കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ജുമഅക്ക് നേതൃത്വം നല്‍കിയ ജാമിദ ടീച്ചര്‍ക്ക് വധഭീഷണി, വീടിന് നേരെ ആക്രമണം!!

  • By Nisar Vp
Google Oneindia Malayalam News

മലപ്പുറം: രാജ്യത്ത് ആദ്യമായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു നേതൃത്വം നല്‍കിയ തനിക്ക് ആയിരത്തിലധികം കൊലപാതക ഭീഷണികള്‍ വന്നതായി ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ജാമിദ ടീച്ചര്‍. രാജ്യത്ത് ഒരു സ്ത്രീയും ഇതുവരെ നേതൃത്വം നല്‍കാത്ത ജുമുഅ നമസ്‌ക്കാരത്തിന് താന്‍ നേതൃത്വം നല്‍കാനുണ്ടായ കാരണവും തന്റെ നിലപാടുകളും തനിക്കുണ്ടായ ഭീഷണികളെയും കുറിച്ച് ജാമിദ ടീച്ചര്‍ പറയുന്നു.

സോഷ്യല്‍ മീഡിയ തുറക്കാന്‍ വയ്യ, എന്നാലും പിന്നോട്ടില്ല: ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ജാമിദ ടീച്ചര്‍ വൺഇന്ത്യയോട് സംസാരിക്കുന്നു!സോഷ്യല്‍ മീഡിയ തുറക്കാന്‍ വയ്യ, എന്നാലും പിന്നോട്ടില്ല: ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ജാമിദ ടീച്ചര്‍ വൺഇന്ത്യയോട് സംസാരിക്കുന്നു!

ഇന്ന് കേരളത്തില്‍ നിലവിലുള്ള മുഴുവന്‍ മുസ്ലിംമത സംഘടനകളും ഖുര്‍ആനിനെ തള്ളി ഹദീസിനെ പ്രമാണമായി സ്വീകരിച്ചവരാണ്, ഹദീസ് ഖുര്‍ആനിന് വിരുദ്ധമാണ്, ഇതാണ് താനും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയും പൊതുസമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നതെന്ന് ജാമിദ പറയുന്നു.

വീടിന് നേരെ ആക്രമണം, വധഭീഷണി

വീടിന് നേരെ ആക്രമണം, വധഭീഷണി

ഇത്തരത്തില്‍ തന്റെ നിലപാടുകള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 11നും 22നും കൊയിലാണ്ടിയിലുള്ള തന്റെ വീടിനുനേരെ അക്രമണമുണ്ടായി. ഫോണിലേക്കു ആയിരത്തിലധികം കൊലപാതക ഭീഷണി മെസ്സേജുകള്‍ വന്നു, പച്ചയ്ക്ക് കത്തിക്കും, വെട്ടി നുറുക്കും, പട്ടിക്ക് ഇട്ടുകൊടുക്കും, ചേകന്നൂര്‍ മൗലവിക്ക് സംഭവിച്ചത് ആവര്‍ത്തിക്കും തുടങ്ങിയ മെസ്സേജുകളാണ് താന്‍ 12വര്‍ഷമായി ഉപയോഗിച്ചുവന്നിരുന്ന ഫോണിലേക്ക് വന്നത്. ഇതോടെ സൈബര്‍സെല്ലിന് പരാതി നല്‍കി. അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം ആ സിം മാറ്റിവെച്ച് പുതിയ സിം എടുത്താണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പഴയ നമ്പറില്‍ തന്നെയാണ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്. ഇപ്പോഴും കൊലപാതക ഭീഷണികള്‍ സ്ഥിരമായി വന്നുകൊണ്ടിരിക്കുന്നു.

ചൊടിപ്പിച്ചത് നിലപാടുകള്‍

ചൊടിപ്പിച്ചത് നിലപാടുകള്‍

തന്റെ നാല് നിലപാടുകളാണു കേരളത്തിലെ മുസ്ലിംമത സംഘടനകളെ ചൊടിപ്പിച്ചത്. ഇതില്‍ ഒന്ന് കഴിഞ്ഞ നവംബറില്‍ ഹാദിയയെ വൈക്കത്തെ വീട്ടില്‍പോയി സന്ദര്‍ശിച്ചതാണ്, ഇതിന്റെ പിറ്റേദിവസാണ് ഹദീസുകള്‍ പൊള്ളത്തരമാണെന്ന് താന്‍ പറഞ്ഞത്, ഇത് മുസ്ലിം മതസംഘടനകള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനും തനിക്കെതിരെയുള്ള ഭീഷണികള്‍ക്കും കാരണമായി. ഖുര്‍ആന്‍മാത്രമാണ് പ്രമാണമെന്നും ഹദീസുകള്‍ പൊള്ളത്തരമാണെന്നുമാണ് താന്‍ ചാനല്‍ചര്‍ച്ചകളില്‍ തുറന്നുപറഞ്ഞത്. ഇതിനുപുറമെ മുത്തലാക്ക് വിഷയത്തില്‍ മതപണ്ഡിതര്‍ക്ക് വിരുദ്ധമായ നിലപാട് എടുത്തതും വിഷയത്തില്‍ സുപ്രീംകോടതി ബില്ലിനെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍അറപ്പുളവാക്കുന്ന തേജോവധങ്ങളാണു തനിക്ക് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണു വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു നേതൃത്വം നല്‍കിയത്.

എന്തുകൊണ്ട് ജുമഅ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി?

എന്തുകൊണ്ട് ജുമഅ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി?

തന്റെ പലനിലപാടുകള്‍ക്കെതിരെയും മുസ്ലിംമത പണ്ഡിതര്‍ രംഗത്തുവന്നിരുന്നു. മുസ്ലിംമതവിഭാഗത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മതപണ്ഡിതര്‍ ഉണ്ടെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഖുര്‍ആന്‍ മതപണ്ഡിതര്‍ക്ക് നല്‍കിയ ഗ്രന്ഥമല്ല, ഖുര്‍ആനില്‍ എവിടെയും മുസ്ലിങ്ങളുടെ വിഷയങ്ങള്‍ തീരുമാനിക്കാന്‍ മതപണ്ഡിതരെ ഏല്‍പിച്ചിട്ടില്ല, വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. ഇതില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ സ്ത്രീയെന്നോ, പുരുഷന്‍ എന്നോ പ്രത്യേകമായി എവിടെയും പറയുന്നില്ല, ഇതിനാല്‍ തന്നെ ഖുര്‍ആനില്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് സ്ത്രീകളെ എവിടെയും മാറ്റി നിര്‍ത്തപ്പെടുന്നില്ല, ഖുര്‍ആന്‍ സ്ത്രീക്കും പരുഷനും തുല്യപ്രാധാന്യമാണ് നല്‍കുന്നത്, ഇതിനാല്‍ തന്നെയാണു താന്‍ ജുമഅ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്.

വിദ്യാഭ്യാസവുമില്ല എന്ന പ്രചാരണം തെറ്റ്

വിദ്യാഭ്യാസവുമില്ല എന്ന പ്രചാരണം തെറ്റ്

മനുഷ്യന്റെ അവകാശങ്ങള്‍ക്കും മുസ്ലിംസ്ത്രീകളുടെ ഉന്നമനത്തിനും ഖുര്‍ആനിന്റെ നിലനില്‍പിനും വേണ്ടിയാണു താന്‍ നിലകൊള്ളുന്നത്. ഒരു ഭീഷണിയും താന്‍ ഭയക്കുന്നില്ല, സോഷ്യല്‍ മീഡിയയില്‍ പ്രഹസനം അഴിച്ചുവിട്ട ഭീരിക്കളോട് തനിക്ക് ഒരുകാര്യം മാത്രമാണു പറയാനുള്ളത്. വസ്തുനിഷ്ഠമായാണ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത്, വിവിധ മുസ്ലിംമത സംഘടനകളുടെ സ്ഥാപനങ്ങളിൽ അധ്യാപികയായി താന്‍ ജോലിചെയ്തിട്ടുണ്ട്. അഫ്‌സല്‍ ഉലമ പഠനം നടത്തിയ താന്‍ ഈ വിഷയത്തില്‍ ബിരുദധാരിയാണ്. മലപ്പുറം എടവണ്ണ ജാമിഅ നദ്‌വിയ്യയിലായിരുന്നു പഠനം. തനിക്ക് ഒരു വിദ്യാഭ്യാസവുമില്ല എന്നാണു പലരും പ്രചരണം നടത്തിയത്.

