തൃശൂര്‍ നഗരമധ്യത്തില്‍ അനാശാസ്യ കേന്ദ്രത്തില്‍ യുവാവിനെ അടിച്ചുകൊന്നു; യുവതികള്‍ ഉള്‍പ്പെടെ അറസ്റ്റില്‍
തൃശൂര്‍ നഗര ഹൃദയത്തില്‍ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം. യുവാവിനെ അടിച്ചു കൊന്ന സംഭവത്തില്‍ നാല് യുവതികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ഒരാള്‍ ഒളിവിലാണ്. എല്ലാവരും ഇതര സംസ്ഥാനക്കാരാണ്. ഇവിടെ ദിവസവും എത്തിയിരുന്നവരില്‍ മലയാളികള്‍ ഉണ്ടായിരുന്നില്ല. നടത്തിപ്പുകാര്‍ മലയാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
സ്വരാജ് റൗണ്ടില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ് ഇരുനില കെട്ടിടത്തില്‍ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കോരപ്പത്ത് ലൈനില്‍ ഇങ്ങനെ ഒരു കേന്ദ്രമുണ്ടെന്ന് ആരും വിശ്വസിക്കില്ല. നിരവധി പേര്‍ വന്നുപോകുന്നത് കാണാം. എന്നാല്‍ ഇതര സംസ്ഥാനക്കാരായതു കൊണ്ട് അയല്‍വാസികള്‍ കാര്യമാക്കിയില്ല. ഇടയ്ക്ക് തര്‍ക്കവും ബഹളവും കേള്‍ക്കാമെന്ന് പരിസരവാസികള്‍ പറയുന്നു.

ജനങ്ങള്‍ തിങ്ങി താമസിക്കുന്ന സ്ഥലത്താണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് യുവാക്കളാണ് നടത്തിപ്പുകാര്‍. നാല് സ്ത്രീകളും ഇവര്‍ക്കൊപ്പമണ്ട്. ഇവിടെ കഴിഞ്ഞ ദിവസം മൂന്ന് യുവാക്കള്‍ എത്തിയിരുന്നു. പണത്തെ ചൊല്ലി തര്‍ക്കമുണ്ടാകുകയും നടത്തിപ്പുകാര്‍ യുവാക്കളെ മര്‍ദ്ദിക്കുകയും ചെയ്തു. സ്ത്രീകളും ഒപ്പം ചേര്‍ന്നു.
തലയ്ക്ക് അടിയേറ്റ ഒരാള്‍ നിലത്തുവീണു. കൂടെ വന്നവര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെ ഇയാള്‍ മരിച്ചു. ഒഡീഷ സ്വദേശി ധന്‍പതി നായിക് ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഇടയ്ക്ക് ബഹളവും തര്‍ക്കവും കേള്‍ക്കാമെങ്കിലും ഇതുവരെ പോലീസില്‍ പരാതി ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസിന്റെ ശ്രദ്ധ എത്തിയതുമില്ല.
മലയാളികള്‍ക്ക് ഇങ്ങോട്ട് പ്രവേശനമില്ലായിരുന്നു. അനാശാസ്യ പ്രവര്‍ത്തനം രഹസ്യമാക്കാന്‍ വേണ്ടിയാണിത് എന്നാണ് പോലീസ് സംശയിക്കുന്നത്. അസം, ഒഡീഷ സ്വദേശികളാണ് നടത്തിപ്പുകാര്‍. കൂടെ ഉണ്ടായിരുന്ന നാല് സ്ത്രീകളും ഇതേ സംസ്ഥാനക്കാര്‍ തന്നെ. ഏഴ് മാസമായി പ്രതികള്‍ ഈ വീട് വായകയ്ക്ക് എടുത്തിട്ട്. അറസ്റ്റിലായവര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കൊലക്കുറ്റം ചുമത്തി ജയിലില്‍ അടച്ചു.
കഴിഞ്ഞ 18ന് രാത്രിയാണ് യുവാക്കള്‍ ഇവിടെ എത്തിയത്. വീടിന്റെ പിന്‍ഭാഗത്തുകൂടെയാണ് യുവാക്കള്‍ അകത്തു കയറിയതത്രെ. സ്ത്രീകള്‍ക്കൊപ്പം കഴിഞ്ഞ ശേഷം മടങ്ങവെയാണ് പണത്തെ ചൊല്ലി തര്‍ക്കമുണ്ടായത്. തലയ്‌ക്കേറ്റ അടിയാണ് മരണത്തിലേക്ക് നയിച്ചത്. തലയില്‍ ആന്തരിക രക്തസ്രാവമുണ്ടായി എന്ന് പരിശോധനയില്‍ തെളിഞ്ഞു. പോലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ട ധന്‍പതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയേക്കും.














Click it and Unblock the Notifications