തൂവാനത്തുന്പികളിലെ 'ബസ് മുതലാളി ബാബു' അന്തരിച്ചു
ചെന്നൈ: തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഡോ എംഎം അലക്‌സ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയായ അലക്‌സ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരുന്നു. ഇന്നും പ്രേക്ഷകമനസില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് തൂവാനത്തുമ്പികള്‍. ചിത്രത്തിലെ ദേവമാതാ ബസ് മുതലാളി ബാബു എന്ന കഥാപാത്രത്തെയാണ് അലക്‌സ് അവതരിപ്പിച്ചത്.
കുറച്ച് സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അലക്‌സിന്റെ ബാബു എന്ന കഥാപാത്രം സിനിമയ്‌ക്കൊപ്പം ശ്രദ്ധിയ്ക്കപ്പെട്ടു. അശോകന്‍ അവതരിപ്പിച്ച ഋഷി എന്ന കഥാപാത്രം ആദ്യമായി ബാറിലെത്തിയപ്പോള്‍ ചോദ്യം ചെയ്ത ജയകൃഷ്ണന്റെ ചങ്ങാതിക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു ബസ് മുതലാളി ബാബു.

നടന്‍ എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാവുന്ന പ്രതിഭയായിരുന്നില്ല അലക്‌സ്. അറിയപ്പെടുന്ന ജീവശാസ്ത്രഞ്ജന്‍ കൂടിയാണ്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍, കവചം, രണ്ടാം വരവ്, വ്യൂഹം, പരമ്പര, വിറ്റ്‌നസ്, രാരീരം എന്നീ ചിത്രങ്ങളിലും അലക്‌സ് അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും, തമിഴിലും ഉള്‍പ്പടെ 65ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വേദിക് ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആന്‍ഷ്യസ് ഇന്റഗ്രേറ്റീവ് തെറാപ്പീസ് എന്നീ സംഘടനകള്‍ സ്ഥാപിച്ചതും അലക്‌സാണ്.












Click it and Unblock the Notifications