കൂളിമാട് പാലം പ്രചരണം യുഡിഎഫിന് തിരിച്ചടിയാവും; ജനം പാലാരിവട്ടം ഓർക്കും; മുഹമ്മദ് റിയാസ്
തൃക്കാക്കര: എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന എല്‍ഡിഎഫിന്റ തിരഞ്ഞെടുപ്പ് സംവിധാനം എന്നത് പറഞ്ഞ് പഴകിയ പ്രയോഗമാണെങ്കിലും ഉപതിരഞ്ഞെടുപ്പാണെങ്കില്‍ അതിന്റെ ചടുലത ഒന്നുകൂടി വർധിക്കും. ആ ചടുലതയുടെ നേർസാക്ഷ്യമാണ് തൃക്കാക്കരയില്‍ കാണാന്‍ കഴിയുന്നത്. ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ പ്രവർത്തിക്കുന്ന ഒരോ തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസുകളിലും കയറി ചെന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന മുതിർന്ന നേതാക്കളെ കാണാന്‍ കഴിയും. എംഎല്‍എമാർ മുതല്‍ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍വരെ അക്കൂട്ടത്തിലുണ്ടാവും. പിണറായി വിജയന്‍ സർക്കാറിന് സെഞ്ചറിയടിക്കാനുള്ള പ്രയാണത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത പ്രചരണമാണ് എല്‍ ഡി എഫ് ഉറപ്പ് വരുത്തുന്നത്.

മന്ത്രിമാരും എംപിമാരും നേരിട്ട് പങ്കെടുക്കുന്ന കുടുംബയോഗങ്ങളും മണ്ഡലത്തിലുടനീളം സജീവമാണ്. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, വീണാ ജോർജ്, ആന്റണി രാജു, വിഎന്‍ വാസവന്‍, അഹമ്മദ് ദേവർ കോവില്‍, സജി ചെറിയാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യൂ ടി തോമസ് എന്നിവർക്ക് പുറമെ തോമസ് ഐസക്, എഎ റഹീം, കെടി ജലീല്‍, എഎം ആരിഫ്, ബിനോയ് വിശ്വം തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണത്തില്‍ സജീവമാണ്. അറുപതിലേറെ എംഎല്‍എമാരും മുന്‍മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് മണ്ഡലത്തിലുണ്ട്.
പലാരിവട്ടം ഇന്ദിര റോഡിലെ കുടുംബ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂളിമാട് പാലം അപകടം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിക്കുന്നത്. കൂളിമാട് പാലം നിർമ്മാണത്തിനിടെ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ടുള്ള പ്രചരണമാണ് യു ഡി എഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്നതെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
കൂളിമാടില്‍ എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ അറിയാവുന്ന കാര്യമാണ്. യുഡിഎഫിന്റെ ഇപ്പോഴത്തെ പ്രചരണം തിരഞ്ഞെടുപ്പില്‍ അവർക്ക് തന്നെയാണ് തിരിച്ചടിയാവാന്‍ പോവുന്നത്. കൂളിമാട് പാലം പ്രചരണം അവർ സജീവമാക്കുമ്പോള്‍ സമാനതകളില്ലാത്ത അഴിമതിയുടെ കഥയായ പാലാരിവട്ടം പാലം അഴിമതിക്കഥ ജനങ്ങള്‍ വീണ്ടും ഓർക്കും. അത് ഗുണകരമായി മാറുക എല്‍ ഡി എഫിനായിരിക്കുമെന്നും മന്ത്രി വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
തൃക്കാക്കരയില്‍ ഇത്തവണ ഇടതുപക്ഷത്തിന് തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളത്. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെ റെയില്‍, തൃക്കാകരയുടെ സമ്പൂർണ്ണ വികസനം തുടങ്ങിയ കാര്യങ്ങളില്‍ സർക്കാർ നയം വ്യക്തമാക്കിക്കൊണ്ടായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് കുടുംബയോഗങ്ങളില്‍ സംസാരിച്ചത്. വോട്ടർമാരില്‍ നിന്നും പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി എല്ലാ കാര്യങ്ങളും പരിഹരിക്കാമെന്ന ഉറപ്പും പരാതികള്‍ എഴുതി നല്‍കാനും നിർദേശിച്ചതിന് ശേഷമാണ് അടുത്ത യോഗസ്ഥലേക്ക് പുറപ്പെട്ടത്.












Click it and Unblock the Notifications