അമല പോളിന് മുന്‍കൂര്‍ ജാമ്യം; വിളിച്ചാല്‍ ഹാജരാകണം, മൊഴി കളവെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. നടി നല്‍കിയ മൊഴികളില്‍ കളവുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചെങ്കിലും കോടതി ഗൗനിച്ചില്ല. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാന്‍ അമല പോളിനോട് കോടതി നിര്‍ദേശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അമല പോളിനെ ചോദ്യം ചെയ്തിരുന്നു. ഈ വേളയില്‍ നടി നല്‍കിയ പല മൊഴികളും കളവാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പുതുച്ചേരിയില്‍ അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസത്തിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നടി നല്‍കിയ വാടകച്ചീട്ട് വ്യാജമായി സംഘടിപ്പിച്ചതാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ പുതുച്ചേരിയിലെ വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് വാഹനം വാങ്ങിയതെന്നാണ് അമലയുടെ വാദം.
സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി പുതുച്ചേരിയില്‍ പോകുമ്പോള്‍ ഈ വാടകവീട്ടിലാണ് താമസിക്കാറെന്നും അതുകൊണ്ടാണ് അവിടെയുള്ള വാടകച്ചീട്ട് നല്‍കിയതെന്നും അമല വിശദീകരിച്ചിരുന്നു. നികുതി വെട്ടിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഇതെല്ലാം ചെയ്തതെന്നും നടി ബോധിപ്പിച്ചു.
ആവശ്യമെങ്കില്‍ അമല പോളിനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം നല്‍കാതിരിക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, അമല പോള്‍ രജിസ്‌ട്രേഷനില്‍ പറഞ്ഞിരിക്കുന്ന താമസ സ്ഥലത്ത് പലരും താമസിക്കുന്നുണ്ട്. ഇതേ വിലാസത്തില്‍ മറ്റു മൂന്ന് പേര്‍ കാര്‍ വാങ്ങിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications