അരിക്കൊമ്പനെ കളക്കാട് കടുവ സങ്കേതത്തില്‍ എത്തിച്ചു, മെഡിക്കൽ സംഘം പരിശോധിച്ചു
കമ്പം : തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച അരിക്കൊമ്പനെ തിരുനെല്‍വേലി ജില്ലയിലെ അംബസമൃദത്തിലെ കളക്കാട് കടുവ സങ്കേതത്തില്‍ എത്തിച്ചു. മെഡിക്കല്‍ സംഘത്തിന്റെ പ്രത്യേക പരിശോധനയ്ക്ക് ശേഷമാണ് ആനയെ ഇവിടെ എത്തിച്ചത്. ജനവാസ മേഖലയില്‍ എത്തി പരിഭ്രാന്തി പരത്തിയതിന് പിന്നാലെയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് കടുവ സങ്കേതത്തിലേക്ക് മാറ്റിയത്. പൊതുജനങ്ങള്‍ക്ക് ശല്യമാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതേസമയം , അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് മന്ത്രി മതിവേന്തന്‍ അറിയിച്ചിരുന്നു.
നേരത്തെ, എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടില്‍ തുറന്നുവിടരുതെന്നായിരുന്നു റിപ്പോര്‍ട്ട്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു ഹര്‍ജിയിലുള്ളത്. തിങ്കാളാഴ്ച പുലര്‍ച്ചെ കമ്പത്ത് നിന്നാണ് അരിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. ഇതിന് ശേഷം ആനിമല്‍ ആംബുലന്‍സിലെ 18 മണിക്കൂറോളമുള്ള യാത്രയ്ക്ക് ശേഷമാണ് ആനയെ മണിമുത്താര്‍ വനമേഖലയിലേക്ക് എത്തിച്ചത്.
മേയ് 27ന് ആയിരുന്നു അരിക്കൊമ്പന്‍ കമ്പത്തെ ജനാവസമേഖലയില്‍ ഇറങ്ങിയത്. പിറ്റേന്ന് മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി കാത്തിനിന്നെങ്കിലും അരിക്കൊമ്പന്‍ കാട്ടിലേക്ക് മറഞ്ഞതോടെ രക്ഷാദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് അരിക്കൊമ്പന് മയക്കുവെടിയേല്‍ക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ കേരള വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടുന്നത്. തുടര്‍ന്ന് ജി പി എസ് കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയത്. ഇവിടെ നിന്നാണ് അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പം മേഖലയിലേക്ക് ഇറങ്ങി പരിഭ്രാന്തി പരത്തിയത്.
കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. അരിക്കൊമ്പന്‍ തകര്‍ത്ത ഓട്ടോയിലുണ്ടായിരുന്ന പാല്‍രാജ് എന്നയാളാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇതോടെയാണ് ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് കടത്താനുള്ള നടപടിക്രമങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നത് .












Click it and Unblock the Notifications