നബിദിനത്തില്‍ സംഘര്‍ഷം... കാരണങ്ങള്‍ എന്തെല്ലാം
നാദാപുരം: നബിദിനം എന്നാല്‍ വളരെ സന്തോഷത്തോടെ ഭക്തിയോടെ ആഘോഷിക്കേണ്ട ഒന്നല്ലേ... ഒരു വിഭാഗം നബിദിനാഘോഷങ്ങളെ ആശയപരമായി എതിര്‍ക്കുന്നുണ്ടെങ്കില്‍ കൂടി അതിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകേണ്ടതുണ്ടോ...
എന്നാല്‍ നബിദിനത്തിലെ സംഘര്‍ഷ വാര്‍ത്തയാണ് നാദാപുരത്ത് നിന്ന് വരുന്നത്. രണ്ട് പള്ളികളിലാണ് നാദാപുരം മേഖലയില്‍ സംഘര്‍ഷം ഉണ്ടായത്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒരിടത്ത് ഭക്ഷണം പാചകം ചെയ്ത സ്ഥ്‌ലവുമായി ബന്ധപ്പെട്ടാണ് അടിപിടി ഉണ്ടായത്. മറ്റൊരിടത്ത് സുന്നികളിലെ തന്നെ എപി, ഇകെ വിഭാഗങ്ങള്‍ തമ്മിലും. പരിക്കേറ്റവരില്‍ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചിയ്യൂര്‍ പള്ളിയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ സംഘര്‍ഷം. നബിദിനത്തോടനുബന്ധിച്ചുള്ള ഭക്ഷണ വിതരണമായിരുന്നു പ്രശ്‌നം. ഭക്ഷണം പാചകം ചെയ്തത് ശ്മശാനത്തില്‍ വച്ചാണ് എന്ന് പറഞ്ഞായിരുന്നു പ്രശ്‌നം. ഇക്കാര്യം ചോദ്യം ചെയ്തവരെ ചിലര്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു എന്നാണ് പറയുന്നത്. തയ്യുള്ളതില്‍ അന്‍സാര്‍, ഹാരിസ്, വലിയ പറമ്പത്ത് ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് ഇവിടെ പരിക്കേറ്റത്. ഇതില്‍ അന്‍സാറിന്റേയും ഷംസുദ്ദീന്റേയും പരിക്ക് ഗുരുതരമാണ്.
വളയം കുറ്റിക്കാട് ജുമാ മസ്ജിദില്‍ ആയിരുന്നു രണ്ടാമത്തെ സംഘര്‍ഷം. പള്ളി കമ്മിറ്റിയും ജനകീയ മഹല്ല് കമ്മിറ്റിയും തമ്മിലുള്ള പ്രശ്‌നമാണ് ഇവിടെ സംഘര്‍ഷത്തിന് വഴിവച്ചത്. അടിസ്ഥാനപരമായി ഇകെ-ഇപി സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ് ഇവിടെയുള്ളത്. ഒരു വിഭാഗം നടത്തിയ ഘോഷയാത്രയിലേക്ക് എതിര്‍ വിഭാഗം എത്തിയതോടെ അടിപിടിയായി. രണ്ടരപ്പള്ളി ത്വല്‍ഹത്തിനാണ് ഇവിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റത്.












Click it and Unblock the Notifications