എസ്എഫ്‌ഐയെ തെറിവിളിച്ചിട്ടില്ലെന്ന് ടി പി ശ്രീനിവാസന്‍
തിരുവനന്തപുരം: കോവളത്തു നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തവെ എസ്എഫ്‌ഐ വിദ്യാര്‍ഥികളെ തെറിവിളിച്ചെന്ന ആരോപണം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടിപി ശ്രീനിവാസന്‍ തള്ളിക്കളഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെയുളള പ്രചരണത്തിനെതിരെ ഫേസ്ബുക്ക് പേജിലാണ് ശ്രീനിവാസന്‍ വിശദീകരണം നല്‍കിയത്.
ശ്രീനിവാസന്‍ എസ്എഫ്‌ഐ വിദ്യാര്‍ഥികളെ തെറിവിളിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് മര്‍ദ്ദനമേറ്റതെന്നായിരുന്നു പ്രചരണം. എന്നാല്‍, താന്‍ വളരെ സൗമ്യമായാണ് പെരുമാറിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടത്തുന്ന പ്രചരണം ദു:ഖമുളവാക്കുന്നതാണ്. തനിക്കെതിരെ പ്രചരിക്കുന്ന വാക്കുകള്‍ തന്റെ നിഘണ്ടവില്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന്റെ വീഡിയോയില്‍ കാര്യങ്ങള്‍ വ്യക്തമാണ്. ആക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവും താന്‍ വളരെ സൗമ്യമായാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പെരുമാറിയത്. സംഭവത്തെ വ്യാപകമായി അപലപിക്കപ്പെട്ടതിലുള്ള മോഹഭംഗമാണ് തനിക്കെതിരെയുള്ള പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം എസ്എഫ്‌ഐ പ്രതിഷേധത്തിനിടയിലൂടെ നടന്നുപോയ ശ്രീനിവാസനെ ഒരു വിദ്യാര്‍ഥി മുഖത്തടിച്ച് വീഴ്ത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിയെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ശ്രീനിവാസന്‍ തെറിവിളച്ചതായുള്ള പ്രചരണം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നുവന്നത്.












Click it and Unblock the Notifications