'ഹിന്ദു എന്നതിന്റെ വിപരീതം മുസ്ലീം എന്ന് പഠിപ്പിക്കുന്നു, ഗാന്ധി ഓർമ്മകൾ തുടച്ച് നീക്കാൻ ശ്രമം': മുഖ്യമന്ത്രി
ഇക്കാലത്ത് ഗാന്ധിയേയും അംബേദ്കറേയും വീണ്ടെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെമ്പഴന്തി: രാജ്യത്തിന്റെ ഭരണഘടന ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ കേരള നവോത്ഥാന സമിതി - ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മഹാത്മാ ഗാന്ധിയുടേയും അംബേദ്കറുടേയും ഓര്‍മ്മകള്‍ തുടച്ച് നീക്കാനുളള ശ്രമം ഇന്ന് നടക്കുകയാണ്. ഗാന്ധി വധം എന്നാണ് നമ്മള്‍ പഠിച്ചതും കേട്ടതും. പാഠപുസ്തകളില്‍ ഗാന്ധിയുടെ മരണം എന്ന് മാറ്റല്‍ രാജ്യത്ത് ആരംഭിച്ചിരിക്കുന്നു. അംബേദ്കര്‍ ഭരണഘടനാ ശില്‍പി അല്ലെന്ന് ചിലര്‍ വാദിക്കുന്നു. ഹിന്ദു എന്ന പദത്തിന്റെ വിപരീതം മുസ്ലീം എന്ന് രാജ്യത്ത് ചിലയിടങ്ങളില്‍ പഠിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന ആക്രമണങ്ങളും വെല്ലുവിളികളും നേരിടുന്ന കാലമാണിത്. അത് തകര്‍ന്നാല്‍ വ്യക്തിയുടെ അന്തസ് മുതല്‍ രാഷ്ട്രത്തിന്റെ പരമാധികാരം വരെ തകരും. ഭരണഘടനയെ സംരക്ഷിക്കണം എന്നത് കാലത്തിന്റെ അനിവാര്യതയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് വ്യക്തമാക്കിയിട്ടുളളതാണ് ആര്‍എസ്എസ് എന്ന വര്‍ഗീയവാദ സംഘടന. മതനിരപേക്ഷ ജനാധിപത്യ സമൂഹമായ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുതകുന്ന വിധത്തില്‍ ഭരണഘടനയെ ഭേദഗതി ചെയ്യണമെന്ന് ആര്‍എസ്എസുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടുളളതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ തങ്ങളുടെ കയ്യിലുളള കേന്ദ്രാധികാരത്തിന്റെ മറവില്‍ ഭരണഘടനയേയും അതിന്റെ മൂല്യങ്ങളേയും സംഘപരിവാര്‍ വെല്ലുവിളിക്കുന്നു. ഇന്ത്യയില്‍ അധികാരം കയ്യാളുന്നത് ദേശീയ പ്രസ്ഥാനത്തിന്റെയോ സ്വാതന്ത്ര്യ സമരങ്ങളുടേയോ ഭാഗമാകാന്‍ വിസമ്മതിച്ച രാഷ്ട്രീയ ശക്തിയുടെ പിന്തുടര്‍ച്ചക്കാരാണ്. രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടേയും അടിവേര് അറുക്കുന്ന പ്രവര്‍ത്തികളാണ് അവര്‍ നടത്തി വരുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോര്‍പ്പറേറ്റുകളുടെ സ്വത്ത് കുമിഞ്ഞ് കൂടാന്‍ സഹായിക്കുന്നു. പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരാക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ ഭരണഘടനയിലെ മതേതരത്വം എന്ന സങ്കല്‍പ്പത്തെ അട്ടിമറിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് മേല്‍ തുടര്‍ച്ചയായ കൈ കടത്തലുകള്‍ നടത്തി ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നു. ഒരേ കുറ്റത്തിന് മതത്തിന്റെ അടിസ്ഥാനത്തില്‍ വേവ്വേറെ ശിക്ഷ നടപ്പാക്കി തുല്യനീതി എന്ന സങ്കല്‍പ്പത്തെ അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications