സിനിമാ സ്റ്റൈലില്‍ സുരേഷ് ഗോപി... രണ്ടര മണിക്കൂര്‍ ചോദ്യമുറിയില്‍; അറസ്റ്റില്ല, പ്രതിഷേധിച്ച് ബിജെപി
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍. ജില്ലയില്‍ ചോദ്യം ചെയ്യലിന് അത്യാധുനിക സൗകര്യങ്ങളുള്ള ഏക പോലീസ് സ്‌റ്റേഷനാണ് നടക്കാവിലേത്. കേസുമായി ബന്ധപ്പെട്ട എല്ലാ വശവും പോലീസ് ചോദിച്ചറിഞ്ഞ ശേഷം സുരേഷ് ഗോപിയെ പോകാന്‍ അനുവദിച്ചു. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണം എന്ന നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353 എ വകുപ്പ് പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. അതേസമയം, 353 പ്രകാരമാണ് കേസെടുത്തിരുന്നത് എങ്കില്‍ ജാമ്യം ലഭിക്കില്ലായിരുന്നുവെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. വേണ്ടി വന്നാല്‍ പോലീസിന് ഇനിയും സുരേഷ് ഗോപിയെ വിളിപ്പിക്കാം. എന്നാല്‍ ഇനി വിളിപ്പിക്കാന്‍ സാധ്യത കുറവാണ് എന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികളില്‍ ഇളവ് തേടിയോ, അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടോ സുരേഷ് ഗോപിക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ പോലീസ് പോകാന്‍ അനുവദിച്ചു. യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കരുതെന്നും എല്ലാവരും സമാധാനപമായി പിരിഞ്ഞു പോകണം എന്നും സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ എത്തുമെന്നാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. എന്നാല്‍ 12 മണിയോടെയാണ് അദ്ദേഹം എത്തിയത്. അപ്പോഴേക്കും ബിജെപി പ്രവര്‍ത്തകരും നേതാക്കളും പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നു. പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ എത്തിയിരുന്നു. ഇവരോട് സുരേഷ് ഗോപി നന്ദി അറിയിച്ചു.

കൂളിങ് ഗ്ലാസ് വച്ചാണ് സുരേഷ് ഗോപി എത്തിയത്. അദ്ദേഹത്തോടൊപ്പം ബിജെപി നേതാക്കള്‍ സ്റ്റേഷനില്‍ കടന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ കവാടത്തില്‍ മുദ്രാവാക്യം വിളിച്ചും പാര്‍ട്ടിക്ക് ജയ് വിളിച്ചും തുടര്‍ന്നു. ഇവരെ നീക്കാന്‍ പോലീസ് ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു വേള ഉന്തുംതള്ളുമുണ്ടാകുകയും ചെയ്തു. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലാണ് പ്രവര്‍ത്തകര്‍ സംസാരിച്ചത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ മോശമായി സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം അവസാനത്തിലാണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട്ടെ ഹോട്ടലില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി പിടിച്ചതാണ് വിവാദമായത്. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയിട്ടും സുരേഷ് ഗോപി ഇത് തുടര്‍ന്നുവെന്നാണ് ആരോപണം.

മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കമ്മീഷണര്‍ പരാതി നടക്കാവ് പോലീസിന് കൈമാറി. ഈ മാസം 18ന് മുമ്പ് ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്ന് പോലീസ് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. 15ന് എത്താമെന്ന് അദ്ദേഹം അറിയിച്ചു. ഈ സംഭവം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാരോപണവുമുണ്ട്. നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യവുമായി എത്തിയതോടെ സംഘര്‍ഷ സാധ്യതയ്ക്ക് കാരണമായി.












Click it and Unblock the Notifications