താനരു അധ്യാപികയാണ്

താനരു അധ്യാപികയാണ്

എന്നാല്‍ ഇവര്‍ അറിയാനായി ചിലകാര്യങ്ങള്‍കൂടി ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. മുജാഹിദ് വിഭാഗത്തിന്റെ തിരുവനന്തപുരം സലഫിസെന്ററില്‍ താന്‍ പത്തുവര്‍ഷത്തോളം അധ്യാപികയായിരുന്നു. ദക്ഷിണകേരളാ സുന്നിവിഭാഗത്തിന്റെ തിരുവനന്തപുരം പരുത്തിക്കുഴിയിലെ സ്ഥാപനത്തിലും ജാമഅത്തെ ഇസ്ലാമിയുടെ തിരുവനന്തപുരം അട്ടക്കുളങ്ങര ഇസ്ലാമിക സ്ഥാപനത്തിനും താന്‍ അധ്യാപികയായി ജോലിചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഓക്‌സഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മണക്കാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പൊന്നറ ശ്രീധര്‍മ മെമ്മോറിയല്‍ സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളില്‍ അറബിക് അധ്യാപികയായും ജോലിചെയ്തു.

ദേശീയ മാധ്യമങ്ങളും ശ്രദ്ധിച്ചു

ദേശീയ മാധ്യമങ്ങളും ശ്രദ്ധിച്ചു

ലോക മാധ്യമങ്ങളില്‍ പോലും ജാമിദ തുടക്കമിട്ട വിപ്ലവകരമായ നീക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു. മുസ്ലിം സമുദായം അതി പ്രാധാന്യത്തോടെ കാണുന്ന ജുമുഅ നമസ്‌കാരത്തിന് ഒരു സ്ത്രീ നേതൃത്വം നല്‍കിയതാണ് ജാമിദ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയെയും ചര്‍ച്ചാ കേന്ദ്രങ്ങളാക്കിയത്. വിഷയം ചൂടുപിടിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വാദ പ്രതിവാദങ്ങള്‍ക്കും ശക്തിയേറി. മുസ്ലിംകളുടെ വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക പ്രാര്‍ത്ഥനയായ ജുമുഅ നമസ്‌കാരത്തിന് സാധാരണയായി പുരുഷന്മാരാണ് നേതൃത്വം നല്‍കുന്നത്. എന്നാല്‍ നൂറ്റാണ്ടുകളായുള്ള ആ രീതി മാറ്റിമാറിച്ചാണ് ജാമിദ നമസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം വണ്ടൂരിനടുത്ത ചെറുകോട് വച്ചാണ് ജാമിദ ടീച്ചറുടെ നേതൃത്വത്തില്‍ ജുമുഅ നടന്നത്. അനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളും മാറ്റിമറിച്ചുള്ള ജാമിദയുടെ നിസ്‌കാരം ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഇന്ത്യയിൽ ആദ്യത്തെ സംഭവം

ഇന്ത്യയിൽ ആദ്യത്തെ സംഭവം

ഇതിനുമുമ്പ് ലോകത്ത് ജുമുഅ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത് രണ്ട് അമേരിക്കന്‍ വനിതകകളാണ്. 1999ലും 2005ലുമാണ് ന്യൂയോര്‍ക്കില്‍ വനിതകള്‍ ജുമഅക്ക് നേതൃത്വം നല്‍കിയത്. ഇതിന് ശേഷം ലോകത്തുതന്നെ ജുമഅക്ക് നേതൃത്വം നല്‍കുന്ന വനിത ജാമിദയാണ്. ഇത്തരം ഭീഷണികളെ വകവെക്കേണ്ടെന്നാണ് ചേകന്നൂര്‍ മൗലവിയുടെ ആശയങ്ങള്‍ പിന്തുടരുന്ന ജാമിദയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ ജാമിദ മുന്നോട്ടു വെക്കുന്ന ആശയാദര്‍ശങ്ങള്‍ എന്തെല്ലാമാണെന്നും എന്താണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി, ആരാണ് ചേകന്നൂര്‍ മൗലവിയെന്നും പരിചയപ്പെടാം.

