വെറും 158 വോട്ട്, നഷ്ടം മട്ടന്നൂർ നഗരസഭ ഭരണം തന്നെ; യുഡിഎഫിന്റെ മുന്നേറ്റത്തിന് പിന്നിൽ
കണ്ണൂർ: ചെങ്കോട്ട പൊളിക്കാനായതിന്റെ ആവേശത്തിലാണ് മട്ടന്നൂരിൽ യു ഡി എഫ് ക്യാമ്പ്. കഴിഞ്ഞ തവണ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ നേടിയ യു ഡി എഫിന് ഇക്കുറി ലഭിച്ചത് 14 സീറ്റുകളായിരുന്നു. കോൺഗ്രസിന് 9 സീറ്റും മുസ്ലീം ലീഗിന് 4 വാർഡുമാണ് നേടാൻ കഴിഞ്ഞത്.
എൽ ഡി എഫിൽ നിന്നും എട്ട് വാർഡുകളാണ് യു ഡി എഫ് പിടിച്ചെടുത്തത്. ചില മണ്ഡലങ്ങളിലാകട്ടെ കുറഞ്ഞ വോട്ടുകൾക്കായിരുന്നു യു ഡി എഫ് പരാജയം രുചിച്ചത്. നാല് വാർഡുകളിൽ മുന്നേറ്റം നേടാൻ സാധിച്ചിരുന്നുവെങ്കിൽ നഗരസഭ ഭരണം തന്നെ ഇക്കുറി കൈയ്യിലായേനെയെന്നാണ് യു ഡി എഫ് പറയുന്നത്.

പൊറോറ, എളന്നൂർ, ആണിക്കരി, പെരിഞ്ചേരി, കളറോഡ്, ഇല്ലംഭാഗം, മരുതായി, മേറ്റടി വാർഡുകളാണ് യു ഡി എഫ് എൽഡിഎഫിൽ നിന്നും പിടിച്ചെടത്തത്. നഷ്ടമായത് കയനി വാർഡും. നാല് വാർഡുകളിൽ വളരെ കുറഞ്ഞ വോട്ടുകൾക്കായിരുന്നു യു ഡി എഫ് പരാജയം രുചിച്ചത്. മുണ്ടയോട്, നാലാങ്കേരി, കയനി, കോളാരി എന്നിവരായണ് ഇവ.

മുണ്ടയോട് നാല് വോട്ടുകൾക്കായിരുന്നു പരാജയം രുചിച്ചത്. സിറ്റിംഗ് സീറ്റായ കയനിയിൽ 3 ഉം നാലങ്കേരിയിൽ 45 ഉം കോളാരിയിൽ 56 വോട്ടുകൾക്കായിരുന്നു തോൽവി. കയനിയിൽ വ്യാജ വോട്ട് വ്യാപകമായി ചേർത്തതാണ് പരാജയത്തിന് വഴിവെച്ചതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. മുണ്ടയോട് കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് ആരോരപിക്കുന്നുണ്ട്. മറ്റ് രണ്ടിടങ്ങളിലെ തോൽവിക്ക് വഴിവെച്ചത് സി പി എം -എസ് ഡി പി ഐ രഹസ്യ സഖ്യമാണെന്നും യു ഡി എഫ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

എന്തായാലും ഭരണം കിട്ടിയില്ലേങ്കിലും മട്ടന്നൂർ തിരഞ്ഞെടുപ്പ് ഫലം തങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നതാണെന്ന് തന്നെയാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ശക്തമായ പ്രചരണവും ആസൂത്രണവും വികസന മുരടിപ്പ് ഉൾപ്പെടെ ഉയർത്തിക്കാട്ടിയുള്ള പ്രചരണവും തിരഞ്ഞെടുപ്പിൽ യു ഡി എഫിനെ തുണച്ചെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

പതിവിൽ നിന്നും വിപരീതമായി പട്ടികയിൽ വോട്ട് ചേർക്കുന്നത് മുതൽ സജീവമായ ഇടപടെലായിരുന്നു യു ഡി എഫ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറായ ഡി സി സി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ മട്ടന്നൂരിൽ സജീവമായി തന്നെ ഇടപെടുകയും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചരണ രീതികളിൽ വരുത്തിയ മാറ്റവും ഗുണം ചെയ്തുവെന്നാണ് നേതൃത്വം പറയുന്നത്. സാധാരണ നിലയിൽ പൊതു പരിപാടികളിലാണ് കോൺഗ്രസ് ശ്രദ്ധ പതിപ്പിക്കാറുള്ളത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ വീടുകൾ കയറിയിറങ്ങിയും കുടുംബ യോഗങ്ങളിലുമായി പ്രചരണം നടത്തിയത്. നേരത്തേ യു ഡി എഫ് വൻ വിജയം നേടിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും സമാന തന്ത്രമായിരുന്നു യു ഡി എഫ് നടപ്പാക്കിയത്. സംസ്ഥാന നേതാക്കൾ തന്നെ പ്രചരണത്തിനായി രംഗത്തിറങ്ങിയതും യു ഡി എഫിന്റെ കുതിപ്പിൽ നിർണായകമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം കോൺഗ്രസിന് വേണ്ടി പ്രചരണം നയിച്ചു. യുവ വേതാക്കളായ ഷാഫി പറമ്പിൽ , രമ്യ ഹരിദാസ് എന്നിവരും പ്രചരണത്തിനെത്തിയിരുന്നു.

അതേസമയം അപ്രതീക്ഷിത വോട്ട് ചോർച്ചയുടെ ആഘാതത്തിലാണ് എൽ ഡി എഫ്. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് സി പി എമ്മിന് തിരിച്ചടി നേരിട്ടത്. തിരിച്ചടിക്ക് പ്രാദേശികവും അല്ലാത്തതുമായ കാരണങ്ങൾ ഉണ്ട്. ഇക്കാര്യങ്ങൾ ഇഴകീറി പരിശോധിക്കാനൊരുങ്ങുകയാണ് നേതൃത്വം.
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ












Click it and Unblock the Notifications