ബംഗ്ലാദേശികളോ ഒന്നുമല്ല. ഇന്ത്യൻ പൗരന്മാരെയാണ് ചേർത്തിരിക്കുന്നത്. അങ്ങനെ ഇന്ത്യൻ പൗരന്മാരുടെ പേരുകൾ അങ്ങനെ പട്ടികയിൽ ചേർത്താൽ, അത് ഡിലീഷൻ നടത്താനും ഒഴിവാക്കാനും പരാതി കൊടുക്കാനും ഒക്കെ വകുപ്പുകളുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ ആ പ്രോസസ് നടന്നു കൊണ്ടിരിക്കുകയാണ്.
കേന്ദ്ര ഇലക്ഷൻ കമ്മീഷന്റേത് കുറച്ചുകൂടി സുതാര്യമായ നടപടിയാണ്.അവിടെ ബിഎൽഎയും ബിഎൽഒയും ഒക്കെയുണ്ട്. അവർ വീടുകളിൽ വന്നിട്ടാണ് കാര്യങ്ങൾ വെരിഫൈ ചെയ്യുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തുവിടുന്നത്.പിണറായിയുടെ സിപിഎമ്മും സതീശന്റെ കോൺഗ്രസും ഒക്കെ ഞങ്ങൾ അവിടെ പത്ത് അൻപതിനായിരം വോട്ടർമാരെ ചേർക്കുമ്പോൾ എവിടെ ആയിരുന്നു? എന്ത് പണി എടുക്കുകയായിരുന്നു അവർ.
ഞങ്ങളുടെ എംപി അവിടെ ജയിച്ചിട്ട് ഒന്നര വർഷമായി. എന്നിട്ട് ഇപ്പോഴും വേട്ടയാടാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ഇതൊക്കെ ഛത്തീസ്ഗഢിൽ നാണം കെട്ടു, കേരളത്തിൽ കോതമംഗലം ഉൾപ്പെടെയുള്ള ഇടത്ത് ലൗ ജിഹാദ് നടക്കുന്നു. അത് ഉയർന്നു വരരുത് എന്നാണ് അവരുടെ ആഗ്രഹം. ഇവിടുത്തെ മുസ്ലീം തീവ്രവാദി സമൂഹത്തോടൊപ്പം അവരുടെ പാദസേവകരായിട്ടുള്ള കമ്മ്യൂണിസ്‌റ്റ് പാർട്ടി അതിന് കൂട്ടുനിൽക്കുകയാണ്.
കേരളത്തിന്റെ മനസിൽ നിന്ന് കാതലായ പ്രശ്‌നങ്ങളിൽ നിന്ന്, ഭീകരവാദികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് അവരുടെ മനസ് മാറ്റുന്നതിനുള്ള നറേറ്റിവ് ആണ്. തൃശൂർ ജനത സുരേഷ് ഗോപിയോടൊപ്പമാണ്. ഇറ്റലിക്കാരെയോ ബംഗ്ലാദേശികളെയോ ഒന്നുമല്ല അവിടെ വോട്ട് ചേർത്തിരിക്കുന്നത്, ഇന്ത്യൻ പൗരന്മാരെയാണ്.
അങ്ങനെ പരാതികൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും ഒക്കെയുണ്ട്, ആ വഴിക്കാണ് പോവേണ്ടത്, അല്ലാതെ പത്രസമ്മേളനങ്ങൾ നടത്തി വെറുതെ ആരോപണം ഉന്നയിക്കുക എന്നതല്ല. തോറ്റ് തുന്നം പാടിയവർ അല്ലേ ഈ നിലവിളിക്കുന്നത്. അവർ അങ്ങനെയല്ലാതെ പിന്നെ എന്താണ് ചെയ്യുക. അതല്ലേ പിണറായി വിജയന്റെയും വിഡി സതീശന്റെയും പാർട്ടിക്കാർ ചെയ്യുന്നത്.
രണ്ട് വോട്ടർ പട്ടികയിൽ പേരുണ്ടെന്നത് ഇന്ത്യയിൽ ശിക്ഷാർഹമായ കുറ്റമാണോ? എത്ര വോട്ടർ പട്ടികയിൽ പേര് കിടന്നാലും അതൊരു കുറ്റമല്ല. രണ്ട് വോട്ട് ഉണ്ടായിട്ടും ഒരിടത്ത് മാത്രം ചെയ്‌തത് അദ്ദേഹത്തിന്റെ മാന്യതയും മര്യാദയുമാണ്. വോട്ടർ പട്ടികയിൽ പേര് കിടക്കുന്നു എന്നത് എന്റെ ഉത്തരവാദിത്തമല്ല. എവിടെ വോട്ട് ചെയ്യുന്നു എന്നത് മാത്രമാണ്; എസ് സുരേഷ് പറയുന്നു.












Click it and Unblock the Notifications