'എന്റെ പണം ചോദിച്ചപ്പോള്‍ പട്ടിയുടെ വില',കരുവന്നൂരില്‍ ഇട്ടത് 30 ലക്ഷം..ഭാര്യ മരിച്ചത് പണമില്ലാതെ
തൃശൂര്‍:'ഞാന്‍ ബാങ്കിലിട്ട എന്റെ പണം ചെന്ന് ചോദിക്കുമ്പോള്‍ പട്ടിയോട് പോലെയാണ് പെരുമാറുന്നത്. കുറേ നടന്നു..എന്റെ ഭാര്യ മരിച്ചുവെന്ന് ഞാന്‍ ബസില്‍ വെച്ചാണ് അറിയുന്നത്. ഇവര്‍ക്ക് മനഃസാക്ഷിയുണ്ടോ, എന്റെ ഭാര്യയെ അവര്‍ക്ക് തിരിച്ചുതരാന്‍ പറ്റുമോ' ചോദിക്കുന്നത് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപം നടത്തിയ കരുവന്നൂര്‍ സ്വദേശി ദേവസിയാണ്. ഇന്ന് രാവിലെയാണ് ചികിത്സയ്‌ക്ക് മതിയായ പണം ലഭിക്കാതെ ദേവസിയുടെ ഭാര്യ ഫിലോമനിന മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
'പണം ചെന്ന് ചോദിക്കുമ്പോള്‍ ഇവിടെ പണമില്ല, ഉണ്ടാകുമ്പോള്‍ തരുമെന്ന് പറഞ്ഞു. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നു നടന്ന് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി കിട്ടി. അതില്‍ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത്. 80-വയസ്സുള്ള മനുഷ്യനാണ് ഞാന്‍. മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. ആരോഗ്യം ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. പല ഓഫീസുകളിലും കയറി ഇറങ്ങി. ഞാന്‍ ആരോടാണ് പറയേണ്ടത്.എല്ലാവരും കൈമലര്‍ത്തുന്നു. കൈയില്‍ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ച് കിടക്കുന്നത്' ദേവസി പറയുന്നു.ആര് കട്ടാലും പിടിച്ചാലും തനിക്ക് കുഴപ്പമില്ല പക്ഷേ തന്റെ പണം കിട്ടിയിരുന്നെങ്കില്‍ ഭാര്യക്ക് മികച്ച ചികിത്സ നല്‍കാൻ കഴിയുമായിരുന്നുവെന്നും അദേഹം പറഞ്ഞു.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപത്തിലാണ് ബാങ്കില്‍ അഴിമതി നടന്നത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിട്ടില്ല. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു.
കേസില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങിയിരുന്നു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതില്‍ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല.












Click it and Unblock the Notifications