ഇനി മുതല്‍ തക്കാളി 70 രൂപയ്ക്ക്: വീണ്ടും വിപണിയില്‍ ഇടപെടലുമായി കേന്ദ്ര സർക്കാർ
ഡല്‍ഹി: തക്കാളി വിലവർധനവില്‍ ഇടപെടലുമായി കേന്ദ്ര സർക്കാർ. വില കുറയുന്ന പ്രവണത കണക്കിലെടുത്ത് 2023 ജൂലൈ 20 മുതൽ കിലോയ്ക്ക് 70 രൂപ നിരക്കിൽ തക്കാളി ചില്ലറ വിൽപ്പന നടത്താൻ ഉപഭോക്തൃകാര്യ വകുപ്പ് എൻ സി സിഎഫിനും നാഫെഡിനും നിർദ്ദേശം നൽകി. എൻസിസിഎഫും നാഫെഡും സംഭരിച്ച തക്കാളി തുടക്കത്തിൽ കിലോയ്ക്ക് 90 രൂപയ്ക്ക് ചില്ലറ വിൽപ്പന നടത്തുകയും പിന്നീട് 2023 ജൂലൈ 16 മുതൽ കിലോയ്ക്ക് 80 രൂപയായികുറയ്ക്കുകയും ചെയ്തു. കിലോഗ്രാമിന് 70 രൂപയായി കുറച്ചത് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യും.
കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിൽപ്പന വില പരമാവധി വർദ്ധിച്ച പ്രധാന ഉപഭോഗ കേന്ദ്രങ്ങളിൽ ഒരേസമയം നൽകുന്നതിനായി ഉപഭോക്തൃ കാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം എൻ സി സിഎഫും നാഫെഡും ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചന്തകളിൽ നിന്ന് തക്കാളി സംഭരിക്കാൻ ആരംഭിച്ചിരുന്നു.

2023 ജൂലൈ 14 മുതലാണ് ഡെൽഹി-എൻസിആറിൽ തക്കാളിയുടെ ചില്ലറ വിൽപ്പന ആരംഭിച്ചത്. 2023 ജൂലൈ18 വരെ മൊത്തം 391 മെട്രിക് ടൺ തക്കാളി രണ്ട് ഏജൻസികളും സംഭരിച്ചിട്ടുണ്ട്, ഇത് ഡെൽഹി-എൻസിആർ, രാജസ്ഥാൻ, യുപി, ബീഹാർ എന്നിവിടങ്ങളിലെ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലെ ചില്ലറ ഉപഭോക്താക്കൾക്ക് തുടർച്ചയായി വിതരണം ചെയ്യുന്നു.
അതേസമയം, സമീപ ദിവസങ്ങളില്‍ തക്കാളി വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഏറെ നാള്‍ 200 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളി ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളില്‍ 80 രൂപയ്ക്കു ലഭിച്ചു തുടങ്ങിയിട്ടുണ്ട്. നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷനും (എൻസിസിഎഫ്) നാഷനൽ അഗ്രികൾചർ കോഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (നാഫെഡ്) ചേർന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി സംഭരിച്ച് ഡല്‍ഹിയില്‍ എത്തിച്ചതോടെയാണ് വില കുറഞ്ഞത്.
അതിനിടെ, ആന്ധ്രപ്രദേശിൽ കവർച്ചാ സംഘം മറ്റൊരു തക്കാളി കർഷകനെ കൂടി കൊല്പപെടുത്തി. അന്നമായ ജില്ലയിലെ മധുകർ റെഡ്ഡിയെന്ന കർഷകനെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. പെഡ്ഡ തിപ്പ സമുദ്രയെന്ന പ്രദേശത്തെ തോട്ടത്തിന് കാവലിന് പോയ മധുകർ റെഡ്ഡിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമാനമായ രീതിയില്‍ ഒരാഴ്‌ചയ്ക്കിടയിൽ ഇതേ ജില്ലയിൽ മറ്റൊരു കർഷകനും കൊല്ലപ്പെട്ടിരുന്നു. തക്കാളി വിൽപ്പന നടത്തി വന്ന നരീം രാജശേഖർ റെഡ്ഡിയെന്ന കർഷകനെയാണ് കഴിഞ്ഞ ആഴ്ച കവർച്ചാ സംഘം കൊലപ്പെടുത്തിയത്. അക്രമി സംഘത്തെ പിന്നീട് പൊലീസ് പിടികൂടി.












Click it and Unblock the Notifications