തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്ക്; വിമാനങ്ങൾ വൈകുന്നു,വലഞ്ഞ് യാത്രക്കാർ
തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് സർവ്വീസുകൾ പലതും വൈകി. നിലവിൽ 8 സർവീസുകളാണ് വൈകിയതെന്നാണ് വിവരം. പുറപ്പെടാൻ 40 മിനിറ്റ് വരെ താമസം നേരിടുന്നുണ്ട്. അതേസമയം സാഹചര്യം നേരിടാൻ അധിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും സർവ്വീസുകൾ ഒന്നും ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
എയർഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി 10 മണിയോടൊണ് സമരം തുടങ്ങിയത്. ബി എം എസ്, സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി തുടങ്ങിയ സംഘടനകളെല്ലാം സമരത്തിന്റെ ഭാഗമാണ്.

ശമ്പള പരിഷ്കരണം നടപ്പാക്കുക, ബോണസ് നൽകുകഎന്നിവയാണ് പ്രധാനമായും സമരക്കാരുടെ ആവശ്യം. വിഷയത്തിൽ നേരത്തേ തന്നെ പല തവണ കേന്ദ്ര ലേബർ കമ്മീഷ്ണറുടെ നേതൃത്വത്തിൽ ചർച്ച നടന്നെങ്കിൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സംയുക്ത യൂണിയൻ നേതാക്കൾ അറിയിച്ചു. സമരം ഉടൻ അവസാനിക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. നിലവിൽ 400 ഓളം കരാർ ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം സമരം വിമാനത്താവളത്തിന്റെ പ്രവർത്തനെ ബാധിച്ചിട്ടുണ്ട്. രാവിലെ ബെംഗളൂരു-തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനിറ്റിന് ശേഷം മാത്രമാണ് പുറത്തിറങ്ങാൻ സാധിച്ചത്. ലഗേജ് ക്ലിയറൻസിന് മണിക്കൂറുകളോളം വേണ്ടിവരുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. സമരം വിദേശ സർവീസുകളേയും ബാധിച്ചിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ വിന്യസിച്ച് പ്രവർത്തനം വേഗത്തിലാക്കുമെന്നാണ് അധികൃതർ പറയുന്നത്.












Click it and Unblock the Notifications