'രാഹുലിന്റെ വീട്ടിൽ വലിയ പോലീസ് പട,ഇങ്ങനെയൊക്കെ പേടിച്ചാലോ, മോദി ജീ'; വിമർശിച്ച് പ്രതാപൻ

ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് ടിഎൻ പ്രതാപൻ എംപി. രാജ്യത്തിൻറെ സ്വത്തും സ്രോതസുകളും ഒക്കച്ചങ്ങാതിമാർക്ക് തീറെഴുതിക്കൊടുത്ത്, അതൊക്കെ മറച്ചുപിടിക്കാൻ ജനങ്ങളെ വർഗ്ഗീയമായി വിഭജിച്ചു ഭരിക്കുന്ന മോദി സർക്കാരിന്റെ നയങ്ങളെ തുറന്നുകാണിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ ഭരണപക്ഷം വിറളിപൂണ്ടിരിക്കുന്നതെന്ന് എംപി വിമർശിച്ചു. പിആർ വർക്ക് വഴി മോദിയെ ലോകനേതാവായി ഊതിവീർപ്പിക്കുന്ന പാഴ്ശ്രമങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ ബൗദ്ധിക മേന്മയുള്ള രാഷ്ട്രീയ വിമർശനം തുറന്നു കാണിച്ചതും അവരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.ചോദ്യം ചോദിക്കുമ്പോൾ, പിആർ വാർക്കുകളുടെ ചീട്ടുകൊട്ടാരം പൊളിക്കുമ്പോൾ, മുഖത്തു നോക്കി സത്യം പറയുമ്പോൾ, ഭാരതത്തെ ഐക്യപ്പെടുത്തണമെന്ന് പറയുമ്പോൾ ഇങ്ങനെയൊക്കെ പേടിച്ചാലോ മോദിയന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഭരണപക്ഷം വിറളിപൂണ്ടിരിക്കുന്നത്
രാജ്യത്തിൻറെ സ്വത്തും സ്രോതസുകളും ഒക്കച്ചങ്ങാതിമാർക്ക് തീറെഴുതിക്കൊടുത്ത്, അതൊക്കെ മറച്ചുപിടിക്കാൻ ജനങ്ങളെ വർഗ്ഗീയമായി വിഭജിച്ചു ഭരിക്കുന്ന മോദി സർക്കാരിന്റെ നയങ്ങളെ തുറന്നുകാണിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ ഭരണപക്ഷം വിറളിപൂണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധി സഭയിൽ നടത്തിയ പ്രസംഗം ചില ബിജെപി നേതാക്കളുടെ സമ്മർദ്ദം മൂലം പിന്നീട് നീക്കം ചെയ്യുന്ന സാഹചര്യമുണ്ടായി. പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങളോടും അപ്രിയ സത്യങ്ങളോടും അസഹിഷ്ണുതാപരമായി സമീപിക്കുന്ന ട്രെഷറി ബെഞ്ചുകൾ ആക്രോശത്തോടെയാണ് സഭയിൽ പെരുമാറാറുള്ളത്. പ്രതിപക്ഷ അംഗങ്ങളുടെ മൈക് ഓഫാക്കിയും അവരുടെ പ്രതിഷേധങ്ങളെ സൻസദ് ടിവിയിൽ കാണിക്കാതെയും നിശബ്ദമാക്കാനും അദൃശ്യമാക്കാനുമുള്ള ജനാധിപത്യ വിരുദ്ധവും ഫാഷിസ്റ്റ് മനോഭാവപൂർണ്ണവുമായ നടപടികളെ കേംബ്രിഡ്ജിൽ നടന്ന പരിപാടിക്കിടെ രാഹുൽ ഗാന്ധി വിമർശിച്ചതോടെ കേന്ദ്ര സർക്കാർ നിയന്ത്രണം വിട്ടു നടക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ ബൗദ്ധിക മേന്മയുള്ള രാഷ്ട്രീയ വിമർശനം
കഴിഞ്ഞ എഴുപത് വർഷത്തെ ഭരണത്തെ കുറിച്ചും അന്നത്തെ സർക്കാരുകളെ കുറിച്ചുമൊക്കെ പ്രധാനമന്ത്രി ആയിരിക്കെയും അതിനു മുൻപും വിദേശങ്ങളിൽ പോയി ആക്ഷേപ ഭാഷണം നടത്തിയ മോദിയുടെ ശിങ്കിടികൾ രാഹുൽ ഗാന്ധിക്ക് നേരെ ഉറഞ്ഞുതുള്ളുന്നത് രാഹുൽ ഗാന്ധിയെ കുറിച്ച് സംഘപരിവാർ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും ഗോഡി മീഡിയകളും വാർത്തെടുത്ത വ്യാജ ചിത്രം ഭാരത് ജോഡോ യാത്രയോടെ തകർന്നുപോയതിന്റെ നിരാശയിലാണ്. പോരാത്തതിന് കനപ്പെട്ട പിആർ വർക്ക് വഴി മോദിയെ ലോകനേതാവായി ഊതിവീർപ്പിക്കുന്ന പാഴ്ശ്രമങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ ബൗദ്ധിക മേന്മയുള്ള രാഷ്ട്രീയ വിമർശനം തുറന്നു കാണിച്ചതും അവരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

