കേരളത്തിലെ നിയമവാഴ്ച യുക്രൈന്‍- റഷ്യ യുദ്ധം പോലെ; ആരോപണവുമായി കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ട്രേറ്റില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നിയമവാഴ്ച യുക്രൈന്‍ യുദ്ധം പോലെയാണെന്നും ഗുണ്ടാ വാഴ്ച കാരണം സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഗുണ്ടാ ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് ഒഴിയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ ആദ്യം ഇവിടുത്തെ നിയമവാഴ്ച നന്നാവണം. പദ്ധതികളില്‍ സര്‍ക്കാരിന് ആകെ എടുത്തു പറയാനുള്ളത് കെ റെയില്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ കെ റെയിലിന് കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ റെയിലിലൂടെ അഴിമതിയാണ് പിണറായി ലക്ഷ്യമിടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവില്‍ ഉള്ള ട്രെയിനുകളുടെ വേഗത കൂട്ടേണ്ട പ്രശ്നമേ കേരളത്തില്‍ ഇപ്പോള്‍ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുടനീളം ഇന്ന് യു ഡി എഫിന്റെ പ്രതിഷേധം നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റിന് മുന്നിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ഓരോ ദിവസവും കൊലപാതകവും ഗുണ്ടാ വിളയാട്ടവുമാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് കേരളത്തിലേക്ക് പുതിയ സംരഭകരും നിക്ഷേപകരും എത്തുക എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കേരളത്തില്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ അക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും മൂലം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും അദ്ദേഗം പറഞ്ഞു.
പട്ടാപ്പകല്‍ എം വിന്‍സന്റ് എം എല്‍ എയുടെ കാര്‍ ഗുണ്ട അടിച്ച് തകര്‍ത്തതും ഞെട്ടിക്കുന്നതാണ്. ഒരു എം എല്‍ എയ്ക്ക് പോലും ഇവിടെ സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ ഇവിടെ ജീവിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് നന്മണ്ടയില്‍ സിനിമാ നിര്‍മാതാവിന് നേരെ വെടിവയ്പ്പും ഗുണ്ടാ ആക്രമണം നടന്നതും കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിന് വെട്ടേറ്റതും ക്രമസമാധാന പാലനത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications