'തരൂരിനെ വിലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് വെച്ചവർ, ആരെന്നറിയാം'; കെ മുരളീധരൻ
തിരുവന്തപുരം: ശശി തരൂരിനെ പിന്തുണച്ചും വിലക്കിയ നടപടിയെ വിമർശിച്ചും കെ മുരളീധരൻ എംപി. വിലക്കേർപ്പെടുത്തിയ നടപടിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് മുരളീധരൻ ആരോപിച്ചു. സംഭവത്തിൽ ഷാഫി പറമ്പിൽ നിരപരാധിയാണ്. തടയിട്ടതിന് പിന്നിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹം ഉള്ളിൽ കൊണ്ട് നടക്കുന്നവരാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്നലെ ഉണ്ടായത് സംഭവിക്കരുത്. എന്താണ് സംഭവിച്ചതെന്ന് അറിയാനാണ് അന്വേഷണം നടത്തുന്നത്. സംഭവിച്ചതെന്തെന്ന് എനിക്ക് അറിയാം.അതിനാൽ അന്വേഷണം വേണമെന്ന അഭിപ്രായമില്ല.എഐസിസിക്ക് പരാതി നൽകാം. പക്ഷെ അന്വേഷണത്തിൽ കാര്യമില്ല.എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ടതില്ലല്ലോ. ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാം. പാർട്ടി അധ്യക്ഷൻ പറഞ്ഞത് ആർക്കും വിലക്കില്ലെന്നാണ്. പാർട്ടിയെ ശക്തിപ്പെടുത്താനാണ് എല്ലാ ശ്രമങ്ങളും ഉണ്ടാകേണ്ടത്.

ക്ഷണിച്ച പരിപാടിയിൽ നിന്നും പിൻമാറേണ്ടി വന്നത് ചില സമ്മർദ്ദങ്ങളുടെ ഫലമായിട്ട് തന്നെയാണ്.കാരണം പൊതുവായി ചർച്ച ചെയ്യാൻ താൻ താത്പര്യപ്പെടുന്നില്ല. ആരേയും തടയാൻ പാടില്ല. കോൺഗ്രസിന്റെ ലക്ഷ്യം എന്താണ്? ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ഉണ്ടാക്കണം, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ച് വരണം.അതിന് വേണ്ടി നമ്മൾ എല്ലാ സോഴ്സും പ്രയോഗിക്കണം. അതിന് വേണ്ടിയുള്ള സോഴ്സ് കൂടിയാണല്ലോ ശശി തരൂർ. അദ്ദേഹത്തിനെ വിലക്കേണ്ട സാഹചര്യം ഇല്ല.

വിലക്കും വിവാദങ്ങളും കൊണ്ട് ഒരു മെച്ചം കിട്ടി. സാധാരണ നിലയ്ക്ക് ഒരു ജില്ലാ വാർത്തയായി ഒതുങ്ങേണ്ട തരൂരിന്റെ പ്രസംഗം വലിയ വാർത്തയായി. ഇത്തരം വാർത്തകൾ കോൺഗ്രസിന് വളരെ നല്ലതാണ്. കോൺഗ്രസിന്റെ ആശയങ്ങൾ അദ്ദേഹം വ്യക്തമായി പറഞ്ഞു. കോൺഗ്രസിനെ എതിർക്കുന്ന മാധ്യമങ്ങൾ ഉൾപ്പെടെ മത്സരിച്ച് കാണിച്ചു. നെഗറ്റീവ് പബ്ലിസിറ്റി ഗുണം ചെയ്തുവെന്നാണ് താൻ കരുതുന്നത്. വിലക്കിയതിന് പിന്നിൽ നിരപരാധികളെ വലിച്ചിഴക്കേണ്ട.ഷാഫി പറമ്പിൽ നിരപരാധിയാണെന്ന് തനിക്ക് അറിയാം.

മര്യാദയില്ലാത്ത ആലോചനകൾ എല്ലാം ഗൂഢാലോചനയാണ്. കെപിസിസി നിർദ്ദേശം എന്നത് പാർട്ടി പരിപാടികൾ ഡിസിസിയെ അറിയിക്കണമെന്നാണ്. അത് ഇവിടെ അറിയിച്ചിട്ടുണ്ട്. തരൂർ നേരിട്ട് പറഞ്ഞില്ലെങ്കിലും പാർട്ടി പാർലമെന്ററി സെക്രട്ടറി കൂടിയായ എംകെ രാധവൻ അറിയിച്ചതാണ്.അതുകൊണ്ട് തന്നെ അതൊരു ഔദ്യോഗിക അറിയിപ്പാണ്. കഴിഞ്ഞ ദിവസം സംഭവിച്ചത് സംഭവിക്കാൻ പാടില്ലാത്ത കാര്യം തന്നെയാണ്.

തരൂരിന് തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്.മാധ്യമങ്ങൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ അവതരിപ്പിച്ചപ്പോൾ അത് ആഗ്രഹിക്കുന്നവരെ പ്രയാസപ്പെടുത്തിക്കാണും. ഞാനത് ആഗ്രഹിക്കാത്ത ആളായത് കൊണ്ട് എനിക്ക് പ്രശ്നമില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ തരൂർ സജീവമാകുന്നതിനോട് എതിർപ്പുള്ള ആളുകളാണ് തടയിട്ടതിന് പിന്നിൽ. ആര് വന്നാലും എന്താണ്? പിണറായി സർക്കാരിനെ പുറത്താക്കുകയെന്നതല്ലേ? അഖിലേന്ത്യ തലത്തിൽ ബി ജെ പിയും സംസ്ഥാന തലത്തിൽ സി പി എമ്മുമാണ് കോൺഗ്രസിന്റെ ലക്ഷ്യം. കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് അല്ല. എല്ലാ ആയുധങ്ങളും പ്രയോഗിക്കേണ്ടതുണ്ട്. ശശി തരൂർ എന്നത് ഏറ്റവും നല്ലൊരു ആയുധമാണ്. അദ്ദേഹത്തിനെ അപ്പോൾ വിനിയോഗിക്കേണ്ടേ? അതിൽ ആരും തടസിൽ നിൽക്കേണ്ട. ഭൂരിപക്ഷം കിട്ടിയിട്ടാകുമ്പോ മുഖ്യമന്ത്രിയെ കുറിച്ചൊക്കെ അപ്പോൾ സംസാരിക്കാം',മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications