കെ സുധാകരനെതിരെ തെളിവുകൾ ഉണ്ട്; മോൻസനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഡിവൈഎസ്പി
തിരുവനന്തപുരം; പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകൾ ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ പ്രതി ചേർത്തതെന്ന് ഡി വൈ എസ് പി റസ്തം. പോക്സോ കേസിൽ മോൻസൻ മാവുങ്കലിനെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയതായി മോൻസൻ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'അയാളെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് തന്നെ സുധാകരൻ സാറിന് പങ്കില്ലെന്ന് അയാൾ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞതാണ്. അതിന് ശേഷം അയാളോട് ഇത് സംബന്ധിച്ച് ചോദ്യം ചോദിക്കേണ്ട പ്രസക്തി എന്താണെന്ന് മനസിലാകുന്നില്ല. അയാളെ ഭീഷണിപ്പെടുത്തേണ്ട ആവശ്യം പോലും ഇല്ല. അയാളെ നിരവധി തവണ ഞങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

എന്റെ മണത്തറയിലുള്ള വീട്ടിലേക്ക് ഇന്ന് കോൺഗ്രസുകാർ മാർച്ച് നടത്തി. എന്റെ വയസായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നെ വിളിച്ച് ചോദിച്ചിരുന്നുവെങ്കിൽ ഇതിന്റെ സത്യാവസ്ഥ ഞാൻ വ്യക്തമാക്കി കൊടുക്കുമായിരുന്നു. പോലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് താത്പര്യപ്പെടുന്നില്ല', ഡി വൈ എസ് പി പറഞ്ഞു.
സുധാകരനെതിരെ തെളിവുകൾ ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മോൻസൻ മാവുങ്കൽ ജയിലിൽ നിന്നും കെ സുധാകരനെവിളിച്ചിട്ടില്ലെന്നും റസ്തം പറഞ്ഞു. 'ജയിലില്‍ നിന്ന് ആകെ രണ്ടുപേരെ മാത്രമേ ബന്ധപ്പെടാന്‍ പറ്റൂ.അത് മുൻപേ തന്നെ എഴുതി കൊടുക്കണം. സ്‌പെഷ്യല്‍ സെക്യൂരിറ്റി ജയില്‍ ആയതുകൊണ്ട് ആധാര്‍ കാര്‍ഡ് കൊടുക്കണം. ഇവിടുത്തെ രേഖകള്‍ പരിശോധിക്കുമ്പോൾ മോന്‍സണ്‍ ആകെ ബന്ധപ്പെട്ടത് അദ്ദേഹത്തിന്റെ മകനെയും വക്കീലിനേയും മാത്രമാണ്.
ഇവിടെ വന്ന കാലം തൊട്ട് അവരെയാണ് വിളിച്ചിട്ടുള്ളത്. വേറെ ഒരാളെയും വിളിക്കാന്‍ പറ്റില്ല. വിളിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് നോക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. കോണ്‍ഫറന്‍സ് കോളില്‍ പോലും വിളിക്കാൻ പറ്റില്ല. ജയിലിലെ രേഖകള്‍ പ്രകാരം അങ്ങനെ വിളിക്കാന്‍ സാധ്യവുമല്ല, അങ്ങനെ വിളിച്ചിട്ടുമില്ല,' ഡി വൈ എസ് പി പറഞ്ഞു.
പോക്‌സോ കേസില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മോൻസൻ കോടതിയെ അറിയിച്ചത്.പീഡനം നടക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്ന് മൊഴി നൽകിയില്ലെങ്കിൽ ഭാര്യയും മക്കളും അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നായിരുന്നു ഭീഷണിയെന്നും തന്റെ കൈയ്യിൽ നിന്ന് സുധാകരൻ 25 ലക്ഷം വാങ്ങിയെന്ന് പറയാനും ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയെന്നും മോൻസൻ കോടതിയിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications