സ്വര്‍ണം വിട്ടേക്ക്... മാറ്റേണ്ടത് ഇതാണ്; ഇങ്ങനെ പറയാന്‍ കാരണമുണ്ട്, സ്വര്‍ണവില ഇനി കുറയില്ല
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുകയാണ്. 44000 കടന്ന് പവന്‍ വില കുതിക്കുമ്പോള്‍ അതിശയം മാത്രമാണ് ബാക്കി. ഈ നിരക്കിയിലും സ്വര്‍ണവില നില്‍ക്കില്ല എന്നാണ് പുതിയ വിവരം. സ്വര്‍ണത്തിന് വില കുറയണമെങ്കില്‍ സമൂലമായ മാറ്റം അനിവാര്യമാണ്.
സമീപ ഭാവിയില്‍ ഇത് സാധ്യമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണം വില കുറയുമോ എന്നാണ് പലര്‍ക്കും ഇപ്പോള്‍ അറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ സാധ്യതയില്ല. എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്നാണ് ചോദ്യമെങ്കില്‍ മറുപടി ഇങ്ങനെ...

സ്വര്‍ണത്തിന് വില കൂടിയത് ഇങ്ങനെ
ഏറെ കാലം സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള വ്യത്യാസമുണ്ടായിരുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് 2008ലാണ്. അന്ന് ലോകം വലിയ സാമ്പത്തിക മാന്ദ്യ ഭീതി നേരിട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായി. ഓഹരി വിപണികള്‍ കൂപ്പു കുത്തി. നിക്ഷേപകര്‍ ആശങ്കയിലായി. പലര്‍ക്കും കോടികള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമായി കണ്ട് ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടി. ഇതോടെ സ്വര്‍ണവില കുതിക്കാന്‍ തുടങ്ങി.

പണം നഷ്ടമാകാതിരിക്കാന്‍
2008ല്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 700 ഡോളര്‍ ആയിരുന്നു വില. ഇത് 2011 ആയപ്പോഴേക്കും 1900 ആയി. 2008ലെ സാമ്പത്തിക മാന്ദ്യം, 2011ലെ അറബ് വിപ്ലവം എന്നിവയെല്ലാം വിപണിയില്‍ അസ്ഥിരത നിലനിര്‍ത്തി. പണം നഷ്ടമാകാതിരിക്കണമെങ്കില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കണം എന്ന തോന്നലുണ്ടാക്കി. ഇതോടെവ്യക്തികളും കേന്ദ്ര ബാങ്കുകളും കൂട്ടത്തോടെ സ്വര്‍ണം വാങ്ങി. വില കുതിച്ചുകയറി.

12 വര്‍ഷത്തിനിടെ 20000 രൂപ കൂടി
1973ല്‍ സ്വര്‍ണം പവന് 220 രൂപയായിരുന്നു. 50 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് 44240 രൂപയിലെത്തിയിരിക്കുന്നു. സ്വര്‍ണത്തെ കറന്‍സിയായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ നയം ഈ മാറ്റത്തിന് തുടക്കമിട്ടു എന്ന് പറയാം. 2011ല്‍ കേരളത്തില്‍ സ്വര്‍ണം പവന്‍ വില 24240 രൂപയായിരുന്നു. 12 വര്‍ഷത്തോട് അടുക്കുമ്പോള്‍ 20000 രൂപ കൂടി വര്‍ധിച്ചിരിക്കുന്നു. വലിയ വില കൊടുത്ത് സ്വര്‍ണാഭരണം വാങ്ങുന്നത് സാധാരണക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കും. എന്നാല്‍ നിക്ഷേപമായി കണ്ട് വാങ്ങുന്നത് ബുദ്ധിപരമായ നീക്കവുമാണ്.

ഇനി വിലക്കുറവ് പ്രതീക്ഷിക്കേണ്ട
അതായത്, തുടര്‍ച്ചയായ വില വര്‍ധനവ് സ്വര്‍ണത്തിലുണ്ടാകുന്നു. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള വിലക്കുറവ് ഇനി സംഭവിക്കാനിടയില്ല എന്ന് ചുരുക്കം. ഓരോ കാലത്തും സ്വര്‍ണത്തിന് വില കൂടാന്‍ പല കാരണങ്ങളാണുണ്ടായിട്ടുള്ളത്. ഇപ്പോള്‍ സംഭവിക്കുന്ന വിലക്കയറ്റത്തിന് കാരണമായി പറയുന്നത് റഷ്യ-യുക്രൈന്‍ യുദ്ധമാണ്. യുദ്ധം അവസാനിച്ച് മേഖല ശാന്തമാകാന്‍ നിലവില്‍ സാധ്യത കുറവാണ്.

ഇതാണ് ഭീതിപ്പെടുത്തുന്ന സാഹചര്യം
റഷ്യ-യുക്രൈന്‍ യുദ്ധം ലോക രാജ്യങ്ങളെ രണ്ടു ചേരിയിലാക്കി. അമേരിക്കയും യൂറോപ്പും യുക്രൈനൊപ്പം നിന്നു. ചൈന റഷ്യയ്‌ക്കൊപ്പവും. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമടക്കം രണ്ടു ചേരിയിലും നിന്നില്ല. റഷ്യയെ കുറ്റപ്പെടുത്തിയതുമില്ല. ഉടന്‍ യുദ്ധം അവസാനിക്കില്ലെന്ന് ഉറപ്പായതോടെ യൂറോപ്പിലും അമേരിക്കയിലും പണപ്പെരുപ്പം ഉയര്‍ന്നു. വന്‍കിട കമ്പനികള്‍ പ്രതിസന്ധിയിലുമായി. എല്ലാവരും ചെലവ് വെട്ടിച്ചുരുക്കാന്‍ തുടങ്ങി. നിരവധി പേര്‍ക്ക് ജോലി പോയി. ആശങ്ക പരന്നു.

ബാങ്കുകള്‍ തകരുന്നത് നിസാരമല്ല
അതിനിടെയാണ് അമേരിക്കയിലെ ബാങ്കുകള്‍ ഓരോന്നായി തകരാന്‍ തുടങ്ങിയത്. 2008ന് ശേഷം ആദ്യമായിരുന്നു ഇത്. ലോകത്തെ വന്‍കിട നിക്ഷേപകര്‍ പണം സൂക്ഷിച്ച ബാങ്കുകള്‍ തകര്‍ന്നതോടെ ആശങ്ക ഇരട്ടിയായി. സുരക്ഷിത നിക്ഷേപമായി എല്ലാവരും കൂട്ടത്തോടെ സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. അങ്ങനെയാണ് നിലവിലെ സാഹചര്യമുണ്ടായത്. ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമുണ്ടായാല്‍ മാത്രമേ ഇനി സ്വര്‍ണത്തിന് വില വന്‍ തോതില്‍ കുറയൂ.

നമ്മുടെ മനോഭാവം മാറണം
ഡോളറുമായി താരതമ്യം ചെയ്യുമ്പോഴുള്ള രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, ഇന്ത്യയില്‍ നികുതിയിലുണ്ടായ വര്‍ധന എന്നിവയും സ്വര്‍ണവില വര്‍ധനയ്ക്ക് കാരണമാണ്. ആഗോളതലത്തിലുണ്ടായ സാഹചര്യം വേറെ. ആശങ്ക ഇരട്ടിയാകുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് കാരണമാണ്. ഈ സാഹചര്യമെല്ലാം വേഗത്തില്‍ മാറിമറിയില്ല എന്നതിനാല്‍ ഉടന്‍ സ്വര്‍ണവില കുറയില്ല എന്ന് മാത്രമല്ല, വില കൂടാനാണ് സാധ്യത. അതുകൊണ്ടാണ് അലങ്കാര വസ്തുവായി സ്വര്‍ണത്തെ കാണുന്നതിന് പകരം ആസ്തിയായി മാത്രം കാണണം എന്ന് ചിലര്‍ പറയുന്നത്. നമ്മുടെ മനോഭാവമാണ് മാറേണ്ടത് എന്ന് ചുരുക്കം.












Click it and Unblock the Notifications