കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നത്, ബഹുദൂരം മുന്നിലാണെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് നമ്മള്‍ നടത്തുന്നത്. മഹാരാഷ്ട്രയില്‍ അത് 5ഉം, ഡല്‍ഹിയില്‍ 7ഉം, തമിഴ്‌നാടില്‍ 11ഉം കര്‍ണാടകയില്‍ 17ഉം, ഗുജറാത്തില്‍ 11ഉം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ടെസ്റ്റുകളുടെ കാര്യത്തില്‍ പുറകിലാണെന്നു പറയുന്നവര്‍ നോക്കുന്നത് ടെസ്റ്റുകളുടെ കേവലമായ എണ്ണമാണ്. അതു ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റിവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകള്‍ ആണ് നടത്തുന്നത് എന്നതാണ് പ്രധാനം. ഐസിഎംആറിലെ പ്രധാന ശാസ്ത്രജ്ഞനായ രാമന്‍ ഗംഗാത്‌ഖേദ്ഖര്‍ കേരളം കൈക്കൊണ്ട രീതിയെക്കുറിച്ച് എടുത്തുപറയുകയും എന്തുകൊണ്ട് അത് അംഗീകരിക്കപ്പെടേണ്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

pinarayi

നമ്മള്‍ ഒറ്റ ടെസ്റ്റിങ് സെന്ററിലാണ് തുടങ്ങിയത്. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 59ഉം സ്വകാര്യമേഖലയില്‍ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്. ആദ്യം പിസിആര്‍ ടെസ്റ്റ് മാത്രമാണുണ്ടായിരുന്നത് ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ്, ജീന്‍ എക്‌സ്പര്‍ട്ട്, ഇമ്യൂണോ അസേ ടെസ്റ്റുകളുണ്ട്. ടെസ്റ്റുകളുടെ എണ്ണവും കേന്ദ്രങ്ങളും ഇനിയും വര്‍ധിപ്പിക്കും. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടു ചര്‍ച്ച നടത്തി കോവിഡ് ചികിത്സാ ഫീസും മറ്റും നിശ്ചയിച്ചു. നിരവധി സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്വശ്രയ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കണ്ണൂരും വയനാട്ടിലും കോവിഡ് ചികിത്സക്ക് മാത്രമായി വിട്ടു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളാണ് നിലവില്‍ കേസുകളുടെ എണ്ണം കൂടാന്‍ കാരണമായത് എന്ന തരത്തിലുള്ള പ്രചരണം ചിലര്‍ നടത്തുന്നുണ്ട്. എണ്ണം മനഃപ്പൂര്‍വം കുറച്ചു കാണിക്കുന്നു എന്നായിരുന്നു ആദ്യത്തെ പരാതി. ഇപ്പോള്‍ എണ്ണം കൂടുന്നു എന്നായി. ഇങ്ങനെ പരാതി പറഞ്ഞു നടക്കുന്നവര്‍ യാഥാര്‍ഥ്യമെന്താണെന്നു മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ല. എത്ര തവണ ആവര്‍ത്തിച്ചാലും കേള്‍ക്കാത്ത മട്ടില്‍ വീണ്ടും പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കും. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോ- മുഖ്യമന്ത്രി പറഞ്ഞു.

നിരവധി പ്രത്യേകതകള്‍ കാരണം, കോവിഡ് 19 മഹാമാരി ഏറ്റവുമധികം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള ഒരു പ്രദേശമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികമാണ് നമ്മുടെ ജനസാന്ദ്രത. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വയോജനങ്ങളുള്ള പ്രദേശമാണ് ഇത്. അത്തരത്തില്‍ കോവിഡ് മഹാമാരിയ്ക്ക് വലിയ നാശം വിതയ്ക്കാന്‍ കഴിയുന്ന നിരവധി അനുകൂല ഘടകങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
The Chief Minister said that Kerala is conducting 44 Covid tests for one positive case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X