ചേകന്നൂര്‍ മൗലവിക്കൊപ്പം

ചേകന്നൂര്‍ മൗലവിക്കൊപ്പം

1970കളിലാണ് ചേകന്നൂര്‍ പി.കെ.മുഹമ്മദ് അബുല്‍ ഹസന്‍ മൗലവി എന്ന ചേകന്നൂര്‍ മൗലവിയുടെ പേര് ഉയര്‍ന്നു തുടങ്ങിയത്. 1936ല്‍ എടപ്പാള്‍ ചേകന്നൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചേകന്നൂര്‍ മൗലവിയുടെ വരവോടെ കേരളത്തിലെ മുസ്ലിം സമൂഹത്തിനിടയില്‍ പുതിയൊരു ആശയ ശൃംഖല രൂപപ്പെടുകയായിരുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ മാത്രമാണ് ചേകന്നൂര്‍ മൗലവി പുതിയ ആശയങ്ങള്‍ക്ക് തെളിവായി പറഞ്ഞിരുന്നത്. മുസ്ലിംങ്ങള്‍ പുലര്‍ത്തി വന്നിരുന്ന വിശ്വാസ ആചാരങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഉദയം ചെയ്ത ചേകന്നൂര്‍ മൗലവിയെയും അനുയായികളെയും തുറിച്ച കണ്ണുകളോടെയാണ് മുസ്ലിംങ്ങള്‍ നേരിട്ടത്. സുന്നി പശ്ചാത്തലത്തിലാണ് ചേകന്നൂര്‍ മൗലവിയുടെ ജനനവും കുട്ടിക്കാലവും. തലക്കടത്തൂര്‍, പൊന്നാനി അടക്കമുള്ള വിവിധ പള്ളിദര്‍സുകളില്‍ പ്രമുഖ സുന്നി പണ്ഡിതന്മാര്‍ക്കു കീഴില്‍ മൗലവി പഠനം നടത്തിയിരുന്നു.

ആരാണ് ചേകന്നൂര്‍ മൗലവി?

ആരാണ് ചേകന്നൂര്‍ മൗലവി?

തലക്കടത്തൂര്‍ ദര്‍സില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഹൈദ്രൂസ് തങ്ങളുടെ ഇഷ്ട ശിഷ്യനായിരുന്നു ചേകന്നൂര്‍. അറബി ഭാഷയിലും ഖുര്‍ആനിലും അഗാധമായ പാണ്ഡിത്യം ചെറുപ്പകാലത്ത് തന്നെ സ്വായത്തമാക്കിയിരുന്നു. പൊന്നാനി കോക്കൂര്‍ പള്ളിയില്‍ ഇമാമായി ജോലി ചെയ്യുമ്പോഴാണ് നിസ്‌കാരത്തിന് ശേഷമുള്ള കൂട്ടപ്രാര്‍ത്ഥന ബിദ്അത്ത് (നവീന ആശയം) ആണെന്ന് പറഞ്ഞ് മൗലവി തന്റെ ആശയം പ്രകടമാക്കിയത്. ഈ സംഭവത്തിന് ശേഷം മൗലവി പ്രത്യക്ഷപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുടെ ശാന്തപുരത്തെ ഇസ്ലാമിയ്യ കോളജില്‍ അധ്യാപകനായാണ്. പൊന്നാനി തൊപ്പിയും മുസ്ലിയാര്‍ വേഷവുമണിഞ്ഞിരുന്ന ചേകന്നൂര്‍ മൗലവി ഹാഫ് കൈ ഷര്‍ട്ടിലേക്കും ജിന്ന തൊപ്പിയിലേക്കും മാറിയത് ഇക്കാലയളവിലാണ്.

