സാമ്പത്തിക പ്രതിസന്ധി; നിത്യോപയോഗ സാധനങ്ങള്‍ അല്ലാത്തവ ലേലം ചെയ്യാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ബോർഡിലെ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. ലോക്ക്ഡൗൺ ഇളവുകളുള്ള പ്രദേശങ്ങളിൽ തുറന്നിട്ടുണ്ടെങ്കിലും ഭക്തരുടെ എണ്ണം കുറവാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തിരുവതാംകൂർ ദേവസ്വംബോർഡിലെയും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

ഇതോടെ ബോർഡിലെ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രതിസന്ധി തരണം ചെയ്യാൻ ക്ഷേത്രങ്ങളിലെ നിത്യോപയോഗ സാധനങ്ങളല്ലാത്തവ ലേലം ചെയ്യുന്നതടക്കം ബോർഡിന്റെ പരിഗണനയിലുണ്ട്. ശമ്പളം നൽകുന്നതിനടക്കം സർക്കാരിന്റെ സഹായം തേടേണ്ട സാഹചര്യം വരെയുണ്ടായി. ശബരിമലയിലെ വരുമാനത്തിലടക്കം ഉണ്ടായ വലിയ ഇടിവാണ് പ്രതിസന്ധിക്ക് കാരണം.
ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതായാണ് ദേവസ്വം ബോർഡ് പറയുന്നത്. തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1250 ക്ഷേത്രങ്ങളാണുള്ളത്. ഇതിൽ വരുമാനത്തിന്റെ വലിയൊരു പങ്ക് വരുന്നത് ശബരിമല ക്ഷേത്രത്തിൽ നിന്നുമാണ്. കോവിഡിന് മുൻപ് 2019ൽ ശബരിമല ക്ഷേത്രത്തിൽ നിന്ന് ലഭിച്ച വരുമാനം 270 കോടിയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ഇത് 21 കോടിയായി കുറഞ്ഞു.
അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാലും ജീവനക്കാരിൽ ഒരാളെ പോലും പിരിച്ചു വിടില്ല എന്നാണ് ദേവസ്വം ബോർഡ് നിലപാട്. പകരം എസ്റ്റാബ്ലിഷ്മെന്‍റ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രതിസന്ധി അടിയന്തിരമായി മറികടക്കുകയാണ് ദേവസ്വം ലക്ഷ്യം. ഇതിനായി ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ നിത്യോപയോഗ സാധനങ്ങളല്ലാത്തവ ലേലം ചെയ്തേക്കും. കാണിക്കയായി ലഭിച്ച സ്വർണം റിസർവ് ബാങ്കിൽ പണയം വയ്ക്കുന്ന കാര്യവും ആലോചനയിൽ ഉണ്ട്.












Click it and Unblock the Notifications