'തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങും,കോൺഗ്രസ് ബന്ധം അവസാനിപ്പിക്കില്ല';കെവി തോമസ്
കൊച്ചി; കോൺഗ്രസിന് തലവേദനയേറ്റി എൽ ഡി എഫിന് വേണ്ടി പ്രചരണത്തിനങ്ങുമെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും പിന്നീട് ജോ ജോസഫിന് വേണ്ടി വോട്ട് തേടുമെന്നും കെവി തോമസ് വ്യക്തമാക്കി. മീഡിയ വൺ ചാനലിനോടായിരുന്നു തോമസിന്റെ പ്രതികരണം.
താൻ കണ്ട കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസ്. വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിമാറ്റുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും കെവി തോമസ് കുറ്റപ്പെടുത്തി. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണോയെന്ന കാര്യം പറയാനാകില്ല. അദ്ദേഹം ജയിക്കുമെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. അതേസമയം താൻ കോൺഗ്രസ് വിടുമെന്ന നിലപാട് കെ വി തോമസ് ആവർത്തിച്ചു.
ജിം ചിത്രങ്ങളിൽ സ്റ്റൈലിഷ് ആയി നടി മീരാ ജാസ്മിൻ..ഫോട്ടോകൾ വൈറൽ

മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശമില്ല. കോൺഗ്രസ് സംസ്കാരമാണ് തന്റേത്. ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാൻ കോൺഗ്രസ് നേതൃത്വം തന്നെ പ്രേരിപ്പിച്ചതാണ്. ഇപ്പോഴും താൻ എ ഐ സി സി അംഗമാണ്. പ്രാഥമിക അംഗത്വവും താൻ പുതിക്കിയിരുന്നു. എന്നാൽ പാർട്ടി പരിപാടികളിൽ ഒന്നിലും തന്നെ നേതൃത്വം പങ്കെടുപ്പിക്കുന്നില്ല. തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിനെ സന്ദർശിക്കാൻ താൻ തയ്യാറായിരുന്നിട്ടും കോൺഗ്രസ് നേതൃത്വം തന്നെ വിലക്കുകയായിരുന്നുവെന്നും കെ വി തോമസ് ആരോപിച്ചു.

തൃക്കാക്കരയിൽ പ്രചരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നുവെങ്കിലും ആർക്ക് വേണ്ടി പ്രചരണം നടത്തുമെന്ന കാര്യം സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞാൽ മാത്രമേ വ്യക്തമാക്കൂവെന്നായിരുന്നു കെ വി തോമസ് നേരത്തേ പ്രതികരിച്ചിരുന്നത്. ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ കെ വി തോമസ് എൽ ഡി എഫിന് വേണ്ടി സജീവമായേക്കുമെന്ന തലത്തിലുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം മനസ് തുറന്നിരുന്നില്ല. അതേസമയം സസ്പെൻസ് അവസാനിച്ചതോടെ ഇനി തൃക്കാക്കരയിൽ പോര് കനക്കും. കെ വി തോമസിന്റെ സാന്നിധ്യം എൽ ഡി എഫിന് ഗുണകരമാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇക്കുറി മണ്ഡലത്തിൽ വലിയ പ്രതീക്ഷയിലാണ് എൽ ഡി എഫ്. തൃക്കാക്കരയിലൂടെ സെഞ്ച്വറി അടിക്കാനാകുമെന്നാണ് നേതൃത്വം കരുതുന്നത്.

എന്നാൽ തൃക്കാക്കരയിൽ ഇത്തവണയും യാതൊരു അത്ഭുതവും നടക്കില്ലെന്നാണ് യു ഡി എഫ് ക്യാമ്പ് ആവർത്തിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മണ്ഡലത്തിൽ വലിയ മേൽക്കൈ നേടാൻ സാധിച്ചെന്നാണ് കഴിഞ്ഞ ദിവസം യു ഡി എഫ് സംസ്ഥാന ഏകോപന സമിതി യോഗം വിലയിരുത്തിയത്. വരും ദിവസങ്ങളിൽ ശക്തമായ പ്രചരണം തന്നെ കാഴ്ചവെയ്ക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി യു ഡി എഫിലെ പ്രധാന നേതാക്കൾ എല്ലാം തന്നെ മണ്ഡലത്തിൽ പ്രചരണത്തിനായി എത്തും. വോട്ടര്‍പട്ടികയിലെ കൃത്യത ഉറപ്പാക്കാന്‍ സ്‌ക്വാഡ് വര്‍ക്ക് പോലുള്ള പ്രചാരണ പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും യു ഡി എഫ് നേതൃത്വം തിരുമാനിച്ചിട്ടുണ്ട്.

അതേസമയം ബി ജെ പിയും വലിയ പ്രതീക്ഷയാണ് മണ്ഡലത്തിൽ പുലർത്തുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വൻ മുന്നേറ്റം നടത്താനായെന്നാണ് എൻ ഡി എ ജില്ലാ നേതൃ യോഗം വിലയിരുത്തിയത്. എ എൻ രാധാകൃഷ്ണനാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥി. ബി ജെ പിയെ സംബന്ധിച്ച് 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര. 2016 ല്‍ ബി ജെ പിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലത്തിൽ 2021 ൽ ലഭിച്ചത് 11.34 ശതമാനം വോട്ടായിരുന്നു.