ടിപി വധം: പ്രതികളെ ജയില്‍ മാറ്റും
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധ കേസിവലെ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചിരുന്ന കാര്യം മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്ന സാഹചര്യത്തിലാണ് ഇത്.
കോടതിയുടെ അനുമതിയില്ലാതെ പ്രതികളെ മറ്റൊരു ജയിലിലേക്ക് മാറ്റാനാകില്ല. അതുകൊണ്ട് തന്നെ കോടതിയുടെ അനമുതി തേടുകയാണ് ആദ്യം ചെയ്യുക. കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി.

കൊലക്കേസ് പ്രതികള്‍ ജയിലില്‍ കാണിച്ചത് അഴിഞ്ഞാട്ടമാണെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. ഇവര്‍ പുറത്തിറങ്ങിയാല്‍ സമൂഹത്തിന് എത്ര ദോഷം ചെയ്യുനമെന്ന കാര്യം കോടതി തീരുമാനിക്കണം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടാകാന്‍ ഇടയാക്കിയ ആഭ്യന്തര വകുപ്പിന്റെ കൃത്യ നിര്‍വ്വഹണത്തിലെ പാളിച്ചയെപ്പറ്റി അദ്ദേഹം പ്രതികരിച്ചില്ല.
ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യം ഇന്റലിജന്‍സ് വിഭാഗം ആഭ്.ന്തര വകുപ്പിന് നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍ ആഭ്യന്തര വകുപ്പ് കൃത്യസമയത്ത് നടപടിയെടുക്കാതിരുന്നതാണ് കാര്യങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണമെന്ന് ആരോപണമുണ്ട്.
ജയിലിനുള്ളില്‍ നടന്ന ചട്ട ലംഘനത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഉന്നത തല സംഘത്തെ നിയമിച്ചിട്ടുണ്ട്. ജയില്‍ ഡിജിപി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടില്‍ ജയില്‍ ജീവനക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുള്ളതായാണ് പറയുന്നെതന്നാണ് സൂചന.












Click it and Unblock the Notifications