അമ്മയുടെ 'മണി', അടുപ്പക്കാർക്ക് ബാലകൃഷ്ണൻ, മൊട്ടമ്മൽ ബാലകൃഷ്ണൻ കോടിയേരിയായത് ഇങ്ങനെ
കണ്ണൂർ: അധ്യാപകനായിരുന്ന കുഞ്ഞുണ്ണിക്കുറിപ്പിന്റേയും നാരായണി അമ്മയുടേയും പൊന്നുമകൻ 'മണി' വിദ്യാർത്ഥി രാഷ്ട്രീയ കാലത്താണ് 'കോടിയേരി ബാലകൃഷ്ണൻ' ആകുന്നത്. കുട്ടിക്കാലത്ത് 'മണി' എന്നായിരുന്നു കൂടുംബക്കാരും നാട്ടുകാരുമെല്ലാം കോടിയേരിയെ വിളിച്ചിരുന്നത്. സ്കൂളിലെത്തിയപ്പോൾ അത് മൊട്ടമ്മൽ ബാലകൃഷ്ണനായി. അത് പിന്നീട് കേരള രാഷ്ട്രീയത്തിലെ അതികായനായ കോടിയേരി ബാലകൃഷ്ണനും.

കോടിയേരിയുടേത് കോൺഗ്രസ് കുടുംബം ആയിരുന്നുവെങ്കിലും സ്കൂൾ കാലത്ത് തന്നെ എസ് എഫ് ഐയിൽ അദ്ദേഹം സജീവമായിരുന്നു. സംഘടന പ്രവർത്തനത്തിലെ കോടിയേരിയുടെ വളർച്ചയെ ഏറെ പ്രതീക്ഷയോടെയായിരുന്നു നാട്ടുകാരെല്ലാം നോക്കിക്കണ്ടത്.വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലൂടെ വളരെ പെട്ടെന്ന് തന്നെ കണ്ണൂരിലെ എണ്ണപ്പെട്ട നേതാക്കളിൽ ഒരാളായി കോടിയേരി വളർന്നിരുന്നു. സംഘടന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വണ്ടിക്കൂടി ഇല്ലാതെ ബുദ്ധിമുട്ടിയ കോടിയേരിയെ അന്ന് സഹായിച്ചവരിൽ ഈങ്ങപീടികയിലെ ബീഡികമ്പനി തൊഴിലാളികളും ഉണ്ടായിരുന്നത്രേ.

വിദ്യാർത്ഥികാലത്ത് കൂട്ടുകാർക്കെല്ലാം ബാലകൃഷ്ണനായിരുന്നു അദ്ദേഹം.ഒരിക്കൽ കെ എസ് എഫിന്റെ ക്യാമ്പിൽ പങ്കെടുക്കാൻ കോടിയേരി പോയി. ഓണിയൻ ഹൈസ്കൂളിനെ പ്രതിനിധികീരിച്ചായിരുന്നു അദ്ദേഹം എത്തിയത്. അന്ന് രജിസ്ട്രേഷന് പേര് കൊടുക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന മൂഴിക്കരയിലെ ബാലകൃഷ്ണനാണ് കോടിയുടെ പേര് മൊട്ടമ്മൽ ബാലകൃഷ്ണന് പകരം കോടിയേരിയെന്നാക്കിയത്. അന്ന് തൊട്ട് എസ് എഫ് ഐ പരിപാടികളിലും സ്കൂളിലുമെല്ലാം കോടിയേരിയെന്ന പേരിൽ തന്നെ അദ്ദേഹം അറിയപ്പെട്ടു.

എന്നാൽ വിദ്യാലയത്തിന് പുറത്ത് കോടിയേരി എന്ന പേര് അറിയപ്പെടാൻ തുടങ്ങിയത് കാഞ്ഞങ്ങാട് നടന്ന കെ എസ് എഫിന്റെ ജില്ലാ സമ്മേളന സമയത്തായിരുന്നു. അന്ന് രജിസ്ട്രേഷൻ കൗണ്ടറിൽ ഒപ്പമുണ്ടായിരുന്നവരാണ് കോടിയേരി ബാലകൃഷ്ണൻ എന്ന പേര് രജിസ്ട്രേഷനിൽ നൽകിയത്.പിന്നീട് നടന്ന സംഘടന പരിപാടികളിൽ എല്ലാം തന്നെ അദ്ദേഹം കോടിയേരി ബാലകൃഷ്ണൻ എന്ന പേരിൽ അറിയപ്പെട്ടു.

സംഘടന ഭാരവാഹിയായപ്പോഴും കോടിയേരി എന്നായിരുന്നു രേഖപ്പെടുത്തിയത്. വൈകാതെ ആ പേര് അദ്ദേഹം ഔദ്യോഗികമാക്കി. പാസ്പോർട്ടിലും മറ്റ് രേഖകളിൽ ഇതായിരുന്നു പിന്നീട് പേര് നൽകിയത്. കേരള രാഷ്ട്രീയത്തിൽ എല്ലാ എതിർപ്പുകളേയും വിയോജിപ്പുകളേയും സൗമത്യയോടെ നേരിട്ട പേരായി പിന്നീട് 'കോടിയേരി' മാറി. ലാളിത്യം കൊണ്ടും എതിരാളികളോട് പോലും മറയില്ലാതെ സ്നേഹത്തിൽ പൊതിഞ്ഞ ഇടപെടലുകൾ കൊണ്ടും കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു കോടിയേരിയുടേത്. കേരള രാഷ്ട്രീയത്തിലെ ഇത്തരം അപൂർവ്വം ചില മുഖങ്ങളിൽ മുൻനിരയിൽ തന്നെയായിരിക്കും നാട്ടുകാരുടെ സ്വന്തം ബാലകൃഷ്ണന്റെ, കോടിയേരിയുടെ സ്ഥാനം.












Click it and Unblock the Notifications