ജാമിഅ: നദ് വിയ്യയില്‍ അദ്ധ്യാപകനായി

ജാമിഅ: നദ് വിയ്യയില്‍ അദ്ധ്യാപകനായി

ജമാഅത്തെ ഇസ്ലാമി തട്ടകത്തില്‍ നിന്നും മുജാഹിദ് കേന്ദ്രത്തിലേക്കുള്ള മൗലവിയുടെ കടന്നുവരവ് പെട്ടെന്നായിരുന്നു. മുജാഹിദ് സ്ഥാപനമായ എടവണ്ണയിലെ ജാമിഅ: നദ് വിയ്യയില്‍ അദ്ധ്യാപകനായി ചേകന്നൂര്‍ എത്തി. മലബാറില്‍ സുന്നി, മുജാഹിദ് സംവാദങ്ങള്‍ കൊടിമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. സുന്നി പണ്ഡിതരായ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, ഇ.കെ ഹസന്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതരുമായി മുജാഹിദ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ചേകന്നൂര്‍ മൗലവി സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നീട് മുജാഹിദുകളുടെ പ്രധാന തുറുപ്പുചീട്ടായി ചേകന്നൂര്‍ മാറി. പതിയെ പതിയെ ചേകന്നൂരിന്റെ താടിയും തൊപ്പിയും അപ്രത്യക്ഷമായി. പറവണ്ണ സലഫി പള്ളിയില്‍ ഖത്തീബായിരിക്കെ ഇവിടെ നിന്ന് മൗലവി നിരീക്ഷണം മാസിക പുറത്തിറക്കി.

ചേകന്നൂര്‍ മൗലവിക്ക് എന്ത് സംഭവിച്ചു?

ചേകന്നൂര്‍ മൗലവിക്ക് എന്ത് സംഭവിച്ചു?

ഇതിനിടെ ഖുര്‍ആനില്‍ സ്വന്തമായി ഗവേഷണം നടത്തി മുസ്ലിംങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത പുതിയ ആശയങ്ങള്‍ മൗലവി സമൂഹത്തോടു പറഞ്ഞു. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളെ ഒരുപോലെ മൗലവി ആഞ്ഞടിക്കാന്‍ തുടങ്ങി. എല്ലാ മുസ്ലിം വിഭാഗങ്ങളും മൗലവിയെ ശത്രുപക്ഷത്ത് കണ്ടു. 1993 ജൂലൈ 29നാണ് ചേകന്നൂര്‍ മൗലവിയുടെ തിരോധാനം സംഭവിക്കുന്നത്. മൗലവിയുടേതുകൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തി. ഒടുവില്‍ സി.ബി.ഐ വരെ കേസ് അന്വേഷിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെയും കാരന്തൂര്‍ മര്‍ക്കസിനെയും ഏതാനും സുന്നി പ്രവര്‍ത്തകരെയുമാണ് പരാതിക്കാര്‍ തിരോധാനത്തിന്റെ ഉത്തരവാദികളായി ആരോപിച്ചിരുന്നത്. ഖുര്‍ആന്‍ ക്ലാസിനെന്നു പറഞ്ഞ് മൗലവിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി കൊല നടത്തിയെന്നാണ് ആരോപണം. എന്നാല്‍ സി.ബി.ഐക്കും കോടതിക്കും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചേകന്നൂര്‍ മൗലവിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ് ഇന്നും.

ചോദ്യങ്ങള്‍ നിരവധി

ചോദ്യങ്ങള്‍ നിരവധി

മറ്റെല്ലാ മുസ്ലിം വിഭാഗങ്ങളും വിശുദ്ധ ഖുര്‍ആന്‍ പ്രാമാണിക ഗ്രന്ഥമായി കാണുന്നതോടൊപ്പം പ്രവാചക വചനങ്ങളും സന്ദേശങ്ങളുമടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളെയും പ്രമാണമായി അവലംബിക്കുന്നു. ഹദീസുകളുടെ വിശ്വാസ്യത സംബന്ധിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും ചേകന്നൂര്‍ മൗലവിയും അനുയായികളും വിശ്വസിക്കുന്നത് ഹദീസുകള്‍ യഹൂദ സൃഷ്ടിയാണ് എന്നാണ്. ഖുര്‍ആന്‍ മാത്രമാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി അവലംബമാക്കുന്ന ഗ്രന്ഥം. ഖുര്‍ആന്‍ തന്നെയാണ് സുന്നത്ത് (നബിചര്യ) എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ആരാധനാ അനുഷ്ഠാനങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ പുലര്‍ത്തുന്നതില്‍ നിന്ന് വ്യത്യസ്തമാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ കാഴ്ചപ്പാട്. അഞ്ച് നേരത്തെ നിസ്‌കാരം ഖുര്‍ആന്‍ വിരുദ്ധമാണെന്നും മൂന്ന് നേരമാണ് നിസ്‌കാരമെന്നും ഇവര്‍ പറയുന്നു.

English summary
Threatening Jamitha teacher's life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X