മോദി മറന്നാലും ജനം ഇത് മറക്കില്ല:ജിഡിപിയുടെ വലുപ്പം പറയുന്നവർ കണക്കുകള്‍ കാണുന്നില്ലേ: ജയരാജന്‍
ദില്ലി: രാജ്യത്തെ ജി ഡി പിയുടെ വലുപ്പം പറയുന്നവർ പട്ടിണിക്കോലങ്ങളെ കാണുന്നില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. രാജ്യത്ത് കോർപ്പറേറ്റുകളുടെ സമ്പത്ത് മാത്രമാണ് വർധിച്ചത്. മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനവും സമ്പന്നരായ 10 ശതമാനത്തിന്റെ കൈവശമാണ്. സാധാരണക്കാരായ 50 ശതമാനം ജനങ്ങളുടെ കൈയ്യിൽ കേവലം 6 ശതമാനം സമ്പത്ത് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കോർപ്പറേറ്റുകളുടെ സമ്പത്ത് വർദ്ധിക്കുകയും സാധാരണക്കാർ പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും ദുരിതത്തിൽ കഴിയുകയുമാണ് ഇന്ത്യയിൽ. മോഡി മറന്നാലും ഇന്ത്യൻ ജനത ഇക്കാര്യം മറക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജിഡിപിയുടെ വലുപ്പം പറയുന്നവർ പട്ടിണിക്കോലങ്ങളെ കാണുന്നില്ല.
===============
ആഭ്യന്തര ഉല്പാദനത്തിൽ ഇന്ത്യ ബ്രിട്ടനെക്കാൾ മുന്നിലെത്തി എന്നും ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി എന്നും പറയുന്നവരോട് ഒരു ചോദ്യം. ആരുടെ സമ്പത്താണ് വർദ്ധിച്ചത്. കോർപ്പറേറ്റുകളുടെയോ ദരിദ്രനാരായണന്മാരുടേയോ? ഉത്തരം ഒന്നേയുള്ളൂ - കോർപ്പറേറ്റുകളുടെ സമ്പത്ത് മാനംമുട്ടെ വളർന്നുവന്നു. ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനവും സമ്പന്നരായ 10 ശതമാനത്തിന്റെ കൈവശമാണ്. സാധാരണക്കാരായ 50 ശതമാനം ജനങ്ങളുടെ കൈയ്യിൽ കേവലം 6 ശതമാനം സമ്പത്ത് മാത്രം. ശതകോടീശ്വരന്മാരുടെ എണ്ണം 2020ൽ 102 ആയിരുന്നെങ്കിൽ 2021ൽ 142 ആയി വർദ്ധിച്ചു.

പട്ടിണിക്കാരുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 102ആണ്. ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ പട്ടിണിക്കാർ ഇന്ത്യയിലാണ്. മനുഷ്യശേഷി വികസന സൂചിക പ്രകാരം 191 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 132 ആണ്. ആറരക്കോടി ജനങ്ങളുള്ള ബ്രിട്ടന്റെ ജിഡിപി 81000 കോടി ഡോളറും 139 കോടി ജനങ്ങളുള്ള ഇന്ത്യയുടേത് 85470 കോടി ഡോളറുമാണ്. ഈ കണക്ക് പ്രകാരമാണ് അഞ്ചാമതും ബ്രിട്ടൻ ആറാമതും ആയത്. കണക്ക് പ്രകാരം ഇന്ത്യ ബ്രിട്ടനെ മറികടന്നു. ഇതേ രീതിയിൽ ജിഡിപി വർദ്ധിച്ചാൽ 2029 ആകുമ്പോഴേയ്ക്കും ഇന്ത്യ മൂന്നാമത്തെ ലോകശക്തിയായി മാറുമെന്നാണ് മോഡിയുടെ അവകാശവാദം.

എന്നാൽ ശരാശരി ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാരുടേത് 2283 ഡോളറും ബ്രിട്ടീഷുകാരന്റേത് 47203 ഡോളറുമാണ്. അതായത് ഇന്ത്യയുടെ സ്ഥാനം 193 രാജ്യങ്ങളിൽ 145-ാമതും ബ്രിട്ടന്റേത് 22-ാമതും. കോർപ്പറേറ്റുകളുടെ സമ്പത്തിന്റെ കാര്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ സമ്പത്ത് 12200 കോടി ഡോളറാണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൊഴിലാളിയുടെ ഒരു മാസത്തെ വരുമാനം കേരളത്തിലാണെങ്കിൽ 18000 രൂപയും ഗുജറാത്തിലാണെങ്കിൽ 6000 രൂപയും മാത്രമാണ്.

കോർപ്പറേറ്റുകളുടെ സമ്പത്ത് വർദ്ധിക്കുകയും സാധാരണക്കാർ പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും ദുരിതത്തിൽ കഴിയുകയുമാണ് ഇന്ത്യയിൽ. മോഡി മറന്നാലും ഇന്ത്യൻ ജനത ഇക്കാര്യം മറക്കില്ല. ഉൽപാദനത്തിലും സമ്പത്തിന്റെ വിതരണത്തിലും സമത്വമല്ല, അസമത്വത്തിന്റെ ഭീകരമുഖമാണ്. മുതലാളിത്ത ചൂഷണമാണ് ഇതിനെല്ലാം കാരണം. അതിനെതിരെ പൊരുതുകയാണ് വേണ്ടത്.












Click it and Unblock the Notifications