പിടിയേക്കാള്‍ വോട്ടുനേടി ഉമ,തോറ്റാലും വോട്ടുകൂട്ടി ഇടത്;തൃക്കാക്കരയിലെ വോട്ടുവിഹിത കണക്ക് ഇതുവരെ
കേരളം ഉറ്റുനോക്കിയ പോരാട്ടാമായിരുന്നു തൃക്കാക്കരയിലേത്. യുഡിഎഫിനും എല്‍ഡിഎഫിനും അഭിമാനപ്പോരാട്ടം തന്നെയായിരുന്നു.തങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ട മണ്ഡലം വിട്ടുകൊടുക്കാതിരിക്കാനുള്ള തീവ്ര ശ്രമം യുഡിഎഫും നിയമസഭയില്‍ 100 തികച്ച് ചരിത്രമാക്കാനുള്ള ശ്രമം എല്‍ഡിഎഫും നടത്തിയിരുന്നു. പിടി തോമസിന് പകരം അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെയായിരുന്നു യുഡിഎഫ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്.
പല എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും ഉമ തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി. യുഡിഎഫിന് അത്രമേല്‍ ഉറപ്പായിരുന്നു പിടിയുടെ ഓര്‍മകളുള്ള മണ്ഡലത്തില്‍ ഉമ വിജയിക്കുമെന്ന്. എന്നാല്‍ എല്‍ഡിഎഫ് ഒരു പരീക്ഷണമാണ് തൃക്കാക്കരയില്‍ നടത്തിയത്. ഡോ. ജോ ജോസഫിനെയാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. തൃക്കാക്കരയിലെ ഫലം പറഞ്ഞുവെയ്ക്കുന്നത് ഇടതുമുന്നണിയുടെ പരീക്ഷം പാളിപ്പോയി എന്നുതന്നെയാണ്.

ഒരിക്കലും യുഡിഎഫിനെ കൈവിടാത്ത മണ്ഡലമായിരുന്നു തൃക്കാക്കര. ഇത്തവണയും ഉമ തോമസിനെ വിജയിപ്പിച്ച് തൃക്കാക്കര ചേര്‍ന്നുനിന്നത്
യുഡിഎഫിനൊപ്പം തന്നെയാണ്. ഉമ തോമസിന് 72767 വോട്ടാണ് മണ്ഡലത്തില്‍ ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 47752 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് 12955 വോട്ടും ലഭിച്ചു. 25015 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചത്.ഉമ തോമസിന്റെ ഈ നേട്ടം ചെറുതല്ല. ചരിത്ര ഭൂരിപക്ഷമാണ് ഈ അഭിമാനപ്പോരാട്ടത്തില്‍ ഉമ തോമസ് നേടിയത്.2011 ല്‍ ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷം 22406 ആയിരുന്നു. എല്‍ഡിഎഫിനെ സംബന്ധിച്ചിട്ടത്തോളം കഴിഞ്ഞതവണത്തെക്കാള്‍ വോട്ടുകള്‍ കൂടിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. കഴിഞ്ഞതവണ എല്‍ഡിഎഫിന് ലഭിച്ചത് 45,510 വോട്ടുകളാണെങ്കില്‍ ഇത്തവണ ജോ ജോസഫിന് ലഭിച്ചത് 47752 വോട്ടുകളാണ്.

ഇനി തൃക്കാക്കരയുടെ രാഷ്ട്രീയ ചരിത്രം നോക്കുകയാണെങ്കില്‍മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം യുഡിഎഫിന് പൂര്‍ണ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു.മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരുതവണ പോലും യുഡിഎഫിനെ തൃക്കാക്കര കൈവിട്ടിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.മണ്ഡലത്തിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അത് വ്യക്തമാകും.2016ലും 2021ലും കേരളം സാക്ഷിയായത് എല്‍ഡിഎഫ് മുന്നേറ്റത്തിനായിരുന്നു. സംസ്ഥാനത്ത് ചെങ്കോടി ഉയര്‍ന്നപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പമായിരുന്നു. കൊച്ചി നഗരസഭയിലെ 22 ഡിവിഷനുകളും തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസ് പിന്നിലായിരുന്നു. പക്ഷേ തൃക്കാക്കര മണ്ഡല പരിധിയില്‍ വരുന്ന ഡിവിഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞിരുന്നു.

2011 ല്‍ ബെന്നി ബെഹ്നാനും 2016, 2021 എന്നീ വര്‍ഷങ്ങളില്‍ പിടി തോമസുമാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്. 2011 ല്‍ ബെന്നി ബെഹ്നാന്റെ എതിരാളിയായി എല്‍ഡിഎഫിന് വേണ്ടി മത്സരിച്ചത് എം.ഇ ഹെൈസനാറായിരുന്നു. തിരഞ്ഞെടുപ്പില്‍ ബെന്നി ബെഹ്നാന്‍ 22,406 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. അന്ന് തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 1,17,853 വോട്ടുകളാണ്. അതില്‍ 65,854 വോട്ടുകളാണ് ബെന്നി ബെഹനാന്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ഇ ഹസൈനാറ് നേടിയത് 43,448 വോട്ടുകള്‍ മാത്രമാണ്. മൂന്നാം സ്ഥാനത്ത് ബിജെപി ആയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും 5935 വോട്ടുകള്‍ മാത്രമായിരുന്നു.

