ഓണ്‍ലൈന്‍ വ്യാപാരം; കേരളത്തിന് 4,500 കോടി നഷ്ടം
കൊല്ലം: ഓണ്‍ലൈന്‍ വ്യാപാരം കേരള സര്‍ക്കാരിന് വര്‍ഷം 4,500 കോടിയുടെ നികുതി നഷ്ടമുണ്ടാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്‍. കേരളത്തിലെ ഓണ്‍ലൈന്‍ വ്യാപാരം 30,000 കോടിരൂപയിലെത്തുകയാണ്. ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് കേരളത്തില്‍ നികുതി ബാധകമാക്കിയിട്ടില്ലാത്തതിനാല്‍ വന്‍ നികുതി നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഓണ്‍ലൈന്‍ വ്യാപാരത്തിന് അടിയന്തിരമായി മൂക്കുകയറിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടം വരുത്തി വയ്ക്കുന്നതിനോടൊപ്പം ജനങ്ങളെ നിരന്തരം വഞ്ചിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി.

ഓരോ വര്‍ഷവും ഓണ്‍ലൈന്‍ വ്യാപാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സാധാരണ കടകളില്‍ കച്ചവടം നടത്തുന്നവര്‍ 14.5% നികുതി നികുതിയാണ് സര്‍ക്കാരിന് നല്‍കുന്നത്. അതേസമയം, ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് നികുതി ബാധകമല്ല. ഇത്തരത്തില്‍ ഒരേസമയം കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുകയും നികുതി നല്‍കാതിരിക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കച്ചവടസ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ പണിയെടുക്കുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ തൊഴിലവസരം സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കുത്തകകള്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ അസോസിയോഷന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതിനിധികള്‍ മത്സരിക്കുമെന്നും നസിറുദ്ദീന്‍ മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications