വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചിരുന്നു, അനന്യയ്ക്ക് ഒപ്പം ജിജുവും പോയി
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ അനന്യയുടെ മരണത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പ് തന്നെ പങ്കാളിയായ ജിജുവും ജീവനൊടുക്കിയത് കേരളത്തിന് ഞെട്ടലായിരിക്കുകയാണ്. അനന്യയുടെ മൃതദേഹം ഇന്നലെ ആണ് സംസ്‌ക്കരിച്ചത്. ഇന്ന് ഉച്ചയോടെ ജിജുവും ജീവനൊടുക്കുകയായിരുന്നു. അനന്യയുടെ മരണം ജിജുവിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
അനന്യയുടേയും ജിജുവിന്റെയും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അനന്യ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ആയിരുന്നു അനന്യ. ഈ തിരഞ്ഞെടുപ്പ് കാലത്താണ് ജിജുവുമായി അനന്യ അടുപ്പത്തിലായതും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതും.

അനന്യയും ജിജുവും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ അനന്യ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കും സര്‍ജറി നടത്തിയ ഡോക്ടര്‍ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സര്‍ജറിയിലെ പിഴവ് കാരണം കടുത്ത ശാരീരിക ബുദ്ധിമുട്ട് അനന്യ അനുഭവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അനന്യ ജീവനൊടുക്കിയത് എന്നാണ് കരുതുന്നത്.
ജിജു ഭക്ഷണം വാങ്ങാന്‍ പുറത്തേക്ക് പോയ സമയത്ത് ആയിരുന്നു അനന്യയുടെ മരണം. അനന്യയുടെ മരണത്തിന് ശേഷം ഈ ഫ്‌ളാറ്റില്‍ ജിജു താമസിച്ചിരുന്നില്ല. വൈറ്റിലയിലുളള സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ജിജു താമസിച്ചിരുന്നത്. ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയി തിരിച്ച് എത്തിയപ്പോഴാണ് ജിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ ജിജു ഹെയര്‍ സ്റ്റൈലിസ്റ്റാണ്.












Click it and Unblock the Notifications