'മുഖ്യമന്ത്രിയുടെ പ്രചാരണം തൃക്കാക്കരയിലെ വോട്ട് മാറ്റില്ല, പ്രവര്‍ത്തകര്‍ ആവേശത്തിൽ' - ചെന്നിത്തല
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തുന്ന വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നടത്തുന്ന പ്രചരണത്തിലൂടെ തൃക്കാക്കരയിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇത്തരം പ്രചരണത്തിലൂടെ തൃക്കാക്കരയിലെ വോട്ട് മാറാൻ പോകുന്നില്ല, മുഖ്യമന്ത്രി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തു പ്രചരണം നടത്തുന്നത് സ്വാഭാവികമാണെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമ തോമസ് വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കും. കെ വി തോമസ് പോയതോടെ കോൺഗ്രസ് പ്രവർത്തകർ കുറച്ചുകൂടി ആവേശത്തിൽ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചനയാണ് രാജസ്ഥാൻ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരം എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വലിയ ആത്മവിശ്വാസമാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ചിന്തൻ ശിബിരം കൊണ്ടുവന്നത്. വളരെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ശിബിരം തുടക്കം കുറിച്ചതെന്നും ചെന്നിത്തല വെളിപ്പെടുത്തി.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാംപ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കുന്നതിൽ പ്രതികരണവുമായി തൃക്കാക്കര യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പി ടി തോമസിനെതിരെ നടത്തിയ 'സൗഭാഗ്യം പരാമർശത്തിന്' തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകും.
മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് എൽ ഡി എഫിന് വേണ്ടി പ്രചരണം ഏകോപിപ്പിക്കും. എന്നാൽ, ആ പ്രചരണത്തിനോട് തനിക്ക് ആശങ്കയില്ലെന്ന് ഉമ തോമസ് പ്രതികരിച്ചു.യു ഡി എഫ് ഒറ്റക്കെട്ടായി ചിട്ടയോടെയുളള പ്രവർത്തനമാണ് നടത്തുന്നത്. അതിനുമുന്നിൽ യാതൊരുവിധ ശക്തിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും തോമസ് പറഞ്ഞു. തൃക്കാക്കരയിൽ വിജയം കൈവരിക്കാൻ സാധിക്കുമെന്നും ഉമ തോമസ് ആവർത്തിച്ചു.
പി ടി തോമസ് പാതിവഴിയിൽ ഉപേക്ഷിച്ച് പോയ സ്വപ്നങ്ങളെല്ലാം പൂർത്തീകരിക്കണം. അതിന് വേണ്ടിയാണ് താൻ മത്സരിക്കുന്നത്. പി ടി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ആഗ്രഹങ്ങളും സഫലം ആകണം. അതിനുവേണ്ടിയാണ് യു ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി. കനത്ത മഴ തുടരുമ്പോൾ വെള്ളക്കെട്ട് വിഷയങ്ങൾ ജനം ചർച്ച ചെയ്യട്ടെയെന്നും ഉമ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
അതേസമയം, തൃക്കാക്കരയിൽ വിജയം ഉറപ്പിക്കാൻ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് ഏകോപനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാംപ് ചെയ്യുന്നത്. ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്തു കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ പ്രവർത്തനം നടക്കുക. ഏറെ വിവാദമായ കേരളത്തിന്റെ സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് തൃക്കാക്കരയിൽ വിജയം നേടിയെടുക്കാൻ എൽ ഡി എഫ് ശ്രമിക്കുന്നത്. വരുന്ന തൃക്കാക്കര തെരഞ്ഞെടുപ്പിൽ നൂറു സീറ്റ് തികയ്ക്കുകയാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്.
ഇതിനു വേണ്ടിയാണ് മുഖ്യമന്ത്രിയും കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ഭരണപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് പോകുക. തൃക്കാക്കരയും നേടി നൂറു സീറ്റ് തികയ്ക്കുകയാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്. എന്നാൽ, യു ഡി എഫിന് 100% വിജയം കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് ഉമാ തോമസ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ക്യാപ്റ്റൻ അല്ല ആരു വന്നാലും എൽ ഡി എഫിനെ 99 സീറ്റിൽ നിലനിർത്തുമെന്ന് വെല്ലുവിളിച്ചായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ. ജോസഫിന്റെ പ്രചരണത്തിന് വേണ്ടി മുഖ്യമന്ത്രി എത്തുന്ന വിഷയത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം ഉണ്ടായത്.












Click it and Unblock the Notifications