ഇതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; ഫോട്ടോ പരസ്യമാക്കി, ജീവചരിത്രം പ്രകാശനം ചെയ്തു
മലപ്പുറം: സ്വാതന്ത്ര്യ സമര പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം ആദ്യമായി പുറംലോകം കണ്ടു. 1920കളില്‍ ബ്രിട്ടീഷ് പോലീസ് മലപ്പുറം കോട്ടക്കുന്നില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍ ഏറെ ലഭ്യമാണെങ്കിലും യഥാര്‍ഥ ഫോട്ടോ ലഭിച്ചിരുന്നില്ല. തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് വിശദമായ ഗവേഷണത്തിന് ശേഷം എഴുതിയ സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന ജീവചരിത്ര പുസ്തകം ഇന്ന് മലപ്പുറത്ത് പ്രകാശനം ചെയ്തു. വാരിയംകുന്നന്റെ ചിത്രം പ്രകാശന ദിവസം പുറത്തുവിടുമെന്ന് റമീസ് പറഞ്ഞിരുന്നു. പുതിയ പുസ്തകത്തില്‍ വാരിയംകുന്നന്റെ ചിത്രം ഉള്‍പ്പെടെയാണ് കവര്‍പേജ് ഒരുക്കിയിരിക്കുന്നത്. വാരിയംകുന്നന്റെ കുടുംബ പരമ്പരയില്‍പ്പെട്ടവരും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ഇന്ന് വൈകീട്ട് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ് നടന്നത്. വാരിയംകുന്നന്റെ മകന്റെ പേരമകള്‍ വാരിയംകുന്നത്ത് ഹാജറയാണ് പുസ്തകം പ്രകാശനം ചെയ്തത്. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിതാന്തമായ അന്വേഷണത്തിന്റെ ഫലമാണ് ഈ പുസ്തകമെന്ന് റമീസ് മുഹമ്മദ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പലയിടത്തും പോയി. അമൂല്യമായ വിവരങ്ങള്‍ കിട്ടാന്‍ വീണ്ടും വീണ്ടും അന്വേഷിച്ചു. പലയിടത്തും നിരാശയായിരുന്നു ഫലം. ഫ്രഞ്ച് ആര്‍ക്കൈവ്‌സില്‍ നിന്നാണ് ഫോട്ടോ കിട്ടിയത്. ഞാനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തില്‍ കണ്ടതും അറിഞ്ഞതുമെല്ലാം ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തകം.

വാരിയംകുന്നനെയും അദ്ദേഹവുമായി ബന്ധപ്പെട്ട രേഖകളും കത്തിച്ചുകളഞ്ഞങ്കിലും 100 വര്‍ഷം മുമ്പ് ഹിച്ച്‌കോക്ക് ഉയര്‍ത്തിയ വെല്ലുവിളിക്ക് ഇന്ന് ഈ നാട് മറുപടി പറയുകയാണ്. കത്തിച്ചു നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ ചാരം ഒഴുകിയെത്തിയത് ഈ നാടിന്റെ വെള്ളത്തിലാണ്. ആ വെള്ളമാണ് ഈ നാട് കുടിക്കുന്നത്. ആ വായുവാണ് ഈ നാട് ശ്വസിക്കുന്നത്. വാരിയംകുന്നന്റെ പേര് ചരിത്ര രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ച എല്ലാവരും ആ പാഠം പഠിക്കട്ടെ എന്നും റമീസ് മുഹമ്മദ് പറഞ്ഞു.
അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പീഡനങ്ങള്‍ ഏറെ ഏല്‍ക്കേണ്ടി വന്ന കുടുംബമായിരുന്നു വാരിയംകുന്നന്റേത്. വിദേശ ശക്തിക്കെതിരെ പോരാടാന്‍ ഉറച്ച് അദ്ദേഹം രംഗത്തെത്തിയപ്പോള്‍ ഒരു നാട് മൊത്തം കൂടെ നിന്നു. ശക്തമായ പോരാട്ടത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് അടിപതറി. അവര്‍ പിന്തിരിഞ്ഞു. വാരിയംകുന്നന്റെ നേതൃത്വത്തില്‍ ആറ് മാസത്തോളം ഏറനാട്ടില്‍ സ്വതന്ത്ര്യ രാജ്യം നിലനിന്നു. മലയാള രാജ്യം എന്നായിരുന്നു ആ സ്വതന്ത്ര്യ ഭൂമിയുടെ പേര്. പിന്നീട് വന്‍ ശക്തിയായി ബ്രിട്ടീഷ് സൈന്യം തിരിച്ചെത്തുകയും ചതിയിലൂടെ വാരിയംകുന്നനെ പിടികൂടുകയുമായിരുന്നു. കോട്ടക്കുന്നില്‍ വച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കത്തിച്ചുകളഞ്ഞു. കൂടെ വാരിയംകുന്നന്റെ ഭരണകാലത്തെ സുപ്രധാന രേഖകളും കത്തിച്ചു എന്നാണ് ചരിത്രം.












Click it and Unblock the Notifications