'സൈനികൻ വ്യാജനായിരിക്കാം, പക്ഷേ ഞാൻ പറഞ്ഞ വസ്തുത ഇല്ലാതാകുന്നില്ല'; ന്യായീകരിച്ച് അനിൽ ആന്റണി
തിരുവനന്തപുരം: കടയ്ക്കലിലെ സംഭവിത്തിൽ തനിക്ക് എതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അനിൽ ആന്റണി. സൈനികൻ വ്യാജനാണെന്നു തെളിഞ്ഞെങ്കിലും താൻ ഉന്നയിച്ച വിമർശനത്തിനു പ്രസക്തിയുണ്ടെന്ന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ലെന്ന് അനിൽ ആന്റണി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അനിൽ ആന്റണിയുടെ ന്യായീകരണം ഇങ്ങനെ
'തീവ്രവാദത്തോട് അനുഭാവം പുലർത്തുന്ന ഒരു വലിയ സംഘം - രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, വസ്തുത പരിശോധിക്കുന്നവർ എന്നിവരെല്ലാം രണ്ട് ദിവസം മുമ്പ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായതായി കണ്ടു. സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞു. എന്നാൽ അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ല.

കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഐഎസുമായി ബന്ധമുള്ള പിഎഫ്ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ ദേശീയ അന്വേഷണ ഏജൻസി തകർത്തു. ഈ തീവ്രവാദ ഗ്രൂപ്പുകൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പോലീസ് ഉദ്യോഗസ്ഥനെ തന്നെ അടുത്തിടെ സസ്പെന്റ് ചെയ്തിരുന്നു.
കോൺഗ്രസും സിപിഎമ്മും മുസ്‍ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' സഖ്യവും അവരുമായി ബന്ധമുള്ള മാധ്യമങ്ങളും ഫാക്ട് ചെക്ക് സുഹൃത്തുക്കളുമെല്ലാം ഒരു വലിയ സാമൂഹിക വിരുദ്ധ ദേശീയ നെറ്റ്‌വർക്കിനെയും അവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഈ സംഭവം ഉപയോഗിച്ച് വെള്ളപൂശാൻ ശ്രമുക്കുകയാണ്.അവയെല്ലാം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടകരമാണ്', അനിൽ ആന്റണി പോസ്റ്റിൽ പറഞ്ഞു.
രാജസ്ഥാനിൽ ജയ്സൽമേർ 751 ഫീൽഡ് വർക്‌ഷോപ്പിൽ സൈനികനായ കടയ്ക്കൽ ചാണപ്പാറ ബിഎസ് നിവാസിൽ ഷൈനാണ് (35) ഒരു വിഭാഗം തന്നെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്ന് എഴുതിയെന്ന് പരാതിപ്പെട്ടത്. എന്നാൽ അന്വേഷണത്തതിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം പരാതിക്ക് തൊട്ട് പിന്നാലെ തന്നെ വിഷയത്തിൽ കേരള സർക്കാരിനെതിരെ അനിൽ ആന്റണി രൂക്ഷവിമർശനം ഉയർത്തിയിരുന്നു. തീവ്ര ഇസ്‌ലാമിക ആശയങ്ങൾ പിന്തുടരുന്ന ആളുകൾക്ക് യഥേഷ്ടം വിഹരിക്കാൻ സാഹചര്യമൊരുക്കുന്ന നാടായി കേരളമെന്നും കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിൽ രാജ്യത്തെത്തന്നെ പ്രതിസന്ധിയിലാക്കുന്ന ക്രമസമാധാന പ്രശ്നമായി ഇത് മാറിയെന്നുമാണ് അനിൽ ആന്റണി പറഞ്ഞത്.












Click it and Unblock the Notifications