പിന്നീടങ്ങോട്ട് തൃക്കാക്കര കണ്ടത് പിടി തോമസിന്റെ തേരോട്ടമായിരുന്നു.2016 ല്‍ പിടി തൃക്കാക്കരയിലേക്കെത്തി. അന്ന് മുതല്‍ പിടിയെ മണ്ഡലം ചേര്‍ത്തുവിട്ടു. പിന്നീട് മരിക്കും വരെ ആ പിടിവിട്ടില്ല. 2016 ല്‍ പിടിയുടെ എതിരാളി ഇടത് സഹയാത്രികനായ സെബാസ്റ്റ്യന്‍ പോളായിരുന്നു. ഇരുവരും തമ്മില്‍ നല്ല പോരാട്ടം തന്നെയാണ് നടന്നത്. പക്ഷേ ഒടുവില്‍ വിജയം പിടിക്കായിരുന്നു. 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പിടി തൃക്കാക്കരയില്‍ ജയിച്ചു, അല്ലെങ്കില്‍ തൃക്കാക്കര പിടി ചേര്‍ത്തുനിര്‍ത്തി. 1,35,304 വോട്ടുകളാണ് അന്ന് പോള്‍ ചെയ്യപ്പെട്ടത്. 61,268 വോട്ടുകളാണ് പിടി തോമസിന് ലഭിച്ചത്. സെബാസ്റ്റ്യന്‍ പോളിന് ലഭിച്ചത് 49,455 വോട്ടുകളാണ്. എന്നാല്‍ 2016 ല്‍ തൃക്കാക്കരയില്‍ ബിജെപി ചെറിയ രീതിയില്‍ മുന്നേറ്റം നടത്തി. മുന്‍ വര്‍ഷത്തേക്കാളും വോട്ട് വിഹിതം നേടാന്‍ 2016 ല്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. 5000ല്‍ നിന്ന് 21,247 വോട്ടായാണ് ബിജെപിയുടെ വോട്ട് ഉയര്‍ന്നത്. ചെറുതല്ലാത്ത ആശ്വാസമായിരുന്നു ബിജെപിക്ക് അന്ന് കിട്ടിയത്.

2016 കടന്ന് 2021 ല്‍ എത്തിയപ്പോഴും പിടിയുടെ മേലുള്ള വിശ്വാസം തൃക്കാക്കരയ്ക്ക് കുറഞ്ഞില്ല എന്നതിന്റെ ഉദാഹരണമായിരുന്നു 2021 ലെ പിടിയുടെ വിജയം. പിടിക്ക് പകരം മറ്റൊരു നേതാവിനെ പരീക്ഷിക്കാന്‍ തൃക്കാക്കര തയ്യാറായില്ല. ഇടത് സ്വതന്ത്രനായ ഡോക്ടര്‍ ജെ ജേക്കബായിരുന്നു അന്ന് പിടിക്കെതിരെ മത്സരിച്ചത്. അന്ന് ട്വന്റി ട്വന്റിയും മത്സര രംഗത്ത് ഉണ്ടായിരുന്നു. 59,839 വോട്ടുകളാണ് പിടി തോമസ് മണ്ഡലത്തില്‍ നേടിയത്. ജേക്കബിന് ലഭിച്ചത് 45,510 വോട്ടുകള്‍ ആയിരുന്നു. ട്വന്റി20ക്ക് 13,897 വോട്ടുകള്‍ ലഭിച്ചു. 15,483 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. 2021 ല്‍
14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൃക്കാക്കരയില്‍ പിടി വിജയിച്ചത്.

യുഡിഎഫിനെ സംബന്ധിച്ച് വോട്ട് നിലയില്‍ മുന്‍ വര്‍ഷങ്ങളെക്കാളും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എല്‍ഡിഎഫിനും അക്കാര്യത്തില്‍ ആശ്വസിക്കാം 2021 ലേതിനെക്കാളും വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫിനും കഴിഞ്ഞു. എന്നാല്‍ ബിജെപിയെ സംബന്ധിച്ചോളും വോട്ട് വിഹിതം കുറഞ്ഞുകുറഞ്ഞ് പോവുകയാണ്. 2016 ല്‍ മാത്രമാണ് ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് കിട്ടിയത്. 2021 കിട്ടിയതിനെക്കാള്‍ കുറവ് വോട്ടാണ് ഇത്തവണ കിട്ടിയത്.












Click it and Unblock the Notifications