Get Updates
Get notified of breaking news, exclusive insights, and must-see stories!

'പറഞ്ഞത് വളച്ചൊടിച്ചു, പറയാത്തത് വാർത്തയാക്കി', വിശദീകരണവുമായി ശശി തരൂർ

ഡല്‍ഹി: കോണ്‍ഗ്രസിന് പുറത്ത് മറ്റ് രാഷ്ട്രീയ സാധ്യതകള്‍ തേടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി തിരുവനന്തപുരം എംപി ശശി തരൂര്‍. കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ തനിക്ക് മറ്റ് സാധ്യതകളുണ്ട് എന്ന് തരൂര്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്ത തള്ളിയാണ് തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്. സമൂഹമാധ്യമമായ എക്‌സില്‍ ആണ് തരൂരിന്റെ പ്രതികരണം.

താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നും ഇത് അടിസ്ഥാനരഹിതവും ഉത്തരവാദിത്തരഹിതവുമായ റിപ്പോര്‍ട്ടിംഗ് ആണെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. സാഹിത്യലോകത്ത് തന്റെ സമയം ഉപയോഗപ്പെടുത്താനുളള നിരവധി അവസരങ്ങളുണ്ട് എന്ന് താന്‍ പറഞ്ഞ ഒരു നിരുപദ്രവകരമായ പ്രസ്താവനയെ രാഷ്ട്രീയത്തില്‍ തനിക്ക് മറ്റ് അവസരങ്ങളുണ്ട് എന്ന് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് ഇംഗ്ലീഷില്‍ തെറ്റായ തലക്കെട്ട് നല്‍കിയതായി തരൂര്‍ ആരോപിച്ചു.

shashi tharoor

പതിവ് പോലെ മറ്റ് മാധ്യമങ്ങള്‍ ഈ തലക്കെട്ട് ഏറ്റെടുത്തു, രാഷ്ട്രീയ കേന്ദ്രങ്ങള്‍ അതില്‍ പ്രതികരണങ്ങള്‍ നടത്തി. താന്‍ ഈ കുഴപ്പങ്ങള്‍ക്കൊക്കെ നടുവിലായി എന്നും തരൂര്‍ കുറിച്ചു. ഇത് കൂടാതെ ഇന്ത്യന്‍ എക്‌സ്പ്രസ് താന്‍ പറയാത്ത ഒരു കാര്യം വ്യാജവാര്‍ത്തയായി നല്‍കിയെന്നും തരൂര്‍ ആരോപിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതാവില്ലെന്ന് തരൂര്‍ പറഞ്ഞെന്നായിരുന്നു വാര്‍ത്ത.

തന്റെ വീഡിയോയില്‍ എവിടെയാണ് ഇത്തരമൊരു കാര്യം പറയുന്നത് എന്ന് പരിശോധിക്കാന്‍ ആ മാധ്യമസ്ഥാപനത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ പോഡ്കാസ്റ്റില്‍ എവിടെയും അത്തരമൊന്ന് കണ്ടെത്താന്‍ സാധിച്ചില്ല. അതേതുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഒരു തിരുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും അതുകൊണ്ടുണ്ടാകേണ്ട നാശനഷ്ടങ്ങളൊക്കെ സംഭവിച്ച് കഴിഞ്ഞിരുന്നു എന്നും തരൂര്‍ പറയുന്നു.

''ഇതെല്ലാം എന്റെ കണ്ണ് തുറപ്പിക്കാനുതകുന്നവയായിരുന്നു. ഒരു ചെറിയ കാര്യത്തിൽ മാത്രമായിരുന്നു പ്രശ്നം: ഈ കഥ മുഴുവനും തന്നെ അടിസ്ഥാനരഹിതമായിരുന്നു! ഞാൻ പറഞ്ഞ വാക്കുകൾ എന്തുകൊണ്ടും ഈ അർത്ഥം സൂചിപ്പിക്കുന്നതായിരുന്നില്ല! ഞാൻ ഇന്ത്യൻ എക്സ്പ്രസ് വർഷങ്ങളായി വായിക്കുന്ന ആളാണ്. ആത് വളരെ ബൃഹത്തായ ഒരു ചരിത്രം പേറുന്ന പത്രമാണ്. ഇപ്പോൾ പോലും, അതിന്റെ ഓപ്പേഡ് പേജുകൾ ഇന്ത്യയിലെ ഏറ്റവും ഗുണമേന്മയുള്ളവയാണ്.

എന്നിരുന്നാലും, ഈ അനുഭവം ഇന്ത്യൻ മാധ്യമങ്ങളുടെ നിലവാരത്തെ കുറിച്ചുളള എൻ്റെ ആകുലതകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഞാൻ ഈ വാക്കുകൾ കോപത്തോടെ അല്ല, ദുഃഖത്തോടെ ആണ് എഴുതുന്നത്. അവരെല്ലാവരും തനി സ്വഭാവം കാണിക്കുന്നതിനാൽ അവരെ കുറ്റപ്പെടുത്താനാകില്ല. സത്യത്തിനോ വസ്തുതകൾക്കോ യാതൊരു പ്രാധാന്യവും നൽകാതെ, ക്ലിക്ക്ബൈറ്റ് തലക്കെട്ടുകൾക്കായുള്ള അത്യാഗ്രഹം, തികച്ചും നിരുപദ്രവകരമായ കാര്യങ്ങളെ വലിയ വിവാദങ്ങളാക്കാനുള്ള ഉന്മാദം.. ഇത് നമ്മുടെ മാധ്യമ സംസ്കാരം എവിടേക്ക് എത്തിയിരിക്കുന്നു എന്ന് കാണിച്ചു തരുന്നു.

നമ്മുടെ ജനാധിപത്യം ഒരു സ്വതന്ത്ര മാധ്യമമില്ലാതെ മുന്നോട്ടു പോവാനാകില്ല. ഒരു ജനാധിപത്യവാദി എന്ന നിലക്ക് മാധ്യമങ്ങളുടെ മേൽ നിയന്ത്രണം വേണം എന്ന് ഞാനൊരിക്കലും പറയുകയില്ല. നമുക്ക് വേണ്ടത് സത്യസന്ധമായ പ്രവർത്തിക്കുന്ന മികച്ച മാധ്യമപ്രവർത്തനമാണ്. എന്നാൽ, ഇന്ത്യൻ മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നൊരു പ്രതീക്ഷ പോലും വെറുതെയാണോ?'', തരൂർ കുറിച്ചു.

ഇത്തരം റിപ്പോര്‍ട്ടിംഗില്‍ നിന്ന് എന്ത് സംരക്ഷണമാണ് പൊതുപ്രവര്‍ത്തകര്‍ക്ക് ഉളളതെന്നും ശശി തരൂര്‍ ചോദിച്ചു. നാളെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് ശശി തരൂര്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. തരൂരിന്റെ പോഡ്കാസ്റ്റുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. തരൂര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്നടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+