ജീവിക്കാന്‍ അനുവദിക്കൂ... അല്ലെങ്കിന്‍ എന്നെ കൊല്ലൂ; വിവാദങ്ങളില്‍ വൈകാരികമായി പ്രതികരിച്ച് സ്വപ്‌ന സുരേഷ്
കൊച്ചി: ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച് ആര്‍ ഡി എസ്)യിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. വിവാദത്തെ സംബന്ധിച്ച് ഒന്നുമറിയില്ലെന്നും എച്ച് ആര്‍ ഡി എസുമായി തനിക്ക് നേരത്തെ ഒരു ബന്ധവുമില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. വെള്ളിയാഴ്ചയാണ് താന്‍ ജോലിയില്‍ പ്രവേശിച്ചത്. താന്‍ ഇപ്പോള്‍ ആ സ്ഥാപനത്തിലെ ജോലിക്കാരി ആണെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായം കൂടിയാണ് ഈ ജോലിയെന്നും വിവാദങ്ങളിലൂടെ ഉപദ്രവിക്കരുതെന്നും സ്വപ്‌ന അഭ്യര്‍ത്ഥിച്ചു.
'ജോലിക്ക് വേണ്ടി ഒരുപാട് പേരെ സമീപിച്ചു. എനിക്ക് ജോലി തരുന്നതിന് പേടിയാണെന്നാണ് പലരും പറഞ്ഞത്. അതിനാല്‍ യോഗ്യതയ്ക്കപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായമാണ് ഈ ജോലി. അനില്‍ എന്ന സുഹൃത്ത് വഴിയാണ് ഈ ജോലിക്ക് അവസരം ലഭിച്ചത്. ഫോണിലൂടെ രണ്ട് തവണ അഭിമുഖങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. സ്ഥാപനത്തിന് രാഷ്ട്രീയബന്ധമുണ്ടോ എന്നൊന്നും അറിയില്ല. രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും ചേര്‍ന്ന് രാഷ്ട്രീയം വലിച്ചിടുന്നത്?', സ്വപ്ന ചോദിച്ചു.

ജോലി നേടി വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയൂവെന്നും നിങ്ങള്‍ക്ക് തന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുതെന്നും സ്വപ്‌ന പറഞ്ഞു. ഞാനെന്റെ മക്കളെ ഒന്ന് വളര്‍ത്തിക്കോട്ടെ, ജീവിക്കാന്‍ അനുവദിക്കണം', സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. സ്ഥാപനത്തിലെ സ്ത്രീ ശാക്തികരണ വിഭാഗം ഡയറക്ടര്‍ ആയാണ് സ്വപ്‌നയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്. ഞാനൊരു സ്ത്രീ ആണ്, ദുഃഖിക്കുന്ന ഒരമ്മയാണ്. താലി പൊട്ടിയ ഭാര്യയാണ്. ജോലി സ്ഥലത്തും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുപോലൊരു സ്ത്രീക്ക് സമൂഹത്തിലെ സ്ത്രീകളുടെ പല പ്രശ്നങ്ങളും മനസ്സിലാക്കാന്‍ സാധിക്കുമെന്നും അവരെ സഹായിക്കാന്‍ പറ്റുമെന്നും സ്വപ്‌ന പറഞ്ഞു.

എതിരേ വരുന്ന എന്തിനേയും നേരിടാം എന്ന് മാത്രമാണ് ഇനി വിചാരിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലുള്‍പ്പെട്ട പലരും പല സ്ഥാപനങ്ങളില്‍ ജോലിയില്‍ തുടരുകയാണ്. എന്തുകൊണ്ട് എനിക്ക് മാത്രം അത് പറ്റില്ല. ഈ നാട്ടിലെ നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്നാ സുരേഷിന് എച്ച് ആര്‍ ഡി എസില്‍ ജോലി നല്‍കിയത് വിവാദമായിരുന്നു. ബി ജെ പി നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്നാണ് വിവാദമുയര്‍ന്നത്. എന്നാല്‍ സ്വപ്നാ സുരേഷിന്റെ നിയമനത്തിന് സാധുതയില്ലെന്ന് എച്ച് ആര്‍ ഡി എസ് ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

സെക്രട്ടറി അജി കൃഷ്ണന്‍ സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച് ആര്‍ ഡി എസില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പിയ്ക്കും പരാതി അയച്ചിരുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സ്വപ്‌ന സുരേഷ് രംഗത്തെത്തിയത്.

ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യ. ഇതിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായാണ് സ്വപ്നാ സുരേഷ് ജോലിയില്‍ പ്രവേശിച്ചത്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലായിരുന്നു നിയമനം. സ്വപ്നയുടെ സാമൂഹിക സേവന രംഗത്തെ താത്പര്യവും കഴിവും പരിഗണിച്ചാണ് സ്ഥാപനത്തില്‍ ജോലി നല്‍കിയതെന്ന് എച്ച് ആര്‍ ഡി എസ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയി മാത്യുവും പ്രോജക്ട് മാനേജര്‍ ബിജു കൃഷ്ണനും പറഞ്ഞിരുന്നു.












Click it and Unblock the Notifications