ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ; ജയിലിൽ നിന്നും പുറത്തിറങ്ങി, വിമർശിച്ച് കെകെ രമ
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ. മുപ്പത് ദിവസത്തെ പരോൾ അപേക്ഷ ശരിവച്ചതോടെ സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ മാതാവ് നൽകിയ അപേക്ഷയെ തുടർന്നാണ് ഒരു മാസത്തേക്ക് പരോൾ അനുവദിച്ചത്. മകന് പരോൾ നൽകണമെന്ന് ആവശ്യപ്പെട്ട് സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്.
ഇതിന് പിന്നാലെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പോലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് പ്രതികൂലമായിരുന്നിട്ടും ജയിൽ ഡിജിപി ഇത് പരിഗണിക്കാതെ കൊടി സുനിക്ക് പരോൾ അനുവദിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. പരോൾ ലഭിച്ചതിനെ തുടർന്ന് കൊടി സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്‌ചയായിരുന്നു പുറത്തിറങ്ങിയത്.

അഞ്ച് വർഷത്തിന് ശേഷമാണ് സുനി ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. പോലീസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിച്ചു എന്ന ആരോപണം ശക്തമാണ്. നേരത്തെ ജയിലിൽനിന്ന് പരോൾ ലഭിച്ച ഘട്ടങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സുനിക്ക് പരോൾ നൽകരുതെന്ന് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിനെ അവഗണിച്ചു കൊണ്ടാണ് കൊടി സുനിക്ക് ഇപ്പോൾ പരോൾ നൽകിയത്.
അതേസമയം, വിഷയത്തിൽ രൂക്ഷമായ ഭാഷയിലാണ് വടകര എംഎൽഎ കൂടിയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ പ്രതികരിച്ചത്. കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോൾ അനുവദിച്ചു എന്നായിരുന്നു അവർ ചോദിച്ചത്. പോലീസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ?. അമ്മയ്ക്ക് കാണാനാണെങ്കിൽ 10 ദിവസം പോരേ?. ഇത്തരമൊരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്ത് സംഭവിക്കും? കെകെ രമ ചോദിക്കുന്നു.
ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി ഇങ്ങനെ പരോൾ അനുവദിക്കാനാവില്ലെന്ന് കെകെ രമ ചൂണ്ടിക്കാട്ടി. നിയമ വിദഗ്‌ധരുമായി ആലോചിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ എംഎൽഎ പറഞ്ഞു. കൊടി സുനി അടക്കമുള്ള ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു.
മാത്രമല്ല അടുത്തിടെ കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കവും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കേസിലെ പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ വിട്ടയക്കാനായിരുന്നു നീക്കം. എന്നാൽ സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുത്ത് സർക്കാർ തടിയൂരിയിരുന്നു.
വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെഎസ് ശ്രീജിത്ത്, അസിസ്‌റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബിജി അരുണ്‍, അസിസ്‌റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒവി രഘുനാഥ് എന്നിവർക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്.












Click it and Unblock the Notifications