'ക്യാപ്റ്റൻ (ഒറിജിനൽ)'; മുന്നിൽ നിന്ന് നയിച്ചു,വിജയിച്ചു..തൃക്കാക്കര വിജയത്തിൽ ഗ്രാഫ് ഉയർന്ന് വിഡി സതീശൻ
കൊച്ചി; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിന്റെ ഞെട്ടലിലാണ് യു ഡി എഫ് ക്യാമ്പ് എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാകില്ല. എൽ ഡി എഫിന്റെ കാടടച്ചുള്ള പ്രചരണത്തിൽ മണ്ഡലം കൈവിടില്ലെങ്കിലും ഭൂരിപക്ഷം കുറയുമെന്ന് നേതാക്കളിൽ പലരും ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നേടിയ വിജയം ഇപ്പോഴും വിശ്വസിക്കാൻ നേതാക്കളിൽ പലർക്കുമായിട്ടില്ല.
എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ ഉറച്ച ആത്മവിശ്വാസം പുലർത്തിയ നേതാവുണ്ട് യുഡിഎഫ് ക്യാമ്പിൽ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കുറി അധ്യക്ഷൻ കെ സുധാകരന്റെ അഭാവത്തിൽ തൃക്കാക്കരയിൽ യുഡിഎഫിന്റെ പ്രചാരണം നയിച്ചത് വിഡി സതീശനായിരുന്നു. പിടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമ ജയിക്കുമെന്ന് തുടക്കം മുതൽ ആവർത്തിക്കുന്നുണ്ട് വി ഡി സതീശൻ. മണ്ഡലത്തിൽ തന്റെ കണക്ക് കൂട്ടലുകൾ ഒന്നും പിഴച്ചില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം കൊണ്ട് മറുപടി നൽകുകയാണ് അദ്ദേഹം.

ആരോഗ്യ കാരണങ്ങളാൽ കെ സുധാകരൻ മണ്ഡലത്തിൽ സജീവമായിരുന്നില്ല. വിഡി സതീശനും ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസും ചേർന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തർക്കങ്ങളില്ലാതെ ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനായതാണ് വിഡി സതീശന്റെ കീഴിൽ കോൺഗ്രസ് നടത്തിയ ആദ്യ മികച്ച നീക്കം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കല്ലുകടിയായി കെ വി തോമസിന്റേയും ഡിസിസി ജനറൽ സെക്രട്ടറി എംബി മുരളീധരന്റെ കൊഴിഞ്ഞുപോക്കെല്ലാം ഉണ്ടായെങ്കിലും അതൊന്നും തങ്ങളെ ബാധിക്കാനേ പോകുന്നില്ലെന്ന് പ്രഖ്യാപിച്ച വിഡി കോൺഗ്രസിലെ മുതിർന്ന നേതാക്കളേയും യുവ നേതാക്കളേയും ഒറ്റക്കെട്ടായി മണ്ഡലത്തിൽ അണിനിരത്തിയാണ് ഇതിന് മറുപടി നൽകിയത്.

വി ഡി സതീശന് കീഴിൽ വി ടി ബൽറാം, അൻവർ സാദത്ത്, രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, ടി സിദ്ധിഖ്, റോജി എം ജോൺ, കെ എസ് ശബരീനാഥ് തുടങ്ങിയ യുവ നേതാക്കൾ കൊണ്ടു നടന്നു പ്രചരണം നടത്തി. എകെ ആൻ്റണി, ഉമ്മൻചാണ്ടി, ചെന്നിത്തല തുടങ്ങി മുതിർന്ന നേതാക്കളായ നേതാക്കളും മണ്ഡലത്തിൽ പ്രചരണം നയിച്ചു. ഘടകകക്ഷി നേതാക്കളും മണ്ഡലത്തിൽ പ്രചരണത്തിൽ സജീവമായി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏകോപനവും പതിവിന് വിപരീതമായുള്ള പ്രവര്‍ത്തനങ്ങളും അമ്പരിപ്പിക്കുന്നതായിരുന്നുവെന്ന് പറയാതെ വയ്യ.

അതേസമയം മുഴുവൻ സംഘടന സംവിധാനത്തേയും ഇറക്കിയുള്ള പ്രചരണമായിരുന്നു എൽ ഡി എഫ് മണ്ഡത്തിൽ കാഴ്ച വെച്ചത്. മുഖ്യമന്ത്രി നേരിട്ടിറങ്ങിയായിരുന്നു പ്രചരണം നയിച്ചത്. ഇടതുനേതാക്കൾ എല്ലാ തന്നെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു. പ്രാദേശിക കൺവെൻഷനുകളിൽ പോലും മുഖ്യമന്ത്രി പങ്കെടുത്തു. വികസന വിഷയങ്ങളും കെ റെയിലും ഉയർത്തി പ്രചരണം സജീവമാക്കി. എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മന്ത്രി പി രാജീവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജുമായിരുന്നു ഇടതുപ്രചരണത്തിന് ചുക്കാൻ പിടിച്ചത്.

ഇടതു നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയതോടെ യു ഡി എഫിലെ ഒരു വിഭാഗം നേതാക്കൾ കടുത്ത ആശങ്കയിലായിരന്നു. എന്നാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പി ടിയേക്കാൾ ഭൂരിപക്ഷത്തിൽ മിന്നും വിജയും നേടാൻ ഉമയ്ക്ക് സാധിക്കുമെന്നും വിഡി സതീശൻ ആവർത്തിച്ച് പറഞ്ഞു. ഒറ്റക്കെട്ടായി കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് പറയാമെങ്കിലും യുഡിഎഫിന്റെ തലപ്പത്ത് എത്തിയ ശേഷമുള്ള ഈ തിരഞ്ഞെടുപ്പ് വിജയം വിഡി സതീശന്റെ ഗ്രാഫ് ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇതിനോടകം തന്നെ കോൺഗ്രസ് വിജയത്തിൽ സതീശനെ പ്രശംസിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. 'പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്...ക്യാപ്റ്റൻ (ഒറിജിനൽ)' എന്ന കുറിപ്പുമായാണ് ഹൈബി ഈഡൻ എംപി വിഡി സതീശന് ആശംസ അറിയിച്ചത്. കേരള ടീമിന്റെ ക്യാപ്റ്റൻ മാറി ഇനി ഒറ്റ ക്യാപ്റ്റൻ വിഡി സതീശൻ, എന്നായിരുന്നു മുൻ എംഎൽഎ അനിൽ അക്കര കുറിച്ചത്. എന്തായാലും ഉമ തോമസിന്റെ വിജയം വിഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിനെ പാർട്ടിയിൽ കൂടുതൽ കരുത്തനാക്കും. ഒപ്പം ഗ്രൂപ്പ് സമവാക്യങ്ങളെ തകിടം മറിച്ചുകൊണ്ട് നേതൃത്വത്തിലെത്തിയ കെ സുധാകരന്‍-വി ഡി സതീശന്‍ കൂട്ടുകെട്ടിന്റെ വിജയം ആയി കൂടി തൃക്കാക്കര തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടും.












Click it and Unblock the Notifications