തിരുവന്തപുരം നഗരത്തിൽ നാലാം ദിവസവും കുടിവെളളമില്ല; നട്ടംതിരിഞ്ഞ് ജനം, മേയറെ തടയുമെന്ന് ബിജെപി
തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം. ഇന്നലെ രാത്രിയോടെ പമ്പിങ്ങ് നടത്തിയെങ്കിലും വാൽവിൽ ലീക്ക് ഉണ്ടായതോടെ പമ്പിങ് നിർത്തിവെച്ചു. പുലർച്ചെ വീണ്ടും ശ്രമം നടത്തിയെങ്കിലും പൈപ്പ് പൊട്ടുന്ന സാഹചര്യം ഉണ്ടായി. ഇതോടെ ഇന്ന് രാവിലെ വരേയും കുടിവെള്ളം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ 500 എംഎം,700 എം എം പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാലാണ് നഗരത്തിൽ വെള്ളം മുടങ്ങിയത്. നഗരത്തിൽ രണ്ടിടങ്ങളിലാണ് ഇത്തരത്തിൽ പ്രവൃത്തികൾ നടക്കുന്നത്. പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് കൊണ്ട് തന്നെ വെള്ളം വിതരണം ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. രണ്ട് ദിവത്തേക്ക് വെള്ളം ഉണ്ടാകില്ലെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ നാല് ദിവസമായി കുടിവെള്ളം മുടങ്ങിയ അവസ്ഥയാണ്. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് ഇത്തരത്തിൽ സമയമെടുക്കുന്നതെന്നാണ് അധികൃതർ അറിയിച്ചത്.

ശനിയാഴ്ച രാത്രി വെള്ളം തുറന്ന് വിട്ടെങ്കിലും പല പമ്പുകളിലും ലീക്ക് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ വീണ്ടും വെള്ളം വിതരണം നിർത്തിവെയ്ക്കുകയായിരുന്നു. 100 വാർഡുകളിൽ 44 വാർഡുകളിൽ പൂർണമായും വെള്ളം നിലച്ച നിലയിലാണ്. വെള്ളത്തിന് ബദൽ മാർഗം ഒരുക്കാതെയാണ് ഇത്തരത്തിൽ പൈപ്പ് പണി നടത്തിയതെന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിഷയത്തിൽ കടുത്ത പ്രതിഷേധമുയർത്തി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാത്രി ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇന്ന് മേയറെ തടഞ്ഞ് പ്രതിഷേധിക്കുമെന്നും ബിജെപി അറിയിച്ചു.
ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യും; മന്ത്രി ശിവൻകുട്ടി
കുടിവെള്ളം വിതരണം ചെയ്യുന്നതിന് 34 ടാങ്കര്‍ ലോറികളില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 33 കോർപ്പറേഷൻ വാർഡുകളിലും ഭാഗികമായി തടസ്സപ്പെട്ട 11 കോർപ്പറേഷൻ വാർഡുകളിലും കുടിവെള്ള വിതരണം ഞായറാഴ്ച രാവിലെയോടെ പൂർവസ്ഥിതിയിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ ആർ എഫ് ബിയുടെ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളെ തുടർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ട വഴുതക്കാട്,തൈക്കാട് വാർഡുകളിലെ കുടിവെള്ള വിതരണം പൂർവസ്ഥിതിയിലേക്ക് ആക്കുന്നതിലേക്കായി നടത്തുന്ന രണ്ട് ഇന്റർകണക്ഷൻ പ്രവൃത്തികൾ ഈ മാസം പന്ത്രണ്ടാം തീയതിയോടെ പൂർത്തിയാക്കും. അതുവരെ 10 ടാങ്കറുകളിൽ ഈ പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുദ്ധജല വിതരണം നടത്തും. നിലവിൽ 14 ടാങ്കറുകൾ നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ട്.
ടാങ്കറുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വാട്ടർ അതോറിറ്റിയുടെ 5 വെൻഡിങ് പോയിന്റുകളിൽ നിന്ന് ടാങ്കറുകൾക്ക് വെള്ളം നൽകും.
കഴക്കൂട്ടം മേഖലയിൽ അനുഭവപ്പെടുന്ന അതി രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അമൃത് രണ്ട് പദ്ധതി പ്രകാരമുള്ള പ്രവൃത്തി കരാറിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. ഓണം നാളുകളിൽ ഈ മേഖലയിൽ നഗരസഭയിലെ ടാങ്കറുകൾക്ക് പുറമെ വാട്ടർ അതോറിറ്റി 10 ടാങ്കറുകളിൽ കൂടി കുടിവെള്ളമെത്തിക്കും. എഡിബി വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിലെ ഭാവിയിൽ ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് നഗരസഭ തയ്യാറാക്കിയ ആയിരം കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications