'മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ട്..'; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പോലീസില്‍ വിശ്വാസക്കുറവില്ല. പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങിനെ അല്ലെന്ന് നിങ്ങള്‍ക്ക് തെളിയിക്കാം, ശബ്‌ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഡാലോചന നടത്താന്‍ പറ്റിയവരുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഡിജിപിയുടെ വീട്ടിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമപ്രവര്‍ത്തകര്‍ക്കും, കുറുപ്പംപടിയില്‍ നവകരേള ബസിനു നേരെ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമ പ്രവര്‍ത്തകക്കെതിരെയുമാണ് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.

പ്രതിപക്ഷ നേതാവിനെതിരേയും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനമുന്നയിച്ചു. അടി അടി എന്നു പറഞ്ഞാല്‍ എന്തു ചെയ്യും? അങ്ങനെ മറ്റൊരു നേതാവുണ്ടോ?. ഞാന്‍ സംയമനം പാലിക്കാനാണ് ആദ്യദിവസം മുതല്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ വനിതാ മോർച്ച പ്രവർത്തർ അതിക്രമിച്ചു കയറി പ്രതിഷേധിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകരെയും പ്രതിയാക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ക്യാമറയും മൊബൈലുമായെത്തിയ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതിഷേധക്കാരായ അഞ്ച് പേരെ കേസിൽ റിമാൻഡ് ചെയ്‌തിരുന്നു. ഇതിന് പുറമെയാണ് മ്യൂസിയം എസ്ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരെ കുരുക്കാൻ മറ്റൊരു കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. മ്യൂസിയം പോലീസ് കേസെടുക്കാൻ വിമുഖത കാണിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തതെന്നാണ് സൂചന. അതിക്രമിച്ചു കടന്നതിനാണ് കേസെടുത്തിരിക്കുന്നത്.
വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി അര്‍ജുനെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഡിജിപിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ചത്. അഞ്ച് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരായിരുന്നു പ്രതിഷേധവുമായി സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലേക്ക് എത്തിയത്. കേസെടുത്ത മാധ്യമപ്രവര്‍ത്തകരുടെ പേരോ സ്ഥാപനങ്ങളുടെ പേരോ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. മൊബൈലുമായി ഡിജിപിയുടെ വസതിയിലെത്തി ദൃശ്യങ്ങൾ പകര്‍ത്തിയവര്‍ക്കെതിരെയാണ് കേസ്.
അതേസമയം, ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് നവകേരള സദസ് സമാപനം കൂടി കണക്കിലെടുക്കുമ്പോൾ ഇതിനുള്ള സാധ്യത പോലീസ് മുന്നിൽ കാണുന്നുണ്ട്. പ്രതിഷേധങ്ങള്‍ ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications