ഈ സൈറൻ ശബ്ദം കേട്ട് ആരും ഭയക്കേണ്ട; 'കവച'ത്തിന്റെ പരീക്ഷണമാണ്
തിരുവന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണം ഇന്ന് നടക്കുകയാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ സ്ഥാപിച്ച 85 സൈറകളുടെ പരീക്ഷമാണ് ഇന്ന് നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകൾ രാവിലെ മുതൽ പല സമയങ്ങളിലായി മുഴങ്ങും.
ഗവൺമെന്റ് എച്ച് എസ് കരിക്കകം, ഗവൺമെന്റ് വി എച്ച് എസ് എസ് കല്ലറ, ഗവൺമെന്റ് യു പി എസ്, കിഴുവില്ലം, ഗവൺമെന്റ് യു പി എസ് വെള്ളറട,, ഗവൺമെന്റ് എച്ച് എസ് കാട്ടക്കട,, ഗവൺമെന്റ് വി എച്ച് എസ് എസ് പൂവാർ, മിനി ഓഡിറ്റോറിയം, പൊഴിയൂർ ഗവൺമെന്റ് എച്ച് എസ് എസ് വിതുര എന്നിവിടങ്ങളിലാണ് ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണം അതോറിറ്റി അറിയിച്ചു.

പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ചത്. മൊബൈൽ ടവറുകളിലടക്കം 126 സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിക്കുന്നത്. സൈറണിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ ചുഴലിക്കാറ്റ് ഭീഷണി ലഘൂകരണ പദ്ധതി പ്രകാരം കവച എന്ന പേരിലാണ് സമഗ്ര മുന്നറിയിപ്പ് സംവിധാനം. ആദ്യ ഘട്ടം 36 മൊബൈൽ ടവറുകളിലും ബാക്കിയിടങ്ങളിൽ സർക്കാർ കെട്ടിടങ്ങളിലുമാണ് സൈറണുകളും ലൈറ്റും സ്ഥാപിക്കുന്നത്. 28 ബി എസ് എൻ എൽ ടവറുകളിൽ രണ്ട് വർഷം മുൻപ് തന്നെ സൈറണുകൾ സ്ഥാപിച്ചിരുന്നു.












Click it and Unblock the Notifications