അദാനി അഴിമതിയെ കുറിച്ച്
അദാനി അഴിമതിയെ കുറിച്ച് ജെപിസി വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ എങ്ങനെയെങ്കിലും പ്രതിരോധിക്കാൻ കഷ്ടപ്പെടുന്ന മോദി മന്ത്രിമാരിൽ മൂന്നുനാല് പേർ രാഹുൽ ഗാന്ധിക്കെതിരെ സഭയിൽ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി പറയാൻ രാഹുൽ ഗാന്ധി ഇന്നലെയും ഇന്നും സഭയിലെത്തി. രാഹുൽ ഗാന്ധിയുടെ നിഴൽവെട്ടം കാണുമ്പോഴേക്കും പേടിച്ചോടുന്ന മോദി സർക്കാർ നമ്മുടെ ജനാധിപത്യത്തെ കൊടും പരീക്ഷണത്തിന് ഇറക്കി വെച്ചാണ് സഭ കാലിയാക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം ലോകാടിസ്ഥാനത്തിൽ വലിയ സ്വാധീന ശേഷിയുള്ളതാണ്. എന്നാൽ അതിപ്പോൾ വലിയ പ്രതിസന്ധിയിലാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വീണ്ടും വീണ്ടും ശരിവെക്കുകയാണ് കേന്ദ്ര സർക്കാർ.

ഇങ്ങനെയൊക്കെ പേടിച്ചാലോ
ഇക്കഴിഞ്ഞ ജനുവരി 30ന് രാഹുൽ ഗാന്ധി കാശ്മീരിൽ വെച്ച് നടത്തിയ ഒരു പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ചോദ്യം ചെയ്യാനെന്നോണം ഇന്ന് ഡൽഹി പോലീസിന്റെ വലിയൊരു പട രാഹുൽ ഗാന്ധിയുടെ വീട് വളഞ്ഞിരുന്നു. ചോദ്യം ചോദിക്കുമ്പോൾ, പിആർ വാർക്കുകളുടെ ചീട്ടുകൊട്ടാരം പൊളിക്കുമ്പോൾ, മുഖത്തു നോക്കി സത്യം പറയുമ്പോൾ, ഭാരതത്തെ ഐക്യപ്പെടുത്തണമെന്ന് പറയുമ്പോൾ ഇങ്ങനെയൊക്കെ പേടിച്ചാലോ, മോദി ജീ.
#Modani #RahulGandhi #ModiInsultsIndia #ModaniLootsIndia #bjptrolls #BJPBhakts #AndhBhakts












Click it and Unblock the Notifications