ആർ ശ്രീലേഖയുടെ ആരോപണം സഭയിലുയർത്തി തിരുവഞ്ചൂർ, ഈ സർക്കാരിനെ പരാമർശിച്ചിട്ടില്ലെന്ന് പിണറായി
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആണ് ആര്‍ ശ്രീലേഖ മനോരമ ന്യൂസ് ചാനലിലെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയില്‍ ഉന്നയിച്ചത്. സര്‍വ്വീസിലുണ്ടായിരുന്ന കാലത്തെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയതിനൊപ്പം കേരള പോലീസില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗിക അതിക്രമം ഉള്‍പ്പെടെ നേരിടേണ്ടി വരുന്നതായി ആര്‍ ശ്രീലേഖ ആരോപിച്ചിരുന്നു.
വനിത ആയിരുന്നത് കൊണ്ട് അപമാനം സഹിച്ചാണ് കേരളപോലീസില്‍ ഇരുന്നത് എന്ന് ആര്‍ ശ്രീലേഖ പറഞ്ഞതായി തിരുവഞ്ചൂര്‍ സഭയില്‍ വ്യക്തമാക്കി. പോലീസ് സ്‌റ്റേഷന് അകത്ത് പോലും മനസ്സമാധാനം ഇക്കാലത്ത് ഇല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ആര്‍ ശ്രീലേഖ തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി നല്‍കി. പോലീസില്‍ എന്തെങ്കിലും തെറ്റായ നടപടികള്‍ ഉണ്ടെന്ന് തന്റെ അടുത്ത് ആര്‍ ശ്രീലേഖ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അവര്‍ക്ക് ഉളള ആഗ്രഹങ്ങള്‍ പറഞ്ഞിട്ടുണ്ട്. എപ്പോഴാണ് ദുരനുഭവം ഉണ്ടായത് എന്ന് അവര്‍ തന്നെ പറയണം. ഈ സര്‍ക്കാരിനെയോ മുന്‍ സര്‍ക്കാരിനെയോ അഭിമുഖത്തില്‍ ആര്‍ ശ്രീലേഖ പരാമര്‍ശിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് ഇരുന്നപ്പോഴും ആര്‍ ശ്രീലേഖ സര്‍വീസില്‍ ഉണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
പോലീസ് സ്‌റ്റേഷനുകളില്‍ ഏതെങ്കിലും തരത്തിലുളള ക്രമസമാധാന പ്രശ്‌നമില്ല. തിരുവഞ്ചൂര്‍ നല്ല ഭാവനയുളള ആളാണ്. ആ ഭാവനയുടെ ഭാഗമായി ചിലത് സംഭവിക്കാന്‍ പോവുകയാണോ എന്ന് സംശയിക്കുകയാണ്. പോലീസിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നീതി എല്ലാ തരത്തിലും നടപ്പിലാക്കപ്പെടും എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആർ ശ്രീലേഖയുടേത് ഗുരുതരമായ ഒരു ആരോപണമാണ് എന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. ''ഒരു നിഷ്പക്ഷമായ അന്വേഷണം ഈ വിഷയത്തിൽ വേണമെന്നാണ് ഞാൻ നിർദേശിക്കുന്നത്. ഇതിൽ രാഷ്ട്രീയമില്ല; ഇത് നമ്മുടെ പോലീസ് സേനയുടെ വിശ്വാസ്യതയുടെയും ധാർമികതയുടെയും പ്രശ്നമാണ്. മാത്രവുമല്ല, സ്ത്രീകൾക്ക് സുരക്ഷിതമായ പ്രവർത്തിക്കാനുള്ള അന്തരീക്ഷവും, പോലീസിൽ നിന്ന് സഹായം വേണ്ട സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഇത് അത്യാവശ്യമാണ്'' എന്നും ശശി തരൂർ വ്യക്തമാക്കി.












Click it and Unblock the Notifications